"മമ്മൂക്കയിൽ നിന്നുള്ള ആ പെരുമാറ്റം അപ്രതീക്ഷിതമായിരുന്നു, അദ്ദേഹത്തെ കാണാൻ ബൗൺസറായി വരെ പോയി"
കേരളാ പോലീസിലെ ഉദ്യോഗസ്ഥനിൽ നിന്ന് മലയാള സിനിമയിലെ ശ്രദ്ധേയമായ യാത്രയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ അഭിനേതാവാണ് ഗിബിൻ ഗോപിനാഥ്. സമീപകാലത്ത് പുറത്തിറങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ഗിബിൻ സിനിമാ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുമായി അഭിനയിച്ചതിന്റെയും അദ്ദേഹവുമായുള്ള അനുഭവങ്ങളും പങ്കു വയ്ക്കുകയാണ് താരം. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
ഗിബിൻ ഗോപിനാഥിന്റെ വാക്കുകൾ
മമ്മൂക്കയുമായുള്ള ആ അനുഭവം ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. അദ്ദേഹം എന്നെ സ്‌റ്റേജിലേക്ക് വിളിച്ചു കയറ്റുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മമ്മൂക്കയെ ഞാൻ പലതവണ പല സെറ്റുകളിൽ പോയി കണ്ടിട്ടുണ്ട്. അത് പക്ഷേ അദ്ദേഹത്തിന് അറിയില്ലായിരിക്കും. കാണാൻ വേണ്ടി തന്നെയാണ് അന്നൊക്കെ പോയിരുന്നത്. നമ്മൾ ജനിച്ച നാൾ മുതൽ കണ്ടുകൊണ്ടിരിക്കുന്ന മനുഷ്യനാണ്. അതുകൊണ്ട് ഏതെങ്കിലും വിധത്തിൽ കാണാൻ അവസരം കിട്ടിയാൽ ദൂരെന്ന് എങ്കിലും കാണുക എന്നത് ഭയങ്കര സന്തോഷമുള്ള ഒരു കാര്യമല്ലേ.

അന്ന് കാണുമ്പോൾ പോലും എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ കൂടെ നിൽക്കാൻ കഴിയുമെന്നോ എന്നെക്കുറിച്ച് നല്ലത് പറയുമെന്നോ ഒന്നും നമുക്ക് അറിയില്ലലോ. ഇങ്ങനെ സംസാരിക്കാനൊക്കെ ഒരു ഭാഗ്യം കിട്ടുമെന്നൊന്നും ഒരിക്കലും കരുതിയതല്ല. നമ്മൾ സിനിമയോട് കാണിച്ചിട്ടുള്ള ആത്മാർത്ഥതയ്ക്ക് സിനിമ നൽകിയിട്ടുള്ള ഏറ്റവും വലിയ അവാർഡാണ് അദ്ദേഹത്തിൽ നിന്നുള്ള അഭിനന്ദനം.
ഞാൻ ആദ്യമായിട്ട് അദ്ദേഹത്തോടൊപ്പം ഒരു സിനിമ അഭിനയിക്കുന്നത് ഗ്രേറ്റ് ഫാദർ എന്നുള്ള ഒരു സിനിമയിലാണ്. ഹനീഫ് അദേനിയുടെ സിനിമ ആയിരുന്നു അത്. അന്ന് മമ്മൂക്കയുമായി എനിക്ക് പരിചയം ഒന്നുമില്ല. 2017-18 സമയമായിരുന്നു അത്, എനിക്ക് ഒരു പരിചയവുമില്ല മമ്മൂക്കയെ. ആറ്റിങ്ങലിൽ ഉള്ള ഒരു തിയേറ്ററിൽ വച്ചാണ് ഞാൻ ആദ്യം മമ്മൂക്കയെ കാണുന്നത്. വിശാഖ എന്നാണ് അതിന്റെ പേരെന്ന് തോന്നുന്നു.
അവിടെ ഉദ്‌ഘാടന ചിത്രം മായാവിയായിരുന്നു. എനിക്ക് മമ്മൂട്ടി സാറിനെ കാണണം. വേറെ ഒരു മാർഗവുമില്ല. ബൗൺസർസ് ആയിട്ട് കൊറേ പേർ വേണമല്ലോ. അങ്ങനെ അത് ആരൊക്കെയാണെന്ന് കണ്ടുപിടിച്ച് അവരോട് ജോലിക്ക് എടുക്കുമോ എന്നൊക്കെ ചോദിച്ചു. അന്ന് ഞാൻ അത്യവശ്യം തടിച്ചിട്ടൊക്കെയാണ്. അന്ന് ഞാൻ സർവീസിൽ ഇല്ല.
ഞാൻ കാണാൻ വേണ്ടി പോയി, അവർ സന്തോഷിച്ചു. ഒരാളെ കൂടി കിട്ടിയല്ലോ എന്നായിരുന്നു അവരുടെ വിചാരം. പക്ഷേ ഞാൻ ആകെ സങ്കടപെട്ടുപോയി. എന്നെ അവർ ഇട്ടത് തിയേറ്ററിന്റെ പുറകിലാണ്. മമ്മൂക്ക വരുന്നു എന്നറിഞ്ഞപ്പോൾ എങ്ങനെയൊക്കെയോ ഞാൻ അകത്തേക്ക് കയറി തിരക്കിനിടയിലൂടെ വിളക്ക് കൊളുത്തുന്നതിന്റെ അടുത്തായി നിന്നു. അങ്ങനെയാണ് ഞാൻ ആദ്യമായി മമ്മൂക്കയെ കാണുന്നത്.
ഞാൻ രണ്ട് തവണയേ അങ്ങനെ പോയിട്ടുള്ളൂ, രണ്ടും സിനിമാ ഫങ്ക്ഷന് വേണ്ടി ആയിരുന്നു. ശമ്പളത്തിന് വേണ്ടിയൊന്നും അല്ല, ഞാൻ വാങ്ങിയിട്ടുമില്ല. അങ്ങനെയാണ് മമ്മൂട്ടി സാറിനെ ഞാൻ ആദ്യമായി കാണുന്നത്. മിണ്ടുന്നത് ഗ്രേറ്റ് ഫാദർ എന്ന സിനിമയുടെ സമയത്താണ്. ആദ്യം ഒരു ഷോട്ട് എടുത്തു. എന്നോട് ഇങ്ങോട്ട് സംസാരിച്ചു, എവിടെയാണ് നാട് എന്നൊക്കെ ചോദിച്ചു. പിന്നെ വൺ എന്ന സിനിമയിലാണ് കാണുന്നത്.
അന്ന് എനിക്ക് പോലീസിൽ ജോലി ഉണ്ടായിരുന്നു, അങ്ങനെ അതിൽ ചെറിയൊരു പോലീസ് വേഷം ചെയ്‌തു. പിന്നെ കണ്ണൂർ സ്‌ക്വാഡിൽ ആണ് അഭിനയിച്ചത്. റോബിയും റോണിയും ആയി നല്ല പരിചയമായിരുന്നു. അവിടെ ഒരു ദിവസം മുഴുവൻ മമ്മൂട്ടി സാറിന്റെ കൂടെ നിൽക്കാൻ സാധിച്ചു. ഞാനും അസീസ് ഇക്കയും മാത്രം ആയിരുന്നു. അതിന് മുൻപ് ദുൽഖറുമായി ഒരു പരസ്യം ചെയ്‌തിരുന്നു. അതാണ് സാറുമായി നല്ല ബന്ധം ഉണ്ടാക്കിയത്.












Click it and Unblock the Notifications