• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്നെ ചിരിക്കാന്‍ പഠിപ്പിച്ച സുല്‍ത്താന്‍

  • By നാദിയ കെസി

"ഞാന്‍ ഞാന്‍ എന്നഹങ്കരിച്ചിരുന്ന രാജാക്കന്‍മാരും മറ്റും എവിടെ?"

എന്റെ മനസ്സില്‍ ഏറ്റവും തവണ മുഴങ്ങിയിട്ടുള്ള ചോദ്യം.

1994 എന്ന വര്‍ഷത്തിന്‌ എന്റെ ജീവിതവുമായി ഏറെ ബന്ധമുണ്ട്‌. ആ വര്‍ഷത്തിന്റെ പിറവി ആഘോഷിക്കുന്ന കോഴിക്കോട്ടങ്ങാടിയെ നോക്കി അമ്പരന്നു നിന്ന മൂന്നാം ക്ലാസുകാരിയോട്‌ "ഇന്ന്‌ 1994 തുടങ്ങുന്ന ദിവസമാണ്‌" എന്നു പറഞ്ഞു തന്ന ഏട്ടന്‍. വര്‍ഷങ്ങള്‍ക്ക്‌ നമ്പറുണ്ടെന്ന തിരിച്ചറിവില്‍ വാ പൊളിച്ചു നിന്ന 1993 ഡിസംബര്‍ 31, അല്ലെങ്കില്‍ 1994 ജനുവരി 1. ജീവിതത്തില്‍ ആദ്യമായി കടല്‍ കണ്ട ദിവസമായിരുന്നു അത്‌.‌

ആ വര്‍ഷം തന്നെയാണ്‌ എന്നെ ചിരിക്കാന്‍ പഠിപ്പിച്ചവന്‍ ഈ ലോകം വിട്ടു പോയത്‌ എന്നറിഞ്ഞത്‌ ഏറെ നാള്‍ കഴിഞ്ഞ്‌. അന്നു ഞാന്‍ ഉണ്ടായിരുന്നല്ലോ, എന്നിട്ടും എന്നിക്കൊന്നു കാണാനൊത്തില്ലല്ലോ എന്ന നഷ്ടബോധം എന്നുമെന്നും തികട്ടി വരുന്നു.

ബഷീര്‍ എന്ന ഇതിഹാസത്തെ എനിക്കാദ്യമായി പരിചയപ്പെടുത്തി തന്ന എന്റെ പ്രിയപ്പെട്ട വായിച്ചി. ബഷീര്‍ എന്നും കേള്‍ക്കുമ്പോള്‍ എന്റെ മുഖത്തും മനസ്സിലും പടരുന്ന ചിരിക്ക്‌ ഞാന്‍ കടപ്പെട്ടിരിക്കുന്ന നിരവധിയനവധി കഥാപാത്രങ്ങള്‍, കഥാ സന്ദര്‍ഭങ്ങള്‍...

ലളിതമായ ഭാഷയില്‍ ജീവിതഗന്ധിയായ രചനകളിലൂടെ മലയാള സാഹിത്യത്തില്‍ നന്മമയുടെ സൗരഭ്യം പരത്തിയ എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍, മലയാള സാഹിത്യത്തിന്റെ സുല്‍ത്താന്‍ ശ്രീ വൈക്കം മുഹമ്മദ്‌ ബഷീര്‍ ഓര്‍മ്മയായിട്ട്‌ ഇന്നേക്ക്‌ 18 സംവത്സരങ്ങള്‍.

ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു, പാത്തുമ്മയുടെ ആട്‌, അനുരാഗത്തിന്റെ ദിനങ്ങള്‍, ജന്മദിനം, ഒരു മനുഷ്യന്‍, ഭൂമിയുടെ അവകാശികള്‍ തുടങ്ങി എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ബഷീറിയന്‍ കൃതികള്‍ നിരവധി. എന്നാല്‍ എന്നെ ഏറെ കരയിപ്പിച്ച ഒരു ബഷീര്‍ കൃതിയാണ്‌ ബാല്യകാല സഖി, എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു തീരുമാനത്തിലേക്കെന്നെ എത്തിക്കുന്നതിലും ഈ ചെറിയ പുസ്‌തകത്തിന്‌ വലിയ പങ്കുണ്ട്‌.

ബാല്യകാലസഖിയും ബഷീറും

മജീദും സുഹറയും. അവരുടെ ബാല്യം, പ്രണയം, വിരഹം, വേദന. ഇതൊക്കെയാണ്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാലസഖി. എന്നാല്‍ ഇത്‌ മാത്രമല്ല ബാല്യകാലസഖി എന്നതാണ്‌ ഈ ചെറിയ പുസ്‌തകത്തെ അനന്യമാക്കുന്നത്‌. നമുക്ക്‌ പരിചിതമല്ലാത്ത ഒരു കാലഘട്ടത്തെ പരിചയപ്പെടുത്തുക എന്നൊരു മഹത്തായ ധര്‍മ്മം കൂടി വഹിക്കുന്നുണ്ട്‌ ബാല്യകാലസഖി. കൂടെ മലയാള സാഹിത്യത്തിനു ഏറെയൊന്നും പരിജിതമല്ലാത്ത ഒരു സംസ്‌കാരവും നമുക്ക്‌ മുന്നില്‍ അനാവൃതമാകുന്നു.

ഒരു സുഹൃത്ത്‌ പറഞ്ഞത്‌ ഞാന്‍ ഇവിടെ ഓര്‍ക്കുന്നു, "ബാല്യകാലസഖി വായിക്കുമ്പോള്‍ ക്രമേണ ഞാന്‍ മജീദ്‌ ആവുകയും സുഹറയോട്‌ പ്രണയം തോന്നുകയും ചെയ്‌തു."

ഇത്‌ ഈ പുസ്‌തകത്തിന്റെ മാത്രം അല്ല എല്ലാ ബഷീര്‍ രചനകളുടെയും മാന്ത്രികതയാണ്‌. വായനക്കാര്‍ കഥാപാത്രങ്ങളെ തങ്ങളിലേക്ക്‌ ആവാഹിക്കുന്ന പതിവ്‌ വിദ്യയില്‍ നിന്നും മാറി, കഥാപാത്രങ്ങള്‍ വായനക്കാരനെ അങ്ങോട്ട്‌ ആവാഹിക്കുന്നു ബാല്യകാലസഖിയില്‍. അതുകൊണ്ടുതന്നെ, ഒറ്റയിരിപ്പിനു വായിച്ചു തീര്‍ക്കാവുന്ന ഈ പുസ്‌തകം വായിച്ചു കഴിയുമ്പോള്‍ നമ്മുടെ മനസ്സാകെ കലുഷിതമാകുന്നു. ഈയൊരു അവസ്ഥയ്‌ക്ക്‌ കാരണം മറ്റൊന്നുമല്ല, അതിശയോക്തി ഒട്ടും കലരാതെ, യഥാര്‍ത്ഥ്യത്തോട്‌ പരമാവതി ചേര്‍ന്ന്‌ നിന്നുകൊണ്ടാണ്‌ ഗ്രന്ഥകര്‍ത്താവ്‌ ബാല്യകാലസഖിയെ നമുക്ക്‌ സമ്മാനിച്ചത്‌.

അവതാരികയില്‍ ശരി. എംപി പോള്‍ പറഞ്ഞപോലെ "ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തി എടുത്ത ഒരേടാണ്‌. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു." ജീവിതമെപ്പോഴും അങ്ങനെയാണെന്നല്ല. എന്നാല്‍ ഏറിയ പങ്കും അങ്ങനെയാണ്‌ താനും. ഒരേയൊരു കാര്യം, ഈ യഥാര്‍ത്ഥ്യം അംഗീകരിക്കാം നമ്മള്‍ തയ്യാറല്ല എന്നതാണ്‌.

ബഷീറിന്റെ ബാല്യകാലസഖിയെ കുറിച്ചോര്‍ക്കുമ്പോയൊക്കെ ആദ്യം മനസ്സിലേക്കോടിയെത്തുന്നത്‌ മജീദിന്റെയും സുഹറയുടെയും ബാല്യകാല സൗഹൃദത്തെ പ്രതിനിധീകരിക്കുന്ന മാഞ്ചുവടും, അവരുടെ പ്രണയത്തിന്റെ സ്‌മാരകമായ ചെമ്പരത്തി ചെടിയും, അവരുടെ വിരഹത്തിന്റെ മൂക സാക്ഷിയായ രാത്രികളുമാണ്‌. ഹോട്ടലിലെ പത്രം കഴുകല്‍ കഴിഞ്ഞു മജീദ്‌ സുഹറയെ ഓര്‍ത്തുകൊണ്ട്‌ കഴിഞ്ഞ രാത്രികള്‍.

നക്ഷത്രങ്ങള്‍ നിറഞ്ഞ നീലാകാശത്തിനു താഴെ ടെറസില്‍ ചിരിച്ചുകൊണ്ട്‌ ഉറങ്ങുന്ന സുഹൃത്തുക്കളുടെ നടുവില്‍ കയറു കട്ടിലില്‍ സുഹറയെ ഓര്‍ത്തുകൊണ്ട്‌ കിടക്കുന്ന മജീദ്‌. ഇങ്ങനെയൊരു ചിത്രം ബഷീര്‍ സങ്കല്‌പിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്നാല്‍ ബാല്യകലസഖിക്കൊപ്പം ഞാന്‍ ഓര്‍ക്കുന്ന ആദ്യ ചിത്രം ഈ രാത്രിയുടെതാണ്‌.

വളരെ ചെറുപ്പത്തില്‍ തന്നെ മജീദും സുഹറയും സുഹൃത്തുക്കളായിരുന്നു. എനാല്‍ അതിനു മുമ്പ്‌്‌ അവര്‍ ശത്രുക്കളും ആയിരുന്നു. അവരുടെ ബാല്യകാലത്തിന്‌ നഖക്ഷതങ്ങളുടെ എരിവും മാമ്പഴതിന്റെ മധുരവും ഉണ്ടായിരുന്നു.

കഥ തുടങ്ങുമ്പോള്‍ ഏതൊരു സാധാരണ ബാല്യം പോലെയും സുന്ദരവും കുസൃതി നിറഞ്ഞതുമായ ഒരു ബാല്യകാലമാണ്‌. എന്നാല്‍ ആ ബാല്യം വെറുതെയങ്ങു പറഞ്ഞു പോവുകയല്ല ബഷീര്‍ ചെയ്‌തിരിക്കുന്നത്‌. മറിച്ച്‌ ആ ബാല്യം നമ്മെ അനുഭവിപ്പിക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ മജീദിന്റെയും സുഹറയുടെയും ബാല്യം നമ്മുടെ സ്വന്തം ബാല്യത്തെ പോലെ നമ്മുടെ ഹൃദയത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നു. അങ്ങനെ ബാല്യത്തില്‍ തന്നെ മജീദും സുഹറയും നമ്മുടെ ഹൃദയം കീഴടക്കുന്നു. അവരുടെ ശത്രുതയും സൗഹൃദവും നമ്മളും അനുഭവിക്കുന്നു.

"ചെറുക്കാ, ആ മുയുത്തത്‌ രണ്ടും മുന്നം കണ്ടത്‌ ഞാനാ", എന്ന്‌ പറയുന്ന സുഹറയെ നമുക്ക്‌ എങ്ങനെ സ്‌നേഹിക്കാതിരിക്കാനാവും! അതുപോലെ, "ഓ മിഷറ്‌്‌ കടിക്കുവല്ലോ!" എന്ന പരിഹാസത്തില്‍ ചവിട്ടി മാവില്‍ കയറുന്ന മജീദിനെയും.

ഒരു സ്വപ്‌ന ജീവിയായ മജീദ്‌ മരങ്ങളില്‍ കയറി ഉച്ചിയിലിരുന്നു വിശാലമായ ലോകത്തെ നോക്കി കാണാന്‍ ശ്രമിക്കുമ്പോള്‍ മരത്തിന്റെ അടിയില്‍ നിന്നും "മക്കം കാണാമോ ചെറുക്കാ?" എന്നു ചോദിക്കുമ്പോള്‍ നമ്മളും മരത്തിന്റെ ചോട്ടിലിരുന്നു മുകളിലേക്ക്‌ നോക്കിപോകും.

സുഹറയും മജീദും വളരുന്നതിനനുസരിച്ച്‌ അവരുടെ മനസ്സും വളരുന്നത്‌ കാണാം . ഒട്ടും തന്നെ ഏച്ചുകെട്ടില്ലാത്ത ആ വളര്‍ച്ചയില്‍ ബാല്യകാല സുഹൃത്തുക്കള്‍ പ്രണയിനികളാകുമ്പോള്‍ നമ്മുടെ മനസ്സില്‍ തീരെ അസ്വാഭാവികത തോന്നിക്കാതെ എഴുത്തുകാരന്‍ വിജയിക്കുന്നു.

ലളിതമായ ഭാഷയിലാണ്‌ ബഷീര്‍ ജീവിതത്തിണ്ടേ സങ്കീര്‍ണതകളെ ഇവിടെ വരച്ചു കാട്ടുന്നത്‌. അതും വളരെ കുറച്ചു വാക്കുകളിലൂടെ.

മജീദ്‌, സുഹറ എന്നീ രണ്ടു കുട്ടികള്‍. അവരുടെ മനസ്സിലൂടെയുള്ള സഞ്ചാരം. ആ രണ്ടു കുട്ടികള്‍ വളരുന്നതിനനുസരിച്ച്‌ അവരിലുണ്ടാകുന്ന മാറ്റങ്ങള്‍. ഒരു ആണ്‍ക്കുട്ടിയുടെയും പെണ്‍ക്കുട്ടിയുടെയും ലോകങ്ങള്‍ തമ്മിലുള്ള വ്യത്യാസം. ദാരിദ്ര്യം എങ്ങനെ നമ്മുടെ സ്വപ്‌നങ്ങളുടെ ചിറകൊടിക്കും. ഒരു മരണം ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തും. ജീവിത നിലവാരത്തിലെ ഉയര്‍ച്ച താഴ്‌ചകള്‍. ഇതൊക്കെ ഈ ചെറിയ പുസ്‌തകത്തില്‍ ചുരുങ്ങിയ വാക്കുകളില്‍, എന്നാല്‍ ബ്രഹത്തായ അര്‍ത്ഥത്തില്‍ പറയാന്‍ കഴിഞ്ഞു ബഷീറിന്‌. അതുപോലെ കാതുകുത്ത്‌, സുന്നത്‌ കല്യാണം എന്നിവയൊക്കെ അന്ന്‌ എങ്ങനെ ആഘോഷിച്ചു എന്നും വളരെ വിശദമായി തന്നെ ഇതില്‍ പറയുന്നുണ്ട്‌.

അത്ര സൂക്ഷ്‌മമായി പരിശോധിചില്ലെങ്കില്‍ത്തന്നെയും, ഗ്രന്ഥകാരന്റെ ആത്മകഥാംശങ്ങള്‍ ബാല്യകാലസഖിയില്‍ നിന്നും കണ്ടെത്താന്‍ കഴിയും. മജീദിനെ പോലെ ബഷീറും വീട്‌ വിട്ടു ഒരുപാടൊരുപാട്‌ അലഞ്ഞിട്ടുണ്ട്‌. പല പല വേഷത്തില്‍, പല ദേശങ്ങളില്‍ അലഞ്ഞിട്ടുണ്ട്‌. എല്ലാതരം ജോലികളും ചെയ്‌തിട്ടുണ്ട്‌. മജീദിനെ പോലെ ബഷീറും അനുഭവങ്ങള്‍ മാത്രം സമ്പാദ്യമായി കൈയില്‍ കരുതി നാട്ടില്‍ തിരിചെത്തിയിട്ടുണ്ട്‌. മജീദിനെ പോലെ ബഷീറിനും പ്രതാപം നിറഞ്ഞ ബാല്യം ഉണ്ടായിരുന്നു. മജീദ്‌ വീടിലെ ദാരിദ്ര്യം കണ്ട പോലെ ബഷീറിനും ഉണ്ടായിട്ടുണ്ട്‌.

മജീദിനും ബഷീറിനും കാണുന്ന മറ്റൊരു സമാനത, ചെടികളിലുള്ള താല്‌പര്യമാണ്‌. ബഷീരിന്റെ ജീവിതത്തിലും പുസ്‌തകങ്ങളിലും ഒരു പോലെ പച്ച പിടിച്ചു നില്‍ക്കുന്നതാണ്‌ ബഷീറും ചെടികളും തമ്മിലുള്ള ആത്മബന്ധം.

English summary
It is eighteenth death anniversary day of legendary writer of Malayalam literature

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more