സ്വർണത്തില്‍ സ്വിറ്റ്‌സർലൻഡിനെ വെല്ലുമോ യുഎഇ: ഇന്ത്യയിലേക്ക് കൂടുതല്‍ സ്വർണ ഇറക്കുമതിയുണ്ടാവും
ഡല്‍ഹി: ഇന്ത്യ-യുഎഇ സ്വർണ വ്യാപാരം വർധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇരുരാജ്യങ്ങളും ശക്തമായി തുടരുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉടനടി തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വിറ്റ്‌സർലൻഡ് കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് യുഎഇ, അതിനാല്‍ തന്നെ അവരുമായുള്ള സ്വർണ വ്യാപാരത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സ്വതന്ത്ര വ്യാപാര കരാർ പ്രകാരം യുഎഇയിൽ നിന്നുള്ള സ്വർണം ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ നിലവില്‍തന്നെ ചില നികുതി ഇളവുകൾ നൽകിയിട്ടുണ്ട്. 15% ഇറക്കുമതി തീരുവയിലാണ് നിലവില്‍ സ്വർണം ഇറക്കുമതി ചെയ്യുന്നത്. ഈ നിരക്കില്‍ വീണ്ടും കുറവ് വരുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യമെങ്കിലും സർക്കാർ ഇതുവരെ വിഷയത്തില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടില്ല.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ സ്വർണം ഇറക്കുമതി ചെയ്യുന്നതിനായി ഒരു പുതിയ ഏകജാലക സംവിധാനം ആരംഭിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകള്‍ ഏപ്രില്‍ മാസത്തില്‍ പുറത്ത് വന്നിരുന്നു. ഇതോടെ സ്വർണ്ണ വ്യാപാരികൾക്കും ആഭരണ നിർമ്മാതാക്കൾക്കും യുഎഇയിൽ നിന്ന് ഇളവുകളോടെ സ്വർണം ഇറക്കുമതി ചെയ്യാൻ കഴിയും. നിലവിലുള്ള ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴിലായിരിക്കും ഈ വ്യാപാരവും.
വ്യാപാര ഭാഷയിൽ താരിഫ് റേറ്റ് ക്വാട്ട (TRQ) എന്ന് വിളിക്കുന്ന ഇറക്കുമതി ക്വോട്ട സമ്പ്രദായത്തിലൂടെ യുഎഇയിൽ നിന്ന് ഇളവുള്ള തീരുവയിൽ 140 മെട്രിക് ടണ്‍ സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികളാണ് ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിലായിരിക്കും ഇറക്കുമതി. ആഭരണ നിർമ്മാതാക്കൾക്കും ജ്വല്ലറികൾക്കും ഈ സംവിധാനം ഉപയോഗിക്കാൻ അനുമതി നൽകുന്ന യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയതിന് ശേഷം പൂർണ്ണമായും ക്വാട്ട സമ്പ്രദായത്തിന് കീഴിലായിരിക്കും ഇറക്കുമതി.
അതേസമയം, ജ്വല്ലറി നിർമ്മാതാക്കൾക്ക് മാത്രം സ്വർണ്ണ താരിഫ് റേറ്റ് ക്വാട്ട അനുവദിക്കുന്നത് പോലുള്ള മാനദണ്ഡങ്ങൾ നീക്കം ചെയ്യാനും എല്ലാ ഇറക്കുമതിക്കാർക്കും ക്വാട്ട ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കാനും യുഎഇ അഭ്യർത്ഥിച്ചതായുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇന്ത്യയുടെ മൊത്തം സ്വർണ ഇറക്കുമതി നടപ്പ് സാമ്പത്തിക വർഷം 24 ശതമാനം കുറഞ്ഞ് 35 ബില്യൺ ഡോളറായിട്ടുണ്ടെന്ന കണക്കുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം കൂടുതല്‍ ശ്രദ്ധേയമാവുന്നത്.












Click it and Unblock the Notifications