ഫേസ്ബുക്കില്‍ ഫാന്‍സുകാരോ തെറി ക്വട്ടേഷന്‍കാരോ
കൊച്ചി: തങ്ങളുടെ എതിരാളികളെയും അത്യധികം ബഹുമാനത്തോടുകൂടി മാത്രം വിമര്‍ശിച്ചിരുന്ന മലയാളികളുടെ പുതുതലമുറ തെറിപറയുന്നതിലാണോ ബിരുദാനന്തര ബിരുദം നേടിയിരിക്കുന്നത്? പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയിലെ മലയാളികള്‍. അങ്ങനെ കരുതുന്നതില്‍ തെറ്റുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം അടുത്തിടെ നടന്ന സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്.
സോഷ്യല്‍ മീഡിയയിലെ മലയാളികളുടെ തെറിവിളികള്‍ക്ക് പുതുമയില്ലെങ്കിലും, ചില ചര്‍ച്ചകള്‍ക്കിടയില്‍ അപൂര്‍വം ചിലര്‍മാത്രമായിരുന്നു അക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ തനിക്കറിയില്ലെന്ന് ടെന്നീസ് താരം മരിയ ഷറപ്പോവ പറഞ്ഞതോടെയാണ് മലയാളികള്‍ തെറിയിലുള്ള തങ്ങളുടെ പ്രാവീണ്യം പുറത്തെടുത്തത്.

ഷറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ വായിച്ചാലറയ്ക്കുന്ന തെറികള്‍കൊണ്ട് അഭിഷേകം ചെയ്ത് മലയാളികളുടെ പുതിതലമുറ അക്കാര്യത്തിലുള്ള തങ്ങളുടെ കഴിവു തെളിയിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിഞ്ഞില്ലെങ്കില്‍ തെറി കേള്‍ക്കുക എന്നതാണ് അവരുടെ ന്യായം. ഏറ്റവും ഒടുവില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച സംവിധായകന്‍ ഡോ. ബിജുവിനെതിരെയാണ് തെറിപ്പാട്ട്.
സംവിധായകന്‍ പറഞ്ഞതിലെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം തങ്ങളുടെ പ്രിയപ്പെട്ട നടനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായിട്ടായിരുന്നു ഫാന്‍സുകാര്‍ എന്ന പേരിലെത്തുന്നവര്‍ ചീത്തവിളിച്ചത്. തെറി വിളിച്ചാല്‍ പിന്മാറില്ലെന്ന ബിജുവിന്റെ പരാമര്‍ശവും പ്രകോപനത്തിനിടയാക്കി. ആസിഫ് അലിയുടെ സിനിമയെ വിമര്‍ശിച്ച പെണ്‍കുട്ടികളെ ഫേസ്ബുക്കില്‍ തെറി പറയുകയും പരസ്യമായി അടിക്കുകയും ചെയ്തതും ഈയടുത്തുതന്നെ. ഫാന്‍സുകാരെ അഭിനേത്രി കൂടിയായ പെണ്‍കുട്ടികളിലൊരാള്‍ തിരിച്ചു തെറിവിളിച്ചതും ആരും കണ്ണും പൊത്തിപ്പോകുന്ന വാക്കുകളാലായിരുന്നു എന്നതാണ് അതിശയകരം.












Click it and Unblock the Notifications