'അവിടെ വെച്ച് കെട്ടിപിടിത്തം,നമ്മൾ മണ്ടൻമാരാണോ? കഞ്ഞിവെള്ളം കുടിക്കുന്നവരൊക്കെ കണ്ടതല്ലേ';തുറന്നടിച്ച് രജിത്
കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ നിന്നും പുറത്താക്കപ്പെട്ട പിന്നാലെ പരിപാടിയ്ക്കെതിരെ കടുത്ത ഭാഷയിലായിരുന്നു മുൻ മത്സരാർത്ഥിയായ റോബിൻ പ്രതികരിച്ചത്. ബിഗ് ബോസ് ഷോ തട്ടിപ്പ് പരിപാടിയാണെന്നും റേറ്റിംഗ് കൂട്ടാൻ വേണ്ടിയാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നുമായിരുന്നു റോബിൻ ആരോപിച്ചത്. മത്സരാർത്ഥികളായ അഖിൽ മാരാരേയും സാഗർ സൂര്യയേയും ടാർഗറ്റ് ചെയ്യണമെന്ന പ്രത്യേക നിർദ്ദേശം തനിക്ക് അണിയറ പ്രവർത്തകർ നൽകിയിരുന്നതായും റോബിൻ പറഞ്ഞിരുന്നു.
എന്നാൽ റോബിന്റെ ഈ ആരോപണത്തിനെതിരെ തുറന്നടിക്കുകയാണ് റോബിനൊപ്പം സീസൺ 5 ൽ അതിഥിയായി പോയ മുൻ ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാർ. 'മൈൽ സ്റ്റോൺ മേയ്ക്കേഴ്സ്'യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ബിഗ് ബോസും ഏഷ്യാനെറ്റും ആരെയെങ്കിലും ടാർഗറ്റ് ചെയ്യണമെന്ന് എന്നെ ഏൽപ്പിച്ചിരുന്നുവെങ്കിൽ ഞാൻ അവിടെ കിടന്ന് കറങ്ങുകയല്ലേ ഉള്ളൂ. അഖിൽ മാരാരെ ടാർഗറ്റ് ചെയ്യാൻ പറഞ്ഞൂവെന്നാണ് പറയുന്നത്. രണ്ട് പേരിലും ആരാണ് ബെസ്റ്റായി അഭിനയിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല. വെളിയിൽ കിടന്ന് കടിപിടി കൂടിയിട്ട് പോയിട്ട് , നമ്മളെന്താ മണ്ടൻമാരാണോ? കഞ്ഞിവെള്ളം കുടിക്കുന്നവരൊക്കെ ഈ സോഷ്യൽ മീഡിയയിൽ കാണുന്നതല്ലേ തലേ ദിവസം കിടന്ന് അടികൂടിയതൊക്കെ.
അങ്ങോട്ടും ഇങ്ങോട്ടും തെറിവിളിച്ച് പോയി അവിടെ കണ്ടപ്പോൾ കെട്ടിപിടിത്തം.ഇതല്ലേ ഫെയ്ക്ക്. ഇത് ബ്രില്യന്റ് പ്ലേ അല്ല, തറ പരിപാടിയാണ് രണ്ട് പേരും കാണിച്ചത്. പക്ഷേ ഒരു മത്സരാർത്ഥിയെന്ന നിലയിൽ അഖിൽ അവിടുത്തെ ഹോട്ടൽ ജീവനക്കാരനാണ്. നമ്മൾ ചെല്ലുന്നത് ഗസ്റ്റ് ആയിട്ടാണ്. അപ്പോൾ അഖിൽ മാരാർ കാണിച്ചത് ശരിയാണ്. പക്ഷേ ടാസ്ക് കഴിഞ്ഞിട്ട് ബിഗ് ബോസ് സമയം തന്നിരുന്നു. അപ്പോൾ അവൻ തിരിച്ചടിക്കണ്ടേ? ചെയ്തോ?
ടാസ്കിനിടയിൽ അഖിലിനെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുക, സല്യൂട്ട് ചെയ്യിപ്പിക്കുക എന്തുകൊണ്ടാണ് ഷിജുവിനെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിക്കുകയോ അറ്റാക്ക് ചെയ്യുകയോ ചെയ്യാതിരുന്നത്. അഖിലിനോട് ഞാൻ പോയി ചോദിച്ചു, നിങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതല്ലേ പ്രകടിപ്പിക്കേണ്ടേയെന്ന്. നിങ്ങൾ യഥാർത്ഥത്തിൽ നടനാണോ സംവിധായകനാണോയെന്ന് ചോദിച്ചു. അഖിൽ മാരാർ ബ്രില്യന്റ് പ്ലയർ ആണെന്ന കാര്യത്തിൽ തർക്കമില്ല.
പക്ഷേ പുറത്ത് തർക്കിച്ചവർ അകത്ത് കാണിച്ചത് കണ്ടപ്പോൾ എന്റെ ഉള്ളിലൊരു പുച്ഛം തോന്നി. അളിയനും മച്ചാനും പോലും പോലെ തോളിൽ കയ്യിട്ട് നടക്കുക, ഞാനാണെങ്കിൽ അത് ചെയ്യില്ല. ഞാനാണെങ്കിൽ ചോദ്യം ചെയ്തേനെ. അതല്ലേ ധൈര്യം, ബ്രില്യൻസ്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചോദിക്കാം. ചെന്ന ആൾക്കും അത് ചോദിക്കാം. എന്തിനാണ് എന്നെ കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞതെന്ന്.
ഇതൊന്നും ചെയ്യാതെ സ്വന്തം മനസിൽ ടാർഗറ്റ് ചെയ്യാത പോയതായിരിക്കാം. അല്ലാതെ ഒരാളെ ടാർഗറ്റ് ചെയ്യണമെന്ന് ബിഗ് ബോസ് പറഞ്ഞ് കാണില്ല. അതിന്റെ ആവശ്യകത പോലും ഇല്ല. ഗെയിമർ എന്ന നിലയിൽ ഞാൻ എന്റെ റോൾ ഭംഗിയായി ചെയ്തു. ബിഗ് ബോസിൽ ഉള്ള 13 മത്സരാർത്ഥികൾ മണ്ടൻമാരല്ലല്ലോ.
അഖിലും ഷിജുവുമൊക്കെ ബ്രില്യന്റ് പ്ലയേഴ്സ് ആണ്. ഇവരയൊക്കെ വിറ്റകാശ് റിനോഷിന്റെ കൈയ്യിലുണ്ട്. ഞാൻ തിരിച്ചിറങ്ങുമ്പോൾ അവൻ ഭയങ്കര കരച്ചിലായിരുന്നു. അവനോട് ഞാൻ പറഞ്ഞത് നീ വിന്നറാകണം എന്നാണ്. വേറാരോടും ഞാൻ പറഞ്ഞിട്ടില്ല. അവൻ കുറെ മുൻപോട്ട് വരാൻ ഉണ്ട്. ഇപ്പോൾ വിജയി ആരെന്ന് പറയാൻ സാധിക്കില്ല. എന്തായാലും രണ്ട് പേരെ ടാർഗറ്റ് ചെയ്യാൻ പറഞ്ഞാണ് റോബിനെ വിട്ടതെന്ന കാര്യം എനിക്ക് ദഹിക്കില്ല, ഞാൻ വിശ്വസിക്കില്ല. സത്യം കാലം തെളിയിക്കും.
സീസൺ 4 ൽ എനിക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥി റോബിൻ ആയിരുന്നു.റോബിൻ എന്ന മത്സരാർത്ഥിയെ കഴിഞ്ഞ സീസണിൽ രണ്ട് പേർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അത് കണ്ടാണ് അദ്ദേഹത്തോട് എനിക്ക് സ്നേഹം തോന്നിയത്. ഈ സീസണിൽ ഒറിജിനലായിട്ട് തോന്നിയത് അഞ്ജൂസ് റോഷ് ആയിരുന്നു. ഇമേജൊന്നും നോക്കാതെ സ്വത സിദ്ധമായ ശൈലിയിലാണ് അഞ്ജൂസ് കളിച്ചത്. ഫേക്കായി തോന്നിയത് സാഗർ, ജുനൈസ് എന്നിവരാണ്. തെറ്റ് പറ്റിയാൽ അത് ലാലേട്ടൻ പറഞ്ഞാൽ പോലും മാറാൻ തയ്യാറാകാത്തവരാണിവർ', രജിത് കുമാർ പറഞ്ഞു.












Click it and Unblock the Notifications