അഖില്‍ മാരാരുടെ ചെവിയില്‍ രഹസ്യമായി ഒരു കാര്യം പറഞ്ഞു: കള്ളം പ്രചരിപ്പിക്കരുതെന്നും ഷിജുവിന്റെ ഭാര്യ
മത്സരാർത്ഥികളെ കാണാനായി കുടുബക്കാരും വീട്ടുകാരുമെത്തുന്ന സന്ദർഭങ്ങള്‍ക്കാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ഈ ആഴ്ച സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് ഭാഷകളില്‍ നേരത്തെയുണ്ടായിട്ടുണ്ടെങ്കിലും ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇതുപോലെയുള്ള സന്ദർശനം. അത്തരത്തില്‍ വീട്ടിലേക്ക് ആദ്യമായി എത്തിയ കുടുംബം ഷിജുവിന്റേതായിരുന്നു.
ഭാര്യ പ്രീതിയും മകള്‍ മുസ്കാനയുമാണ് ഷിജുവിനേയും സഹതാരങ്ങളേയും കാണാനായി കഴിഞ്ഞ ദിവസം ബിഗ് ബോസ് ഷോയിലേക്ക് വന്നത്. എല്ലാവർക്കും സമ്മനങ്ങളുമായി വന്ന അവർ എല്ലാവരുമായി ഏറെ നേരം സംസാരിക്കുകയും ഷിജുവിനോട് നല്ല രീതിയില്‍ തന്നെ മത്സരിച്ച് മുന്നോട്ട് പോവണമെന്നും നിർദേശിച്ചു. പിന്നാലെ അവർ വീട്ടില്‍ നിന്ന് മടങ്ങുകയും ചെയ്തു.

ഷിജുവിന്റെ കുടുംബത്തിന്റെ സന്ദർശനം സോഷ്യല്‍ മീഡിയയിലും വലിയ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. ഷോയില്‍ ഭർത്താവിന്റെ ഉറ്റ സുഹൃത്തായ അഖില്‍ മാരാറെ പ്രീതിയും മുസ്കാനും മനപ്പൂർവം ശ്രദ്ധിച്ചില്ല, അദ്ദേഹത്തെ സൂക്ഷിക്കണമെന്ന നിർദേശം കൊടുത്തു എന്ന തരത്തിലുള്ള പ്രചരണവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇത്തരം പ്രചരണം തള്ളിക്കൊണ്ട് പ്രീതി തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
ഷിജുവിനെ ബിഗ് ബോസ് വീട്ടില്‍ പോയി സന്ദർശിക്കാനുള്ള അവസരം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഒരുപാട് സന്തോഷത്തിലായിരുന്നു. കാണുമ്പോള്‍ ഇമോഷണലാവും എന്ന് അറിയാമായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുപാട് ഇമോഷണലാണ്. എന്തായാലും ഏറെ നാളുകള്‍ക്ക് ശേഷം പരസ്പരം കണ്ടു. പുള്ളി ഒരുപാട് ക്ഷീണിച്ചിട്ടുണ്ട്. അതില്‍ വിഷമമുണ്ടെന്നും പ്രീതി പറയുന്നു.

ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്രയധികം മാറി നില്‍ക്കുന്നത്. മോള്‍ പുറത്ത് ഒന്നും കാണിക്കാറില്ലായിരുന്നെങ്കിലും വീട്ടിലെത്തി കണ്ടപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു പോയി. വീട്ടിലേക്ക് എത്തിയപ്പോള്‍ അവളാണ് ഷിജുവിനെ ആദ്യം കാണിച്ച് തന്നത്. കൈ തൊട്ടപ്പോള്‍ തന്നെ പുള്ളിയങ്ങ് കരയാന്‍ തുടങ്ങി. പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത ഒരു നിമിഷമായിരുന്നു അത്.
ആരാണ് ജനപ്രീതിയില്‍ മുന്നില്‍, വോട്ടിങ് എങ്ങനെ എന്നൊന്നും പറയരുതെന്ന നിർദേശം ബിഗ് ബോസ് തന്നിരുന്നു. സോഷ്യല്‍ മീഡിയയുടെ ഫോളോവേഴ്സിന്റെ എണ്ണം പോലും പറയാന്‍ പറ്റില്ല. പിന്നെ അവിടെ നടന്ന കാര്യങ്ങള്‍ പറയാം. അതൊക്കെ സംസാരിച്ചു. നാദിറക്കുള്ള സ്പെഷ്യല്‍ സമ്മാനം ഒരു പ്രചോദനമമായിരുന്നു. എല്ലാവർക്കും ഒരു പോസിറ്റീവ് വൈബ് കൊടുത്തിട്ടാണ് ഞാന്‍ മടങ്ങിയതെന്നും പ്രീതി പറയുന്നു.
എല്ലാവരോടും സംസാരിച്ചു. അഖില്‍ മാരാർ അധികം സംസാരിച്ചില്ല. അദ്ദേഹവും വളരെ ഇമോഷണലായിരുന്നു. ഷിജു അദ്ദേഹത്തിന്റെ വളരെ അടുത്ത സുഹൃത്താണ്. അതുകൊണ്ട് തന്നെ ഷിജുവിന്റെ മുഖം മാറിയത് പെട്ടെന്ന് തന്നെ മാരാർക്ക് മനസ്സിലായി. ഞാന്‍ വീട്ടിലേക്ക് കയറിയപ്പോള്‍ അഖില്‍ മാരാറും കരഞ്ഞത് എത്ര പേർ കണ്ടെന്ന് അറിയില്ല. പുള്ളിയുടെ ഭാര്യയും ഞാനും നല്ല സുഹൃത്തുക്കളാണ്. അവരെക്കുറിച്ചൊക്കെ സംസാരിച്ചിട്ടുണ്ട്.

ഞാനും മാരാറും സംസാരിച്ചതൊന്നും അധികം കാണിച്ചിട്ടില്ല. മാരാറോട് ഞാന്‍ അധികം സംസാരിച്ചില്ല എന്നൊക്കെയുള്ളത് ഒരു തെറ്റിദ്ധാരണയാണ്. വാ നമുക്ക് സ്മോക്കിങ് റൂമില്‍ പോവാമെന്നൊക്കെ പറഞ്ഞിരുന്നു. മാരാറും ഷിജുവും നല്ല സുഹൃത്തുക്കളാണെന്ന് ഒരിക്കല്‍ കൂടി ആവർത്തിക്കുന്നു. അവർക്കിടയില്‍ ഗെയിമില്ല. മാരാർ മിണ്ടാതിരിക്കുന്നത് എന്താണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ നിങ്ങളുടെ സന്തോഷം കണ്ടുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. അത് സത്യമാണ്.
കുടുംബത്തെ ഓർമ്മ വന്നപ്പോള്‍ മാരാർക്ക് വിഷമം ഉണ്ടായെന്ന് തോന്നുന്നു. എന്നെ കെട്ടിപ്പിടച്ചപ്പോള്‍ ഭാര്യ വരുന്നുണ്ടെന്ന് പതുക്കെ ചെവിയില്‍ പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും തുല്യപ്രധാന്യമാണ് ഞാന്‍ കൊടുത്തത്. മാരാറെപ്പോലുള്ള ഒരാളെ ഞാന്‍ എന്തിന് മാറ്റി നിർത്തണം. ഷിജുവിനെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയ വ്യക്തിയാണ് മാരാർ എനിക്കും ഒരു അനിയനെപ്പോലെയാണെന്നും പ്രീതി വ്യക്തമാക്കുന്നു.












Click it and Unblock the Notifications