ലാലേട്ടന് മുന്നില്‍ മാപ്പ് പറഞ്ഞു, പക്ഷെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു, അത് തെറ്റാണ്: അനു ജോസഫ്
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് താരങ്ങള്‍ക്കിടയിലുണ്ടായ രസകരമായ ഏറ്റുമുട്ടലുകളിലൊന്നായിരുന്നു അനു ജോസഫ്-നാദിറ തർക്കം. ഒരു വഴക്കിനിടയില്‍ നാദിറ പറയാന്‍ പാടില്ലാത്ത വാക്കുകള്‍ പറഞ്ഞെന്ന് അനു അവകാശപ്പെട്ടതോടെയാണ് തർക്കം പുതിയ തലത്തിലേക്ക് കടന്നത്. അനു വളരെ വൈകാരികമായി പ്രതികരിച്ചതോടെ താൻ മോശമായി ഉദ്ദേശിച്ച് പറഞ്ഞിട്ടില്ലെന്നും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നാദിറ വ്യക്തമാക്കി.
ഈ വിഷയം ആ ആഴ്ച മോഹന്‍ലാല്‍ വന്നപ്പോഴും വീട്ടില്‍ ചർച്ചാ വിഷയമായി. നടന്ന സംഭവത്തിന്റെ വീഡിയോ ഒരിക്കല്‍ കൂടി എല്ലാവരേയും കാണിച്ചപ്പോഴാണ് നാദിറ യഥാർത്ഥത്തില്‍ പറഞ്ഞത് എന്താണെന്ന് വ്യക്തമാവുന്നത്. അനു പറഞ്ഞത് പോലെ മോശം ഭാഷാപ്രയോഗം നാദിറ നടത്തിയില്ലെന്ന് മോഹന്‍ലാലും വ്യക്തമാക്കി. തുടർന്ന് അനു നാദിറയോട് ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ ഭാഗം കൂടുതല്‍ വിശദീകരിച്ചുകൊണ്ട് അനു തന്നെ ഒരിക്കല്‍ കൂടി രംഗത്ത് വരികയാണ്.

നാദിറയോട് അന്ന് പ്രതികരിച്ചതില്‍ എനിക്ക് യാതൊരു കുറ്റബോധവും തോന്നിയിട്ടില്ല. വലിയ ബഹളത്തിനിടയ്ക്കാണ് നാദിറയുടെ സംസാരം കേട്ടത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്റെ പ്രതികരണം. അവള്‍ പറഞ്ഞതും എനിക്ക് തോന്നിയതുമായ വാക്കുകള്‍ ഏകദേശം സമമായിരുന്നു. ഏത് രീതിയിലാണെങ്കിലും ആ സംസാരിച്ച ടോണ്‍ എനിക്ക് ഇഷ്ടമായില്ലെന്നും അനു ജോസഫ് പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
നിങ്ങള്‍ ഉദ്ദേശിച്ചത് പോലെയല്ല നാദിറ സംസാരിച്ചതെന്ന് മോഹന്‍ലാല്‍ സാറിനെപ്പോലെയുള്ള ഒരാള്‍ വന്ന് പറയുമ്പോള്‍ അതിനെ അംഗീകരിക്കാനെ സാധിക്കുകയുള്ളു. അതുകൊണ്ടാണ് ഞാന്‍ ക്ഷമ പറഞ്ഞത്. ഞാന്‍ കേട്ടത് ആ ടോണിലുള്ള കാര്യമായിരുന്നു. എനിക്ക് ഇപ്പോഴും അത് തെറ്റ് തന്നെയാണ്. മറ്റുള്ളവർക്ക് അത് തെറ്റായി തോന്നിയില്ല എന്നതിനോടൊപ്പം മറുവശത്ത് നില്‍ക്കുന്നവർക്ക് വിഷമമായോ എന്നും ആലോചിച്ചപ്പോയാണ് മാപ്പ് പറഞ്ഞത്.
ഇപ്പോഴും തന്റെ ഭാഗമാണ് ശരിയെന്ന് പറയുമ്പോള്‍ എന്തുകൊണ്ട് അവിടെ തന്റെ വാദത്തില്‍ ഉറച്ച് നിന്നില്ല എന്നാണെങ്കില്‍ അത് ധൈര്യത്തിന്റെ പ്രശ്നം ഒന്നുമല്ല. ചില സമയത്ത് അപ്രിയമായ സത്യം പറയരുതെന്ന ഒരു പ്രയോഗമുണ്ട്. ലാല്‍ സാറിനും ആ പ്രോഗ്രാമിനും ഞാന്‍ കൊടുത്ത ബഹുമാനമാണ് എന്റെ മാപ്പ്. എന്റെ വിശ്വാസവും ശരിയും ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും അനു പറയുന്നു.

എന്തെങ്കിലും വിഷയം ഉണ്ടാവാതെ നമ്മള്‍ പ്രതികരിക്കുക എങ്ങനെയാണ്. എനിക്ക് എന്റെതായ മത്സരരീതിയുണ്ട്. അവിടെ നടക്കുന്ന ചെറിയ കാര്യങ്ങളില്‍ പോലും റിയാക്ട് ചെയ്യുന്നവർ അവിടെയുണ്ട്. അവർ ഇടം കണ്ടെത്തുകയാണ്. എന്നാല്‍ ഞാന്‍ ആവശ്യമുള്ള സ്ഥലത്ത് മാത്രമാണ് പ്രതികരിക്കുന്നത്. മറ്റൊരു വ്യക്തിക്ക് ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയിട്ടുമല്ല ഞാന്‍ വീട്ടില്‍ നിന്നതെന്നും താരം വ്യക്തമാക്കുന്നു.
ഗ്രൂപ്പ് പൊളിക്കാന്‍ പോയ ഞാന്‍ ഗ്രൂപ്പിന്റെ ഭാഗമായി മാറിയെന്ന ആരോപണം ശരിയല്ല. ആരോടും സംസാരിക്കാതെ അവിടെ നില്‍ക്കാന്‍ സാധിക്കില്ല. രണ്ട് ആളുകള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ എങ്ങനെയാണ് ഗ്രൂപ്പായി മാറുന്നത്. ശോഭ ബിസിനസ് ചെയ്യുന്നത് ആളുകളെ സുഖിപ്പിച്ചാണെന്ന് അഖില്‍ മാരാർ പറഞ്ഞത് ഒരു പ്രകോപനത്തിന്റെ ഭാഗമായിട്ടാണ്. പിന്നെ അവന്‍ അതിനെ ന്യായീകരിച്ചതായിട്ട് തനിക്ക് തോന്നിയെന്നും അനു കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications