ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ആയേക്കും? പ്രതികരണം ഇങ്ങനെ
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ആയേക്കുമെന്നുളള വാര്‍ത്തകള്‍ തളളി മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ തനിക്ക് താല്‍പര്യം ഇല്ലെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു. താന്‍ തൊഴില്‍ അന്വേഷിക്കുകയല്ലെന്നും ജമ്മു കശ്മീരിലെ ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും ആസാദ് പറഞ്ഞു.
''വളരെ കാര്യമായി പണിയെടുക്കുന്ന അഭ്യൂഹ കേന്ദ്രങ്ങളെ വിശ്വസിക്കരുത് എന്നാണ് തനിക്ക് ജനങ്ങളോട് അഭ്യര്‍ത്ഥിക്കാനുളളത്. ഗുലാം നബി ആസാദ് അടുത്ത ഗവര്‍ണര്‍ ആവാന്‍ പോകുന്നു എന്നാണ് പുതിയതായി പ്രചരിക്കുന്ന വാര്‍ത്ത. താന്‍ ജമ്മു കശ്മീരിലേക്ക് വന്നത് ജോലി അന്വേഷിച്ച് കൊണ്ടല്ല. ജനങ്ങള്‍ക്ക് സേവനം നല്‍കാനാണ് ആഗ്രഹം'', ഗുലാം നബി ആസാദ് പറഞ്ഞു.

താന്‍ കോണ്‍ഗ്രസ് വിട്ടതിന് ശേഷം പുനരധിവാസത്തിന് ശ്രമിക്കുകയാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ചില ആളുകള്‍ ശ്രമിക്കുന്നത് എന്നും ആസാദ് ആരോപിച്ചു. തന്റെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി രൂപീകരണത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്. കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് കഴിഞ്ഞ വര്‍ഷമാണ് ആസാദ് സ്വന്തം പാര്‍ട്ടിക്ക് രൂപം നല്‍കിയത്.
''2005ല്‍ താന്‍ ഇവിടെ മുഖ്യമന്ത്രിയായപ്പോള്‍ വേണ്ടെന്ന് വെച്ച് രണ്ട് കേന്ദ്ര മന്ത്രി സ്ഥാനങ്ങളാണ്. പാര്‍ലമെന്ററികാര്യ മന്ത്രി സ്ഥാനവും ഭവന-നഗരവികസന മന്ത്രി സ്ഥാനവുമാണ് താന്‍ ഉപേക്ഷിച്ചത്. അത് ജനങ്ങളെ സേവിക്കാന്‍ വേണ്ടിയായിരുന്നു. അല്ലാതെ തനിക്ക് വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ടായിരുന്നില്ല'', ഗുലാം നബി ആസാദ് പറഞ്ഞു. ബിജെപിയെ സഹായിക്കുന്നതിന് വേണ്ടിയാണ് ജമ്മു കശ്മീര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഗുലാം നബി ആസാദ് തിരിച്ച് വന്നത് എന്നുളള വിമര്‍ശനം സൂചിപ്പിച്ച് കൊണ്ടാണ് ആസാദിന്റെ പരാമര്‍ശം.
തൊഴിലില്ലായ്മയും പണപ്പെരുപ്പവും ആണ് സംസ്ഥാനം നേരിടുന്ന രണ്ട് പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ സാധ്യതകള്‍ ഈ പ്രശ്‌നം പരിഹരിക്കാനായി ഉപയോഗപ്പെടുത്തണമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. പണപ്പെരുപ്പം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നതല്ലെന്നും ഓര്‍ക്കണം. യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ പണപ്പെരുപ്പം. പക്ഷേ അത് മറികടക്കാനുളള വഴികള്‍ അവര്‍ക്കുണ്ട്.
തൊഴിലില്ലായ്മയും ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. ആര്‍ക്കും ജോലിയില്ല. സര്‍ക്കാര്‍ ഒഴിവുകള്‍ പരസ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ജോലിക്ക് വേണ്ടിയുളള അഭിമുഖങ്ങള്‍ നടത്തുന്നില്ല. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങള്‍ക്കും തൊഴില്‍ സാധ്യത ടൂറിസം രംഗത്തുണ്ടെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications