പൊട്ടിക്കരഞ്ഞ് സാഗർ: 'ഔട്ടാവുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല, എന്താണ് സംഭവിച്ചതെന്ന് അറിയില്ല'
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലേക്ക് സിനിമാ-സീരിയല്‍ രംഗത്ത് നിന്നും വന്ന താരമാണ് സാഗർ സൂര്യ. തുടക്കത്തില്‍ വളരെ മികച്ച രീതിയില്‍ മുന്നേറിയ താരത്തിന്റെ പ്രകടനം നാല്‍പ്പത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം താഴേക്ക് പോയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഒടുവില്‍ കഴിഞ്ഞ ദിവസത്തോടെ താരം ഷോയില്‍ നിന്നും പുറത്താവുകയും ചെയ്തു. എന്നാല്‍ ഒരു കാരണവശാലും ഇത്തവണ പുറത്ത് പോവേണ്ട മത്സരാർത്ഥി സാഗർ സൂര്യയായിരുന്നില്ലെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നത്.
പുറത്താവല്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചർച്ച കൊഴുക്കുമ്പോള്‍ സാഗർ സൂര്യ ഇന്ന് രാവിലെയോടെ മുംബൈയില്‍ നിന്നും കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തി. പതിവില്‍ നിന്നും വ്യത്യസ്തമായി ഏറെ ദുഖിതനായി കാണപ്പെട്ട താരം ഒരുവേള മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞ് പോവുകയും ചെയ്തു. തുടർന്ന് ഏറെ പണിപ്പെട്ടാണ് തന്റെ കരച്ചില്‍ അദ്ദേഹം അടക്കി നിർത്തിയത്. പിന്നീട് മാധ്യമങ്ങളോടും സംസാരിക്കാനും താരം തയ്യാറായി.

ഇത്തരമൊരു അവസരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ സാഗർ സൂര്യ ഇത്തവണ താന്‍ പുറത്താവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പറയുന്നു. ബിഗ് ബോസ് എന്ന ഷോയോടും ഏഷ്യാനെറ്റിനോടും വലിയ ബഹുമാനമുണ്ട്. പക്ഷെ ഇപ്പോഴും അവിടെ ഗെയിം എന്ന രീതിയില്‍ ശരിയായ രീതിയില്‍ മത്സരിക്കാത്തവരുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നെ സംബന്ധിച്ച് ഞാന്‍ മികച്ച രീതിയില്‍ തന്നെയാണ് നിന്നത്. ഈ ഷോയിലേക്ക് ഞാന്‍ വന്നതിന് ഒരു ലക്ഷ്യം ഉണ്ടായിരുന്നു. എന്റെ അമ്മയ്ക്ക് ബിഗ് ബോസ് വലിയ ഇഷ്ടമായിരുന്നു. അമ്പതാം ദിവസത്തെ ആ എപ്പിസോഡോടെ ഈ കപ്പ് ഞാന്‍ അടിച്ച് കഴിഞ്ഞു. അതിന് ശേഷവും നല്ല രീതിയില്‍ കളിച്ച് വരികയായിരുന്നു. എന്തുകൊണ്ടാണ് പുറത്തായതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.
സ്വപ്നത്തില്‍ പോലും ഞാന്‍ ഇത് വിചാരിച്ചിരുന്നില്ല. തുടർന്നും അവിടെ നില്‍ക്കേണ്ട ആളാണ് ഞാന്‍ എന്ന് തന്നെയാണ് കരുതുന്നത്. പിന്നെ പോകെ.. പോകെ ഒരുപാട് വെറുപ്പ് സമ്പാദിക്കുന്നതിനേക്കാള്‍ എത്രയും നല്ലതാണ് പുറത്തിറങ്ങിയതെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് അറിയില്ല. ഒരോ ഗെയിം വരുമ്പോഴും ഞാന്‍ എന്റേതായ രീതിയില്‍ കളിക്കുന്നു. ആ രീതികള്‍ എന്റെ ശരികളാണെന്നും സാഗർ സൂര്യ വ്യക്തമാക്കുന്നു.

എന്റെ ഗെയിം പലർക്കും ഇഷ്ടമായിട്ടുണ്ടാവില്ല, എന്നാല്‍ ഒരു സേഫ് ഗെയിം കളിക്കാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. എല്ലാവരും കാണാന്‍ വന്നതില്‍ സന്തോഷം, ആ സ്നേഹത്തിന്റെ കരച്ചിലാണ് ഇത്. ഈ ഷോയെ കുറിച്ച് ഞാന്‍ ഒരു പഠനം നടത്തിയിരുന്നു. എല്ലാവരേയും ബ്രേക്ക് ചെയ്യേണ്ട ഒരു ഘട്ടത്തിലെത്തി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.
എന്റെ കുറച്ച് പൊട്ടന്‍ഷ്യല്‍ കൂടി കാണിക്കാനുണ്ടായിരുന്നു. പക്ഷെ അതിനുള്ള അവസരം കിട്ടിയില്ല. ഗെയിം കളിക്കുമ്പോള്‍ എന്റെ കണ്ണില്‍ അത് ഓക്കെയാണ്, പക്ഷെ ജനങ്ങള്‍ക്ക് അത് ക്രൂരമായിട്ട് തോന്നിയിട്ടുണ്ടാവാം. സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്നൊന്നും എനിക്ക് അറിയില്ല. സെറീനയുമായി നല്ല രീതിയിലുള്ള ഇമോഷണല്‍ അറ്റാച്ച്മെന്റ് എനിക്കുണ്ട്. അതിനെയെല്ലാം വേറെ രീതിയിലാണ് ചിലർ കാണുന്നത്.
എന്തൊക്കെ ചെയ്താലും കൂടെയുള്ളവർ എന്നെ മനസ്സിലാക്കുന്നില്ല. ജുനൈസ് എന്നെ മനസ്സിലാക്കിയില്ല. ഫ്രണ്ട്ഷിപ്പ് എന്താണ് എന്ന് ശരിക്കും മനസ്സിലാക്കാത്തതില്‍ എനിക്ക് വലിയ വിഷമം ഉണ്ട്. പക്ഷെ മനസ്സിലാക്കായിവരുണ്ട്. കൂടെയുള്ളവരെ മുന്നോട്ട് നയിക്കാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷെ ഞാന്‍ പുറത്തായി. അഖില്‍ മാരാറൊക്കെ അദ്ദേഹത്തിന്റെ ഗെയിമാണ് കളിക്കുന്നത്. ഒരോ ഗെയിമും ഒരോരുത്തരുടെ രീതിയാണെന്നും സാഗർ സൂര്യ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications