മൂന്നാം വിവാഹവും തകരാൻ കാരണം ഇതാണ്! ഒടുവിൽ വെളിപ്പെടുത്തലുമായി മീര വാസുദേവൻ
ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മീര വാസുദേവൻ. ഇപ്പോൾ തന്റെ വ്യക്തിജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെക്കുറിച്ചും പരാജയപ്പെട്ട മൂന്ന് വിവാഹങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. ധന്യ വർമയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ സംഭവിച്ചത് 'മൂന്ന് മണ്ടൻ വിവാഹങ്ങൾ' ആയിരുന്നുവെന്ന് താരം വൈകാരികമായി വെളിപ്പെടുത്തിയത്. ഈ ബന്ധങ്ങൾക്കായി തന്റെ ജീവിതത്തിലെ വിലപ്പെട്ട 17 വർഷങ്ങളാണ് നഷ്ടപ്പെടുത്തിയതെന്നും മീര തുറന്നടിച്ചു.
കരിയറിലും വ്യക്തിജീവിതത്തിലും വലിയ നേട്ടങ്ങൾ കൊയ്യാമായിരുന്ന പ്രായത്തിലാണ് ഇത്തരം തെറ്റായ ബന്ധങ്ങളിൽ അകപ്പെട്ടുപോയതെന്ന് മീര ഓർക്കുന്നു. "ഞാൻ എന്റെ മകനോട് പലപ്പോഴും പറയാറുണ്ട്, മൂന്ന് മണ്ടൻ വിവാഹങ്ങളിലായി എന്റെ ജീവിതത്തിലെ 17 വർഷമാണ് ഞാൻ കളഞ്ഞുകുളിച്ചത്. ബുദ്ധിപരമായി ജോലി ചെയ്തിരുന്നെങ്കിൽ ആ സമയം കൊണ്ട് എനിക്ക് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാമായിരുന്നു," മീര പറയുന്നു. സ്വന്തം അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കാനും സാധിക്കുമായിരുന്നു. തന്നെ ഗൗരവമായി കാണുകയോ മാനിക്കുകയോ ചെയ്യാത്ത മനുഷ്യർക്ക് വേണ്ടിയാണ് ഈ സമയമത്രയും പാഴാക്കിയതെന്ന തിരിച്ചറിവ് ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

ഒരു പങ്കാളി എന്തിനാണ് ഭാര്യയെ സ്വന്തം അമ്മയെപ്പോലെ കണ്ട് എപ്പോഴും 'സ്പൂൺ ഫീഡിംഗ്' ആവശ്യപ്പെടുന്നതെന്ന് മീര ചോദിക്കുന്നു. പങ്കാളിയുടെ അമിതമായ ആശ്രിതത്വവും പരസ്പര മൂല്യങ്ങളിലെ പൊരുത്തക്കേടുമാണ് പലപ്പോഴും ബന്ധങ്ങളെ തകർച്ചയിലേക്ക് നയിച്ചത്. ശാരീരികവും മാനസികവുമായ പീഡനം, ചതി, വിശ്വാസവഞ്ചന എന്നിവയൊന്നും ഒരു ബന്ധത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മീര വ്യക്തമാക്കുന്നു. "ഒരു പങ്കാളി നമ്മളെ എപ്പോൾ വേണമെങ്കിലും വലിച്ചെറിയാൻ പറ്റുന്ന ഒന്നായി കാണുമ്പോഴോ, നമ്മുടെ കുടുംബത്തിനും മകനും ഭീഷണിയാകുമ്പോഴോ ആ ബന്ധത്തിൽ തുടരുന്നത് ആത്മഹത്യാപരമാണ്," മീര തന്റെ നിലപാട് വ്യക്തമാക്കി.
2005-ൽ വിശാൽ അഗർവാളുമായായിരുന്നു മീരയുടെ ആദ്യ വിവാഹം. ഇത് 2010-ൽ അവസാനിച്ചു. പിന്നീട് 2012-ൽ നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചെങ്കിലും 2016-ൽ വേർപിരിഞ്ഞു. ഈ ബന്ധത്തിലാണ് മീരയ്ക്ക് അരിഹ് എന്ന മകനുള്ളത്. തുടർന്ന് കഴിഞ്ഞ വർഷം ക്യാമറാമാൻ വിപിൻ പുതിയങ്കവുമായി മൂന്നാം വിവാഹം നടന്നുവെങ്കിലും മാസങ്ങൾക്കുള്ളിൽ ആ ബന്ധവും വേർപിരിയലിൽ കലാശിക്കുകയായിരുന്നു.
മൂന്ന് വിവാഹങ്ങൾ പരാജയപ്പെട്ട ഒരു സ്ത്രീ എന്ന് സമൂഹം മുദ്രകുത്തുമ്പോൾ അതിനെയെല്ലാം അതിജീവിക്കാൻ കഴിഞ്ഞത് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ പൂർണ്ണമായി അവഗണിക്കാൻ പഠിച്ചതുകൊണ്ടാണെന്ന് മീര പറയുന്നു. തനിക്ക് നേരിട്ട സാമ്പത്തിക-മാനസിക നഷ്ടങ്ങളിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ട് സ്വയം കരുത്താർജ്ജിക്കാൻ കഴിഞ്ഞു. ഇന്ന് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് താൻ വ്യാകുലപ്പെടുന്നില്ല. തന്റെ മകന് മുന്നിൽ ശക്തയായ ഒരു അമ്മയായി നിൽക്കാനും സ്വന്തം കാലിൽ ഉറച്ചുനിൽക്കാനുമാണ് ഇപ്പോൾ താരം ആഗ്രഹിക്കുന്നത്.












Click it and Unblock the Notifications