മിഥുന്‍ അതും പൈസ കൊടുത്ത് വാങ്ങിയത്: പക്ഷെ ചില സത്യങ്ങളുണ്ട്, അവർ പറയുന്നത് നുണയെന്നും കോച്ച്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഫെയിം അനിയന്‍ മിഥുന്‍ പറഞ്ഞ ആർമി, വുഷു 'കഥകളും' തുടർന്നുണ്ടായ വിവാദങ്ങളും ഷോയ്ക്കുള്ളില്‍ ഏറെക്കുറെ കെട്ടടങ്ങിയിരിക്കുകയാണ്. ഈ സംഭവത്തെക്കുറിച്ച് അനിയന്‍ മിഥുനോ മറ്റുള്ളവരോ പരസ്പരം ഇപ്പോള്‍ സംസാരിക്കാറില്ല. എന്നാല്‍ നേരേ മറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ചർച്ചകള്‍ സജീവമായി മുന്നോട്ട് പോവുകയാണ്. മിഥുനെതിരെ മേജർ രവി, വുഷു ജഡ്ജ് തുടങ്ങിയ നിരവധിയാളുകളാണ് രംഗത്ത് വന്നത്.
മിഥുന് വേണ്ടി അദ്ദേഹത്തിന്റെ ആരാധകരും മികച്ച രീതിയില്‍ തന്നെ രംഗത്തുണ്ട്. സംഘടനകള്‍ക്ക് കീഴില്‍ മത്സരിക്കാത്തവരെ അംഗീകരിക്കില്ലെന്ന നിലപാട് ശരിയല്ലെന്നാണ് അവരുടെ പക്ഷം. അതേസമയം ഇപ്പോഴിതാ അനിയന്‍ മിഥുന്‍ തന്റെ കേരളത്തിലെ പരിശീലകന്‍ എന്ന് വ്യക്തമാക്കി അനീഷ് എന്ന പരിശീലകന്‍ തന്നെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ്.
നാല് വർഷത്തോളം അനിയന്‍ മിഥുന്‍ എന്റെ കീഴിലാണ് പരിശീലിച്ചത്. എല്ലാ മാർഷല്‍ ആർട്സുകളിലും രണ്ട് തരത്തിലുള്ള മത്സര രീതികളുണ്ട്. പ്രൊഫഷണലും അമേച്വറും. പ്രൊഫഷണല്‍ മത്സരം എന്ന് പറയുന്നത് സ്വകാര്യ ഏജന്‍സികളോ അസോസിയേഷനുകളോ നടത്തുന്നതാണ്. ബിസിനസ് അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഇത്തരം മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് പ്രൈസ് മണി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അമേച്വർ മത്സരങ്ങള്‍ക്ക് പ്രൈസ് മണി ലഭിക്കില്ല, പകരം സർട്ടിഫിക്കറ്റുകളും മറ്റ് അംഗീകാരവും ലഭിക്കും. സർക്കാറിന്റേയും സ്പോർട്സ് കൗൺസിലിന്റേയുമൊക്കെ അംഗീകാരവും ഇതിന് ആവശ്യമാണ്. പ്രൊഫഷണല്‍ മത്സരങ്ങള്‍ തായ്ലൻഡ്, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് നടക്കുന്നത്. ഇത്തരം മത്സരങ്ങളിലാണ് അനിയന്‍ മിഥുന്‍ പങ്കെടുത്തിരിക്കുന്നത്.
പല ക്ലബ്ബുകള്‍ക്ക് കീഴിലും അനിയന്‍ മിഥുന്‍ മത്സരിച്ചിട്ടുണ്ട്. അവർ ഇപ്പോള്‍ അത് പറയാത്തത് തങ്ങളുടെ ക്രെഡിബിലിറ്റി പോവുമോയെന്ന പേടിയിലാണ്. അത്തരമൊരു പേടിയില്ലാത്തതുകൊണ്ടാണ് ഉള്ള കാര്യങ്ങള്‍ ഞാന്‍ വിളിച്ച് പറയുന്നത്. നേരത്തെ അദ്ദേഹത്തെ പരിശീലിപ്പിച്ച ഇന്ത്യന്‍ ടീമിന്റെ കോച്ചും നിലപാട് മാറ്റിയിട്ടുണ്ട്. ആദ്യം മിഥുനെ അറിയുമെന്ന് പറഞ്ഞു, പിന്നീട് ഇല്ലെന്നായി, ഒടുവില്‍ അറിയാമായിരിക്കാം എന്നതിലേക്ക് എത്തിയെന്നും സിനിമ ദ ക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനീഷ് പറയുന്നു.
തെളിവുകള്‍ വന്നപ്പോഴാണ് അറിയാമായിരിക്കാം എന്നതിലേക്ക് എത്തിയത്. പട്ടാളത്തിന്റെ കേസ് വന്നേക്കുമെന്ന് വിചാരിച്ചായിരിക്കും മാറ്റിപ്പറയല്‍. അദ്ദേഹം സിആർപിഎഫ് ഉദ്യോഗസ്ഥനാണ്. അനിയന്‍ മിഥുനെ അറിയില്ലെന്ന് അസോസിഷേയന്‍ ഭാരവാഹികള്‍ പറയുന്നത് പച്ചക്കള്ളമാണ്. ആരിഫ് എന്ന് പറയുന്ന സാറിനോടൊപ്പം കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയൊക്കെയുണ്ട്. ഞാനാണ് അനിയന്‍ മിഥുനെ അദ്ദേഹത്തിന് പരിചയപ്പെടുത്തുന്നതെന്ന് പറയുന്ന അനീഷ് ആരിഫിന്റെ ഡോക്ടറേറ്റും വ്യാജമാണെന്ന് അവകാശപ്പെടുന്നു.
അനിയന്‍ മിഥുന്റെ നോബല്‍ സമ്മാനം എന്ന് പറയുന്ന ഒരു കാര്യമുണ്ട്. അതും വ്യാജമാണ്. കാശ് കൊടുത്ത് മേടിച്ചതാണ് ആ പുരസ്കാരം. അതുപോലെ കാശുകൊടുത്ത് വാങ്ങിച്ചതാണ് ഈ ഡോക്ടറേറ്റ്. എന്നിട്ടാണ് അത് പേരിന് മുന്നില്‍ വെച്ച് നടക്കുന്നത്. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലകളാണ് ഡോക്ടറേറ്റ് കൊടുക്കുന്നത്. ഇത് അങ്ങനേയല്ല, ഇക്കാര്യം കമ്മിറ്റികളില്‍ ചോദ്യം ചെയ്തെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.
ആരിഫ് മിഥുനെ അറിയില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ ഉള്‍പ്പടെ പുറത്ത് വരുന്നത്. മാത്രമല്ല ഇദ്ദേഹം ടെക്നിക്കല്‍ ഡയറക്ടറായിരിക്കുന്ന സമയത്ത് മൂന്ന് വർഷം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പോയി മിഥുന്‍ കളിച്ചിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് അനിയന്‍ മിഥുനെ ലക്ഷദ്വീപില്‍ നിന്നും നാഷണലില്‍ കളിപ്പിച്ചത്. അന്ന് ഇദ്ദേഹം ലക്ഷദ്വീപ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്നു. എന്നിട്ട് ഇപ്പോള്‍ മിഥുനെ അറിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും അനീഷ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications