'മോഹൻലാലിനേക്കാൾ പത്തിരട്ടി ശക്തനാണ് വിജയ്, ലാൽ 25 കോടി വാങ്ങുമ്പോൾ വിജയ്ക്ക് 250 കോടി പ്രതിഫലം'; സംവിധായകൻ
നടൻ വിജയ് നായകനായ അവസാന ചിത്രമെന്ന നിലയിൽ എല്ലാവരും കാത്തിരിക്കുകയാണ് ജനനായകന് വേണ്ടി. എന്നാൽ ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ അഭിപ്രായം പങ്കുവയ്ക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. വിജയ് പത്ത് മോഹൻലാലിനേക്കാളും താരമൂല്യമുള്ള നടനാണ് എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
തമിഴ് മക്കളുടെ ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമാണ് സിനിമ. കേരളത്തേക്കാൾ മൂന്നിരട്ടി വലുപ്പമുള്ള തമിഴ്‌നാട്ടിലെ ആളുകൾക്ക് സിനിമ കാണാനുള്ള ത്വര മലയാളികളേക്കാൾ കൂടുതലാണ്. നമ്മുടെ മോഹൻലാലിന്റെ പത്തിരട്ടി ശക്തനാണ് വിജയ്. പത്ത് മോഹൻലാൽ ഒരുമിച്ച് ചേർന്നാലുള്ള താരമൂല്യമാണ് അദ്ദേഹത്തിനുള്ളത്. മോഹൻലാൽ ഒരു ചിത്രത്തിന് 25 കോടി വാങ്ങുമ്പോൾ വിജയ് അതിന്റെ പത്തിരട്ടി അഥവാ 250 കോടി വരെയാണ് വാങ്ങുന്നത്.

മോഹൻലാലിന്റെ ഒരു ചിത്രം ലോകം മുഴുവൻ 500 തിയേറ്ററുകളിലാണ് ഓടുന്നതെങ്കിൽ വിജയ്‌യുടെ ഒരു ചിത്രം ഓടുന്നത് 5000 തിയേറ്ററുകളിലാണ്. വിജയ്‌യുടെ ഒരു തമിഴ് സിനിമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓടുന്നത് കേട്ടാൽ നമ്മൾ അതിശയിച്ചു പോവും. അമേരിക്ക, യുകെ, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിൽ കൂടാതെ സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ്, സിലോൺ, ഹോങ്കോങ്, ഫിലിപ്പൈൻസ്, നോർവേ, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളിലും ഓടാറുണ്ട്.
വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ജനനായകന്റെ വിദേശ വിതരണ അവകാശം വിറ്റുപോയിരിക്കുന്നത് 78 കോടി രൂപയ്ക്കാണ്. ആ ചിത്രത്തിന്റെ തമിഴ് സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിക്ക് വിറ്റിരിക്കുന്നത് 64 കോടി രൂപയ്ക്കാണ്. ഷാരൂഖ് ഖാനെയും രജനീകാന്തിനെയും കടത്തിവെട്ടി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി വിജയ് മാറി. ഒരു നടൻ ഇത്രത്തോളം ഉന്നതിയിൽ നിൽക്കുമ്പോൾ താൻ ഇനി അഭിനയിക്കാനില്ല ജനസേവനത്തിനാണ് എന്ന് പറഞ്ഞ ഒരാൾ പോലും മുൻപ് ഉണ്ടായിട്ടില്ല.
മലയാളത്തിൽ അനിയത്തിപ്രാവ് ഹിറ്റായപ്പോൾ വിജയ് താരമൂല്യമുള്ള നടൻ ആയിരുന്നില്ല. അന്ന് ഫാസിൽ സാർ അതിന്റെ തമിഴ് റീമേക്ക് വിജയ്‌യെ വച്ചാണ് ചെയ്‌തത്. അതിനായി വിജയ്‌യുടെ പിതാവ് എസ്എ ചന്ദ്രശേഖർ ഫാസിൽ സാറിനെ കാണാൻ പോയത് എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്. പിന്നീട് വിജയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഫാസിലിന്റെ മറ്റൊരു ചിത്രത്തിൽ കൂടി വിജയ് നായകനായിരുന്നു.
വിജയ്‌യുടെ അവസാന ചിത്രം ഒരുക്കാൻ നിരവധി സംവിധായകരുടെ പേര് വന്നെങ്കിലും അവസാനം നറുക്ക് വീണത് എച്ച് വിനോദ് എന്ന സംവിധായകനാണ്. ജനനായകൻ എന്ന ചിത്രത്തിൽ മമിത ബൈജു ഇതിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. വേറെയും മലയാളികൾ ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഇത് വിജയിച്ചാൽ മമിതയുടെ കരിയർ തന്നെ മാറ്റി മറിക്കും.
ജനനായകന്റെ ഓഡിയോ ലോഞ്ച് മലേഷ്യയിലാണ് നടന്നത്. ഒരു ലക്ഷത്തിൽ അധികം ആളുകളാണ് അവിടെ പങ്കെടുത്തത്. ട്രെയിലർ ജനുവരി മൂന്നിനാണ് റിലീസ് ചെയ്‌തത്. ലക്ഷക്കണക്കിന് പേരാണ് ഇത് കണ്ടത്. എന്നാൽ ട്രെയിലർ ഇറങ്ങിയ ശേഷം അതിന് ഒരു തെലുഗു ചിത്രവുമായി സാമ്യമുണ്ടെന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു. നന്ദമൂരി ബാലകൃഷ്‌ണ അഭിനയിച്ച ഭഗവന്ത് കേസരിയാണോ ഇതെന്നായിരുന്നു സംശയം.
വിജയ് അഭിനയിക്കുന്ന ചിത്രങ്ങളിൽ കഥ ആയാലും പാട്ടായാലും അദ്ദേഹത്തിന് ഇഷ്‌ടപ്പെടുന്ന രീതിയിലേ ചെയ്യാൻ കഴിയൂ. സർഗ്ഗചിത്ര അപ്പച്ചന്റെ അഴകിയ തമിഴ് മകൻ എന്ന ചിത്രത്തിൽ വിജയ് ആയിരുന്നു നായകൻ. പാട്ട് എആർ റഹ്മാൻ തന്നെ വേണമെന്ന് വിജയ് പറഞ്ഞു. അങ്ങനെ റഹ്മാനെ അപ്പച്ചൻ ബുക്ക് ചെയ്‌തു. റഹ്മാൻ നൽകിയ പാട്ട് കേട്ട വിജയ് പറഞ്ഞത് അത് കൊള്ളില്ലെന്നായിരുന്നു. അന്ന് അത് മാറ്റി ചെയ്‌ത പാട്ടായിരുന്നു എല്ലാ പുഗഴും.
ജനായകൻ സിനിമയുടെ റിലീസ് ഇപ്പോൾ നീട്ടേണ്ടി വന്നിരിക്കുകയാണ്. സെൻസർ ബോർഡ് അനുമതി നൽകാത്തതാണ് കാരണം. സ്‌റ്റാലിൻ പറയുന്നത് വിജയ്‌യുടെ ജനനായകൻ എന്ന സിനിമയ്ക്കും ശിവകാർത്തികേയൻ നായകനായ പരാശക്തി എന്ന സിനിമയ്ക്കും സെൻസർ ബോർഡിനെ ഉപയോഗിച്ച് ബിജെപി തടയിടുകയാണ് എന്നാണ്.


Click it and Unblock the Notifications