'അനിയൻ മിഥുനെ പൊളിച്ച് കുൽദീപ് ഹാൻഡു; മിഥുൻ ലോകചാമ്പ്യനല്ല, ജമ്മുവിൽ വന്നത് 10 വർഷം മുൻപ്'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 താരമായ അനിയൻ മിഥുന്റെ വുഷു വിജയങ്ങളുടെ ആധികാരികതയെ ചൊല്ലി വലിയ ചർച്ചകളും വിവാദങ്ങളും പുറത്ത് നടന്നിരുന്നു. ഇല്ലാത്ത മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചെന്നാണ് അനിയൻ അവകാശപ്പെടുന്നതെന്നും തനിക്ക് ലഭിച്ചെന്ന് മിഥുൻ പറയുന്ന പുരസ്കാരങ്ങൾ വെറും തട്ടിപ്പാണെന്നുമായിരുന്നു ആരോപണങ്ങൾ ഉയർന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സംസ്ഥാന വുഷു അസോസിയേഷനോ ബന്ധപ്പെട്ട അധികാരികളോ തയ്യാറായിരുന്നില്ല.
ഇപ്പോഴിതാ മിഥുന്റെ അവകാശവാദങ്ങളിൽ വ്യക്തത വരുത്തുകയാണ് ദ്രോണാചാര്യ ജേതാവും ദേശീയ വുഷു ടീമിന്റെ കോച്ചുമായ കുൽദീപ് ഹാൻഡു. ഹാൻഡുവിന് കീഴിലാണ് താൻ പരിശീലനം നേടിയത് എന്നായിരുന്നു മിഥുൻ അവകാശപ്പെട്ടത്. എന്നാൽ ഈ വാദങ്ങൾ തള്ളുകയാണ് അദ്ദേഹം. അനിയൻ ലോകചാമ്പ്യനല്ലെന്നും ഹാൻഡു വ്യക്തമാക്കി. 'വൺ ഇന്ത്യ മലയാള'ത്തിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തായ്‌ലാൻഡിൽ നടന്ന പ്രോ വുഷു സാൻഡ ഫൈറ്റ് ചാമ്പ്യൻഷിപ്പിലെ 70 കിലോ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനീധികരിച്ച് മത്സരിച്ചെന്നും ഫൈനലിൽ അമേരിക്കയെ വീഴ്ത്തി താൻ കീരീടം നേടുകയായിരുന്നുവെന്നും അനിയൻ മിഥുൻ പറഞ്ഞിരുന്നു. വിവാദം ഉയർന്നപ്പോൾ ഇത് സംബന്ധിച്ച് ബിഗ് ബോസ് തന്നെ വീണ്ടും മിഥുനോട് വ്യക്തത തേടിയിരുന്നു. എന്നാൽ താൻ ലോകചാമ്പ്യൻ ആണെന്ന് മിഥുൻ ആവർത്തിക്കുകയായിരുന്നു.
മിഥുന്റെ പരിശീലകർ ആരെന്ന ചോദ്യത്തിന് നാട്ടിൽ വെച്ച് അനീഷ് മാസ്റ്ററുടെ കീഴിലും ജമ്മുവിൽ കുൽദീപ് ഹാൻഡുവിന് കീഴിലുമാണ് താൻ പരിശീലിച്ചത് എന്നുമായിരുന്നു മിഥുൻ പറഞ്ഞത്. എന്നാൽ വെറും ആറോ ഏഴോ ദിവസം മാത്രമാണ് അനിയൻ തന്റെ കീഴിൽ പരിശീലച്ചതെന്ന് പറയുകയാണ് ഹാൻഡു.
'അനിയൻ മിഥുൻ പത്ത് വർഷം മുൻപാണ് ജമ്മുവിൽ എന്റടുത്തേക്ക് വന്നത്. കേരളത്തിൽ കാര്യമായ പരിശീലനങ്ങൾ ലഭിക്കുന്നില്ലെന്നും അതിനാലാണ് ജമ്മുവിലേക്ക് വന്നതെന്നുമാണ് പറഞ്ഞത്. ഇവിടെ പരിശീലനം തേടുന്ന കുട്ടികൾക്കൊപ്പം പരിശീലിച്ചോളൂവെന്ന് ഞാൻ മിഥുനോട് പറഞ്ഞിരുന്നു. ആറോ ഏഴോ ദിവസം പരിശീലിച്ചിരുന്നു. എന്നാൽ പിന്നീട് അവനെ കുറിച്ച് എനിക്ക് കാര്യമായ വിവരങ്ങളൊന്നുമില്ല.
ഇപ്പോൾ ഞാൻ അറിഞ്ഞത് മിഥുൻ ലോകചാമ്പ്യനും സൗത്ത് ഏഷ്യൻ ഗോൾഡ് മെഡൽ ജേതാവുമാണെന്നൊക്കെയാണ്. മിഥുൻ ലോകചാമ്പ്യനല്ല. ഇവിടെ പരിശീലനം നേടുന്ന മൂന്ന് കുട്ടികളുണ്ട് , പൂജ കാഡിയാൻ, പൂനം, പ്രവീൺ ഇവരാണ് ലോകചാമ്പ്യൻമാർ. കായിക മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ മത്സരങ്ങളിൽ പങ്കെടുത്തവരാണിവർ. കേരളത്തിൽ നിന്നും ആരും ഇതുവരെ ലോകചാമ്പ്യൻ ആയിട്ടില്ല', കുൽദീപ് ഹാൻഡു പറഞ്ഞു.
നേരത്തേ അനീഷ് എന്ന പരീശീലകനും അനിയന് ലോകചാമ്പ്യൻഷിപ്പ് ലഭിച്ചോ എന്നതിൽ വ്യക്തത ഇല്ലെന്നായിരുന്നു പറഞ്ഞത്. വിജയിച്ചെന്ന് അവകാശപ്പെടുന്ന മത്സങ്ങളുടെ സർട്ടിഫിക്കറ്റുകളും വീഡിയോയും കാണിക്കാൻ പലപ്പോഴും താൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരിക്കൽ പോലും മിഥുൻ അത് കാണിച്ചിരുന്നില്ലെന്നും അനീഷ് പറഞ്ഞിരുന്നു.
'വുഷുവിൽ പ്രൊഫഷണൽ, അമച്വർ മത്സരങ്ങൾ നടക്കാറുണ്ട്. പ്രൊഫഷണല്‍ മത്സരം എന്ന് പറയുന്നത് സ്വകാര്യ ഏജന്‍സികളോ അസോസിയേഷനുകളോ നടത്തുന്നതാണ്. ബിസിനസ് അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഇത്തരം മത്സരം സംഘടിപ്പിക്കുന്നത്.പ്രൊഫഷണല്‍ മത്സരങ്ങള്‍ തായ്ലൻഡ്, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് നടക്കുന്നത്. ഇത്തരം മത്സരങ്ങളിലാണ് അനിയന്‍ മിഥുന്‍ പങ്കെടുത്തിരിക്കുന്നത് എന്നും അനീഷ് പറഞ്ഞിരുന്നു.












Click it and Unblock the Notifications