ആ നിലാവ് മാഞ്ഞു... സംഗീത സംവിധായകന് എസ്പി വെങ്കടേഷ് ഇനി ഓര്മ്മ
ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മലയാളികള്‍ക്ക് ഒരുപിടി മികച്ച ഗാനങ്ങളും പശ്ചാത്തല സംഗീതവും സമ്മാനിച്ച സംഗീതജ്ഞനാണ് വെങ്കടേഷ്. 1968 മുതല്‍ വിവിധ ഭാഷകളിലെ സിനിമകളിലെ ഓര്‍ക്കസ്ട്രയില്‍ അദ്ദേഹം ഭാഗമായിരുന്നു. 1971 ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പം ഗിറ്റാറിസ്റ്റായി സിനിമയിലെ സ്ഥിരം സാന്നിധ്യമായി.
1975 ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായ എസ്പി 1981 ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. 'പ്രേമയുദ്ധ' എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നൂു സംഗീത സംവിധായകന്‍ എന്ന ലേബലില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം. മലയാള സിനിമയില്‍ രാഘവന്‍ മാസ്റ്റര്‍ അടക്കമുള്ളവരോടൊപ്പം തുടക്കകാലത്ത് പ്രവര്‍ത്തിച്ച എസ്പി വെങ്കടേഷ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ടി. പി. ബാലഗോപാലന്‍ എം.എ.' എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കി.

മലയാളത്തില്‍ സ്വതന്ത്ര സംഗീത സംവിധാനത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവായിരുന്നു ഇത്. മലയാളികള്‍ ഇന്നും മൂളുന്ന നിരവധി പാട്ടുകളൊരുക്കിയത് അദ്ദേഹമാണ്. കിലുക്കം, മിന്നാരം, ജോണി വാക്കര്‍. കൗരവര്‍, സ്ഫടികം, ധ്രുവം, കിഴക്കന്‍ പത്രോസ്, ഹിറ്റ്‌ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായി മാറി. പൈതൃകം എന്ന സിനിമയിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.
സംഗീതത്തിനൊപ്പം പശ്ചാത്തല സംഗീതത്തിലൂടേയും അദ്ദേഹം ഒരു ട്രേഡ്മാര്‍ക്ക് സെറ്റ് ചെയ്തു. മോഹന്‍ലാലിനെ സൂപ്പര്‍താര പരിവേഷത്തിലേക്ക് ഉയര്‍ത്തിയ തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകന്‍ എന്ന സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഇദ്ദേഹത്തിന്റേതായിരുന്നു. തമ്പി കണ്ണന്താനം, ഡെന്നീസ് ജോസഫ് എന്നിവരുമായുള്ള സൗഹൃദം 90 കളില്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരം മലയാളത്തില്‍ സമ്മാനിച്ചു.
മറ്റ് നിരവധി സംഗീത സംവിധായകരുടെ ഓര്‍ക്കസ്‌ട്രേഷനും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ദേവാസുരം പോലുള്ള മറ്റ് സംഗീതസംവിധായകര്‍ ഗാനങ്ങള്‍ രചിച്ച സിനിമകള്‍ക്ക് അദ്ദേഹം പശ്ചാത്തല സംഗീതം നല്‍കി. ചില ബോളിവുഡ്, ബംഗാളി സിനിമകള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
1999-ല്‍, ബാബു ഗണേശും വിചിത്രയും അഭിനയിച്ച റിലീസ് ചെയ്യാത്ത തമിഴ് ചിത്രമായ ഇത് മുടിവിത്തില്ലൈയ്ക്കുവേണ്ടി ഒരു ദിവസം ഒമ്പത് ഗാനങ്ങള്‍ അദ്ദേഹം റെക്കോര്‍ഡ് ചെയ്തിരുന്നു.












Click it and Unblock the Notifications