കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാളത്തില്‍ കുഞ്ഞബ്ദുളള സ്പീക്കിംഗ്

  • By Super
Google Oneindia Malayalam News

ധന്വന്തരിക്ക് നേരമ്പോക്കുകാരിയായി സരസ്വതിയുണ്ടാകുന്നതു പോലെയാണ് പുനത്തില്‍ കുഞ്ഞബ്ദുളള സാഹിത്യത്തെ കാണുന്നത് എന്ന് നിരീക്ഷിച്ചത് സാക്ഷാല്‍ ഒ വി വിജയനായിരുന്നു. വലിയൊരു വരുമാനം നേടിത്തരുന്ന മെഡിക്കല്‍ പ്രാക്ടീസിന് അനുബന്ധമായേ കുഞ്ഞബ്ദുളള തന്റെ എഴുത്തിനെ കണ്ടിരിക്കൂവെന്ന ആ നിരീക്ഷണം കുഞ്ഞബ്ദുളളയുടെ സാഹിത്യ ചോരണാരോപണം മുന്‍നിര്‍ത്തിയാണ് വിജയന്‍ നടത്തിയത്.

കുഞ്ഞബ്ദുളളയുടെ കന്യാവനങ്ങള്‍ എന്ന കൃതിയില്‍, ടാഗോറിന്റെ ചില കൃതികളില്‍ നിന്നുളള ഭാഗങ്ങള്‍ പദാനുപദം മോഷ്ടിച്ചിരിക്കുന്നു എന്നായിരുന്നു ആരോപണം. മാതൃഭൂമിയില്‍ പരലോകം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഒരു നോവലിലെ ചില ഭാഗങ്ങള്‍ ഡോ. മുരളീകൃഷ്ണയുടെ മരണാനന്തര ജീവിതത്തെക്കുറിച്ചുളള ലേഖനങ്ങളുടെ തനിപ്പകര്‍പ്പാണെന്നും ആരോപണമുണ്ടായി.

ഇതേ തുടര്‍ന്ന് വാരിക അതിന്റെ പ്രസിദ്ധീകരണം താല്‍ക്കാലികമായി നിര്‍ത്തി. മഹാന്മാര്‍ ഒരേ പോലെ ചിന്തിക്കുന്നു എന്ന ന്യായമൊന്നും കുഞ്ഞബ്ദുളള വൈദ്യന്‍ പറഞ്ഞില്ല. എഴുത്തില്‍ ഇതൊക്കെ സ്വാഭാവികം എന്നൊരു ലൈനാണ് കക്ഷി സ്വീകരിച്ചത്.

അബ്ദുളളയെക്കുറിച്ച് ഈയൊരു നെടുങ്കന്‍ ആമുഖം കുറിച്ചതിന് പ്രകോപനം ഏപ്രില്‍ ഒമ്പതിന്റെ കേരള കൗമുദിയില്‍ എഡിറ്ററെ ആശ്രയിക്കാതെ എന്ന അദ്ദേഹത്തിന്റെ ലേഖനമാണ്. പ്രസിദ്ധീകരണ സമ്പ്രദായത്തിലെ പുതിയ പ്രവണതയായ ബ്ലോഗുകളെക്കുറിച്ചാണ് മുട്ടന്‍ തെറ്റുകളും സാങ്കേതികപ്പേടിയും കുത്തി നിറച്ച് വൈദ്യന്‍ ഈ കുറിപ്പടി രചിച്ചിരിക്കുന്നത്.

പുതിയ സാങ്കേതിക വിദ്യകള്‍ കടന്നു വരുമ്പോള്‍ പൊതുവേ ബേജാറാകുന്നവരാണ് സാഹിത്യകാരന്മാര്‍. പരിചയിച്ച വഴി കൈവിടാനും പുതിയത് സ്വീകരിക്കാനുമുളള വിമുഖത സാഹിത്യകാരന്മാരുടെ കൂടെപ്പിറപ്പാണ്. ബ്ലോഗ് സാഹിത്യം എഴുതുന്ന ഒന്നല്ല, കമ്പോസ് ചെയ്യുന്ന ഒന്നാണെന്നാണ് കുഞ്ഞബ്ദുളള തട്ടിമൂളിക്കുന്നത്.

എഴുത്തും കമ്പോസിംഗും രണ്ടാണെന്ന് സൂചിപ്പിക്കുന്നതോടെ ബ്ലോഗെഴുത്തുകാര്‍ രണ്ടാം നിരക്കാരാണെന്ന വിവക്ഷയാണ് അബ്ദുളള പറഞ്ഞുവെയ്ക്കുന്നത്. അച്ചടിയുമായി ബന്ധപ്പെട്ട രണ്ടു വാക്കുകളാണ് എഴുത്തും കമ്പോസിംഗും. എഴുത്തുകാരന്‍ ക്രിയേറ്റിവിറ്റിയുടെ രാജാവും കമ്പോസിറ്റര്‍ ഡൂക്കിലി തൊഴിലാളിയും എന്നാണ് ജാ‍ട. അച്ചടി ശാലയിലെ കമ്പോസിറ്റര്‍മാര്‍ക്ക് പലപ്പോഴും പത്താം തരം വിദ്യാഭ്യാസം പോലും കാണില്ലല്ലോ. ടാഗോറിനെയും മുരളീകൃഷ്ണയെയും ഉളുപ്പില്ലാതെ കോപ്പിയടിച്ച് വലിയ എഴുത്തുകാരനാവാന്‍ മോഹിച്ച കക്ഷി, ബ്ലോഗെഴുത്തുകാരെ കമ്പോസിറ്റര്‍മാരെന്ന് ആക്ഷേപിച്ച് മേനി നടിക്കുന്നത് കാണാന്‍ രസമുണ്ട്.

തലച്ചോറിലുളളത് നേരിട്ട് കമ്പ്യൂട്ടറിലേയ്ക്ക് പകര്‍ത്തുന്നത് വെറും കമ്പോസിംഗാണോ? കഥാകാരിയും ആകാശവാണിയിലെ ന്യൂസ് എഡിറ്ററുമായ കെ എ ബീന ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. എത്രയും പെട്ടെന്ന് കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. കാരണം ഇതാണ്.

കഥയോ ലേഖനമോ ഒക്കെ എഴുതി, അത് വിശ്വസ്തരായ ഡിറ്റിപി സെന്ററുകാരെ ഏല്‍പ്പിച്ച്, അവര്‍ ടൈപ്പ് ചെയ്തു തരുന്നത് പ്രൂഫ് നോക്കി തിരുത്തി, അതിന്റെ പ്രിന്റ് ഔട്ട് ഒന്നുകൂടി പരിശോധിച്ചു വേണം ഒരു പുസ്തകം പുറത്തിറക്കാന്‍.‍ രണ്ടാമത്തെ വായനയിലാണ്, ഖണ്ഡികയിലോ വാചക ഘടനയിലോ പുതിയൊരാശയം ചിലപ്പോള്‍ വീണു കിട്ടുക. അത് എഴുതി തിരുത്തുന്നതിന്റെ പാട് വേറെ. ചുരുക്കത്തില്‍ ഏറെ അധ്വാനവും സമയനഷ്ടവും ഉളളതാണ് എഴുതി, മറ്റൊരാള്‍ ഡിറ്റിപിയെടുത്ത് പുസ്തകമിറക്കുന്ന വിദ്യ.

കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാനറിയാമെങ്കില്‍ സമയവും ഊര്‍ജവും എത്രയോ ലാഭം. കുറെ പേപ്പര്‍ ലാഭിക്കുകയുമാകാം. എഡിറ്റ് ചെയ്യുന്നതിനും തെറ്റ് തിരുത്തുന്നതിനും എത്രയെളുപ്പം. അടുത്ത പുസ്തകം പുറത്തിറക്കുന്നതിനു മുമ്പ് മലയാളം ടൈപ്പിംഗ് പഠിച്ചിരിക്കുമെന്ന കഥാകാരി കെ എ ബീനയുടെ തീരുമാനം എവിടെക്കിടക്കുന്നു, കമ്പ്യൂട്ടറില്‍ എഴുത്തല്ല, കമ്പോസിംഗാണെന്ന കുഞ്ഞബ്ദുളള വൈദ്യന്റെ ഡയഗ്നോസിസ് എവിടെക്കിടക്കുന്നു!!

സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ഭാവനയ്ക്കെതിരെ നീളുന്ന വെല്ലുവിളിയായി കരുതി എഴുത്തുകാര്‍ സ്വീകരിക്കുമെന്ന തന്റെ പ്രതീക്ഷ തകര്‍ന്നു പോയെന്ന് പ്രശസ്ത നിരൂപകന്‍ പി കെ രാജശേഖരന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. . വിദ്യാസമ്പന്നരും നല്ല വായനക്കാരുമായ എഴുത്തുകാര്‍ക്ക് പുതിയ ലോകം പ്രചോദനമാകുമെന്ന പ്രതീക്ഷ സഫലമായില്ലെന്നും അദ്ദേഹം പറയുന്നു.

കുഞ്ഞബ്ദുളള വൈദ്യന്റെ രോഗമെന്തെന്ന് നിശ്ചയിക്കാന്‍ ഈ രണ്ടുപേരുടെയും അഭിപ്രായം ധാരാളം മതി. വയസുകാലത്ത് മലയാളം ടൈപ്പിംഗ് പഠിക്കാനും ബ്ലോഗാനുമൊന്നും കുഞ്ഞന് വയ്യ. പണവും പ്രശസ്തിയും ആവശ്യത്തിന് ആയിക്കഴിഞ്ഞു, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായി. പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് താനായി ഒരഭിപ്രായം പറഞ്ഞില്ലെന്ന് വേണ്ട. അങ്ങനെയാണ് കുഞ്ഞബ്ദുളള ഈനാംപേച്ചിയും കേരള കൗമുദി മരപ്പട്ടിയുമായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X