കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടി.പത്മനാഭന് എഴുപത് തികയുന്നു

  • By Staff
Google Oneindia Malayalam News

ടി.പത്മനാഭന് എഴുപത് തികഞ്ഞപ്പോള്‍ അത് മുഖ്യാധാരാ മാധ്യമങ്ങള്‍ പോലും അറിഞ്ഞില്ല. ആഘോഷങ്ങളും ചടങ്ങുകളും കൊണ്ട് തന്റെ സപ്തതി വാര്‍ത്താ കേന്ദ്രമാക്കേണ്ടതില്ലെന്ന് അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നു.

ഫിബ്രവരി അഞ്ച് തിങ്കളാഴ്ചയാണ് കഥയില്‍ കാല്പനികതയുടെ പുതുവസന്തം കൊണ്ടുവന്ന പത്മനാഭന് എഴുപത് തികഞ്ഞത്. എന്നാല്‍ ജന്മദിനങ്ങള്‍ ആഘോഷിക്കുന്നതില്‍ ഇതേ വരെ താത്പര്യം കാട്ടിയിട്ടില്ലാത്ത പത്മനാഭന് എഴുപത് തികയുന്ന ദിവസത്തിനു എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് തോന്നിയില്ല.

സപ്തതി ആഘോഷിക്കുന്നതില്‍ താത്പര്യം കാണിക്കാതിരിക്കുയും അവാര്‍ഡുകള്‍ നിഷേധിക്കുകയും ചെയ്ത പത്മനാഭന്‍ പൊതുവെ ധിക്കാരിയായിട്ടാണ് അറിയപ്പെടുന്നത്. ജീവിതത്തില്‍ 70 വര്‍ഷം പൂര്‍ത്തിയാക്കിയ പത്മനാഭന്‍ സാഹിത്യജീവിതത്തില്‍ 50 വര്‍ഷം പിന്നിട്ടുകഴിഞ്ഞു.

ഇരുപതാമത്തെ വയസില്‍ കഥയെഴുതി തുടങ്ങിയ പത്മനാഭന്‍ മലയാളകഥയില്‍ കാല്പനികതയുടെ ഒരു കാലഘട്ടത്തിന് തുടക്കം കുറിച്ചവരില്‍ പ്രധാനിയാണ്. കഥയെ സൗന്ദര്യപരമായ ഉയര്‍ച്ചകളിലേക്ക് നയിക്കാന്‍ പത്മനാഭന്റെ കഥകള്‍ക്ക് സാധിച്ചിരുന്നു.

അതുവരെ മലയാള കഥാലോകത്തിന് അപരിചിതമായ ഒരു കഥനരീതിയാണ് പത്മനാഭന്‍ തുറന്നുതന്നത്. മനുഷ്യമനസ്സിന്റെ വിചിത്രലോകങ്ങള്‍ തേടിയുള്ള യാത്രയായിരുന്നു പത്മനാഭന്റെ കഥകള്‍. സമൂഹത്തിന്റെ സ്ഥൂലമായ പരിസരത്തിന് പകരം വ്യക്തിമനസ്സിന്റെ സൂക്ഷമലോകങ്ങളിലുള്ള സമൂഹമെന്തെന്ന് കണ്ടെത്താന്‍ ഈ കഥകള്‍ സഹായിച്ചു.

പ്രശസ്ത നോവലിസ്റ് ജെയിംസ് ജോയ്സിന്റെ രചനാരീതിയാണ് പത്മനാഭന് മാതൃകയായത്. ആദ്യകഥ കുറ്റവാളി പ്രസിദ്ധീകരിച്ചത് 1948 ല്‍ ആണ് . പിന്നീട് മാതൃഭൂമി വാരികയില്‍ എഴുതിത്തുടങ്ങി. ആദ്യ കാലത്ത് എഴുതിയ മഖന്‍സിംഗിന്റെ മരണവും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും ഇപ്പോഴും മലയാള ചെറുകഥാരംഗത്ത് ചര്‍ച്ചചെയ്യപ്പെടുന്ന കഥകളാണ്.

ഒരു തനി കഥാകാരന്‍ തന്നെയാണ് പത്മനാഭന്‍ എന്നു പറയാം. കാരണം അദ്ദേഹം ചെറുകഥകള്‍ മാത്രമേ ഇതുവരെ എഴുതിയിട്ടുള്ളൂ. ചെറുകഥയുടെ അന്തസ്സിനും നിലനില്പിനും വേണ്ടി അദ്ദേഹം സാഹിത്യവേദികളില്‍ നടത്തിയ വാഗ്വാദങ്ങള്‍ ഒരു പക്ഷെ വീണ്ടും വായനക്കാരെയും എഴുത്തുകാരെയും ഒരുപോലെ ചെറുകഥയിലേക്ക് തിരിക്കാന്‍ പ്രേരിപ്പിച്ചു.

കഥയുടെ പേരില്‍ അദ്ദേഹത്തെ നിരവധി പുരസ്കാരങ്ങള്‍ തേടിവന്നു. 1969 ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച സാക്ഷി എന്ന കഥയ്ക്ക് 1974 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1996ല്‍ ഗൗരി എന്ന കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കടല്‍ എന്ന കഥയ്ക്ക് ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. പക്ഷെ മൂന്ന് അവാര്‍ഡുകളും അദ്ദേഹം നിരസിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അക്കാദമികളെ തുടക്കം മുതലേ എതിര്‍ത്തു വന്നിരുന്ന ആളായിരുന്നു പത്മനാഭന്‍ .

വളരെ വിചിത്രമാണ് കഥാകൃത്തിന്റെ കഥയെഴുത്തിന് പുറത്തുള്ള താല്പര്യങ്ങള്‍ . ഗുസ്തി,റോസാപുഷ്പങ്ങള്‍ , കര്‍ണാടിക്-ഹിന്ദുസ്ഥാനി സംഗീതം എന്നിവ അക്കൂട്ടത്തില്‍ പെടുന്നു.

അദ്ദേഹത്തിന്റെ കഥകളെ പുകഴ്ത്തുന്നവരെ പോലെ വിമര്‍ശിക്കുന്ന ഒരു പക്ഷവുമുണ്ട് .ആത്മാനുകരണത്തിന്റെ സ്ഥിരം പാറ്റേണിലൂടെ മാത്രം ആ കഥകള്‍ സഞ്ചരിക്കുന്നു എന്നതാണ് ആ വിമര്‍ശനങ്ങളില്‍ മുഖ്യം. എങ്കിലും പത്മനാഭന്റെ കഥകളില്‍ നിറഞ്ഞുനില്ക്കുന്ന കാരുണ്യവും ജീവിതസ്നേഹവും ഇപ്പോഴും ആ കഥകളിലേക്ക് വായനക്കാരെ ആകര്‍ഷിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X