മരയ്ക്കാര്‍ തിയേറ്ററില്‍ കളിക്കണമെങ്കില്‍ 50 കോടി അഡ്വാന്‍സ്, കടുപ്പിച്ച് ആന്റണി പെരുമ്പാവൂര്‍
കൊച്ചി: മരയ്ക്കാര്‍ തിയേറ്ററില്‍ കളിക്കാനുള്ള സാധ്യത കുറയുന്നു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ സമവായ ചര്‍ച്ചയില്‍ കടുത്ത നിബന്ധനകളാണ് മുന്നോട്ട് വെച്ചത്. ഇത് പല തിയേറ്റര്‍ ഉടമകള്‍ക്കും താങ്ങാവുന്നതിലും അപ്പുറമാണ്. നേരത്തെ 200 തിയേറ്റര്‍ തന്നില്ലെന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍ ചിത്രം ഒടിടിക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ എല്ലാ കരാറും ലംഘിച്ചത് ആശീര്‍വാദ് ഫിലിംസാണെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു. നേരത്തെ ചാര്‍ട്ടര്‍ ചെയ്ത കാര്യമാണ് അദ്ദേഹം പറയുന്നത്. രണ്ടാം തരംഗം വന്നില്ലായിരുന്നുവെങ്കില്‍ കേരളത്തിലെ മുഴുവന്‍ തിയേറ്ററും ഇപ്പോള്‍ മരയ്ക്കാര്‍ കളിക്കാനായി ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ടാവുമായിരുന്നുവെന്നും ഫിയോക് പറഞ്ഞിരുന്നു.

മരയ്ക്കാര്‍ തിയേറ്ററില്‍ കളിക്കണമെങ്കിലുള്ള നിബന്ധനകള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍. തനിക്ക് തിയേറ്ററുകളില്‍ നിന്നും 50 കോടി രൂപ വേണമെന്ന് ആന്റണി പറയുന്നു. അതോടൊപ്പം സിനിമ തിയേറ്ററുകളില്‍ 25 ദിവസമെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ തനിക്ക് മിനിമം ഗ്യാരണ്ടി നല്‍കണമെന്നും നിര്‍മാതാവ് ഫിലിം ചേംബറിനെ അറിയിച്ചു. അതേസമയം നഷ്ടം വന്നാല്‍ ആ പണം തിരികെ നല്‍കില്ല. എന്നാല്‍ ലാഭവിഹിതം നല്‍കണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെടുന്നു. നേരത്തെ തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിട്ടാണ് ഫിലിം ചേംബര്‍ ആന്റണിയെ കണ്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

അതേസമയം ആന്റണിയുടെ ആവശ്യങ്ങള്‍ ഫിലിം ചേംബര്‍ തിയേറ്റര്‍ ഉടമകളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ ഇത്രയധികം പണം നല്‍കാന്‍ സാധിക്കില്ലെന്നാണ് പല തിയേറ്റര്‍ ഉടമകളുടെയും നിലപാട്. തിയേറ്റര്‍ ഉടമകളുടെ അടിയന്തര യോഗം ശനിയാഴ്ച്ച ചേരുന്നുണ്ട്. ആന്റണി ചിത്രം ഒടിടിക്ക് നല്‍കാനുള്ള ചര്‍ച്ച ഒരു വശത്ത് നടത്തുന്നുണ്ട്. ആമസോണ്‍ പ്രൈമുമായിട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്. തിയേറ്ററില്‍ ഒടിടിയിലും ഒരുമിച്ച് റിലീസ് ചെയ്യുന്ന ഹൈബ്രിഡ് രീതി മരയ്ക്കാറിന് ഉണ്ടാവില്ലെന്ന് നേരത്തെ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയാണ്. അത്തരം റിലീസുകള്‍ നഷ്ടം വരുത്തി വെക്കുമെന്നാണ് വിലയിരുത്തല്‍.

റിലീസ് ചെയ്യുമ്പോള്‍ ആദ്യ മൂന്നാഴ്ച്ച പരമാവധി തിയേറ്ററുകള്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. അതേസമയം ഒടിടിയില്‍ ചിത്രം റിലീസ് ചെയ്യുമോ എന്ന് ശനിയാഴ്ച്ച അന്തിമ തീരുമാനമുണ്ടാകും. ആദ്യ മൂന്നാഴ്ച്ച മരയ്ക്കാര്‍ മാത്രം റിലീസ് ചെയ്യാനാവുമോ എന്നത് ഇപ്പോഴും സംശയമുള്ള കാര്യമാണ്. ബിഗ് ബജറ്റ് ചിത്രമായ കുറുപ്പ് അടക്കം റിലീസിന് ഉണ്ട്. മരയ്ക്കാരിന് നല്ല അഭിപ്രായമില്ലാതെ നാലാഴ്ച്ച കളിച്ചാല്‍ അത് തിയേറ്ററുകള്‍ക്ക് തിരിച്ചടിയാവും. അതേസമയം തിയേറ്ററില്‍ നിന്ന് നേരത്തെ മുന്‍കൂറായി വാങ്ങി തുക ആന്റണി പെരുമ്പാവൂര്‍ തിരിച്ച് നല്‍കി തുടങ്ങിയിട്ടുണ്ട്. തിയേറ്റര്‍ റിലീസ് ഇനി സാധ്യമാകുമോ എന്ന് ഫിയോക് സംശയത്തിലാണ്.

ഒടിടിയിലും തിയേറ്ററിലും സമാന്തരമായി ചിത്രം റിലീസ് ചെയ്യാന്‍ ഫിയോക് തയ്യാറല്ല. നിവിന്‍ പോളി ചിത്രം കനകം കാമിനി കലഹവും, ടൊവിനോയുടെ മിന്നല്‍ മുരളിയും ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. മരയ്ക്കാറിന് വമ്പന്‍ തുകയാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ അമ്പത് ശതമാനം മാത്രമാണ് തിയേറ്ററിലെ കപ്പാസിറ്റി. അതുകൊണ്ട് തിയേറ്ററില്‍ റിലീസ് ചെയ്താലും ലാഭമുണ്ടാക്കാനാവില്ലെന്നാണ് മരയ്ക്കാറിന്റെ നിര്‍മാതാക്കള്‍ കരുതുന്നത്. എന്നാല്‍ മരയ്ക്കാര്‍ തിയേറ്ററില്‍ ഇറങ്ങി നല്ല പ്രതികരണം വന്നാല്‍ അത് വലിയ തരംഗം തിയേറ്റര്‍ മേഖലയില്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ഫിയോക്കിന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

അതേസമയം മരയ്ക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഏത് വലിയ താരത്തിന്റെ ചിത്രമായാലും തിയേറ്ററില്‍ ആദ്യം റിലീസ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കൊവിഡിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടഞ്ഞിരുന്നത് കൊണ്ടാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചത്. വിനോദമാര്‍ഗം എന്ന നിലയില്‍ സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിച്ചു. ഇപ്പോള്‍ സാഹചര്യം മാറി. ഒടിടി ഇനിയും തുടര്‍ന്ന് സിനിമാ വ്യവസായം തകരും. നൂറ് കോടിയുള്ള ചിത്രമാണെങ്കിലും താല്‍ക്കാലിക ലാഭത്തിനായി ഒടിടിയിലേക്ക് പോകരുത്. സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന നിലപാട് നിര്‍മാതാക്കള്‍ സ്വീകരിക്കില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.












Click it and Unblock the Notifications