സിആർ 7 നും മുമ്പേ കൊക്കകോളയെ തള്ളിയ മമ്മൂട്ടി! 17 വർഷം മുമ്പ് നഷ്ടം 2 കോടി!! 70-ാം പിറന്നാളിൽ ഓർക്കാൻ ഒരു കഥ
ക്രിസ്റ്റിയാനോ റൊണള്‍ഡോ വാര്‍ത്താ സമ്മേളനത്തിനിടെ കൊക്ക കോളയുടെ കുപ്പികള്‍ എടുത്തുമാറ്റിയ സംഭവം നടന്നത് 2021 ജൂണ്‍ മാസത്തിലായിരുന്നു. ലോകം മുഴുവന്‍ ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു അത്. സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് പകരം വെള്ളം കുടിക്കുക എന്നൊരു സന്ദേശം കൂടി അതിനൊപ്പം സിആര്‍7 ആരാധകര്‍ക്ക് നല്‍കി. അതിന്റെ പേരില്‍ കൊക്ക കോള കമ്പനിയ്ക്ക് വലിയ നഷ്ടവും സംഭവിച്ചു.
Recommended Video
മലയാളത്തിന്റെ പ്രിയപ്പെട്ട മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് 70 വയസ്സ് തികഞ്ഞിരിക്കുകയാണ് ഇപ്പോള്‍. അദ്ദേഹത്തിനും ഉണ്ട് കൊക്ക കോളയെ 'മാറ്റിവച്ച' ഒരു പഴയ ചരിത്രം. എന്നാല്‍ ഈ വിഷയത്തില്‍ നഷ്ടം സംഭവിച്ചത് കൊക്ക കോളയ്ക്ക് ആയിരുന്നില്ല, മമ്മൂട്ടിയ്ക്ക് തന്നെ ആയിരുന്നു. ആ കഥയൊന്ന് നോക്കാം...

മില്ലെനിയം കണ്ടത് മമ്മൂട്ടിയുടെ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ ആയിരുന്നു. 2000 ല്‍ പുറത്തിറക്കിങ്ങിയ അരയന്നങ്ങളുടെ വീടും വല്യേട്ടനും ദാദ സാഹിബും എല്ലാം വന്‍ വിജയങ്ങളായിരുന്നു. 2001 ല്‍ രാക്ഷസരാജാവും 2003 ല്‍ ക്രോണിക് ബാച്ചിലറും ഒക്കെ ആയി തിളങ്ങി നില്‍ക്കുകയാണ് മമ്മൂട്ടി. അങ്ങനെയിരിക്കെയാണ് 2004 ല്‍ അദ്ദേഹത്തിന് കൊക്ക കോളയില്‍ നിന്ന് വലിയൊരു ഓഫര്‍ ലഭിക്കുന്നത്. കൊക്ക കോളയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആവുക എന്നതായിരുന്നു ആ ഓഫര്‍.

ഒരു പരസ്യത്തില്‍ അഭിനയിക്കുക എന്നതോ ഒരു ഉത്പന്നത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആവുക എന്നതോ മമ്മൂട്ടിയെ സംബന്ധിച്ച് അത്ര വലിയ കാര്യമൊന്നും അല്ല- അന്നും ഇന്നും അത് അങ്ങനെ തന്നെ. എന്നാല്‍ കൊക്ക കോളയുടെ കാര്യം അങ്ങനെയായിരുന്നില്ല. ഒരു ആഗോള ബ്രാന്‍ഡ് ആയ കൊക്ക കോളയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആവുക എന്നത് അത്ര ചില്ലറ കാര്യമൊന്നും അല്ല. അത് അന്നാണെങ്കിലും ഇന്നാണെങ്കിലും അങ്ങനെ തന്നെ.

ഇതുമായി ബന്ധപ്പെട്ട് മമ്മൂട്ടി, കൊക്ക കോളയുമായി കരാര്‍ ഒപ്പിട്ടിരുന്നു എന്നും പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു എന്നും ഒക്കെയാണ് അന്ന് പുറത്ത് വന്ന വാര്‍ത്തകള്‍. എന്നാല്‍ പ്രതിഫലത്തുകയെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു ഏറ്റവും ചൂടുപിടിച്ചത്. രണ്ട് കോടി രൂപയായിരുന്നു കരാര്‍ പ്രകാരമുള്ള പ്രതിഫലത്തുക എന്നായിരുന്നു വാര്‍ത്തകള്‍. രണ്ടര കോടിയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും 2004 ല്‍ ആ തുക ഒരു വലിയ തുക തന്നെ ആയിരുന്നു. പ്രത്യേകിച്ചും മലയാളം പോലെ ഉള്ള ഒരു സിനിമ ഇന്‍ഡസ്ട്രിയില്‍. തെന്നിന്ത്യയിൽ തന്നെ ഒരു താരത്തിന് ഓഫർ ചെയ്യപ്പെട്ട ഏറ്റവും വലിയ പ്രതിഫലമായിരുന്നു ഇത് എന്നും അന്ന് വാർത്തകളുണ്ടായിരുന്നു.

പ്ലാച്ചിമടയില്‍ കൊക്ക കോള പ്ലാന്റിനെതിരെ സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം കൂടിയായിരുന്നു അത് എന്ന് ഓര്‍ക്കണം. അതുകൊണ്ട് തന്നെ ആയിരുന്നിരിക്കണം മമ്മൂട്ടിയെ പോലെ ജനപ്രിയനായ, താരമൂല്യമുള്ള ഒരാളെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കാന്‍ അവര്‍ സമീപിച്ചതും. എന്തായാലും കേരളത്തില്‍ അന്ന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. സോഷ്യല്‍ മീഡിയ ഒന്നും ഇല്ലാതിരുന്ന കാലം ആയിരുന്നിട്ടുകൂടി വിവാദം ആളിക്കത്തുന്നതാണ് പിന്നീട് കണ്ടത്.

അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ വരെ ഇതിനെതിരെ രംഗത്തിറങ്ങിയിരുന്നു എന്നതാണ് വാസ്തവം. കൊക്ക കോളയുമായി കൈകോര്‍ക്കാനുള്ള മമ്മൂട്ടിയുടെ തീരുമാനം ഞെട്ടിക്കുന്നതാണെന്നായിരുന്നു വിഎസ് പ്രതികരിച്ചത്. പ്ലാച്ചിമടയില്‍ നിന്ന് വെള്ളമൂറ്റുന്ന കമ്പനിയ്ക്ക് വേണ്ടി മമ്മൂട്ടി പരസ്യം നടത്തുന്നത് ശരിയല്ലെന്ന് വിഎസ് ആഞ്ഞടിക്കുകയും ചെയ്തു. കേരളത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഒരു വികാരമായി ഉയര്‍ന്നുവരുന്ന കാലം കൂടിയായിരുന്നു അത്. വിഎസ് മാത്രമായിരുന്നില്ല അന്ന് ഈ വിഷയത്തില്‍ മമ്മൂട്ടിയ്‌ക്കെതിരെ രംഗത്ത് വന്നത്- സാംസ്‌കാരിക രംഗത്തേയും രാഷ്ട്രീയ രംഗത്തേയും പല പ്രമുഖരും ഉണ്ടായിരുന്നു.

സിപിഎമ്മിന്റെ കൂടെ പിന്തുണയോടെ ആയിരുന്നു പ്ലാച്ചിമടയിലെ കൊക്ക കോള വിരുദ്ധ സമരം. മമ്മൂട്ടിയാണെങ്കില്‍ സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിയുടെ ചെയര്‍മാനും. ആഗോള കുത്തകകള്‍ക്കെതിരെ സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട് അന്ന് വളരെ കര്‍ക്കശവും ആയിരുന്നു. എന്തായാലും ഒടുക്കം മമ്മൂട്ടി കൊക്ക കോളയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുകയോ അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആവുകയോ ചെയ്തില്ല.

വാര്‍ത്തയും വിവാദവും എല്ലാം ആളിപ്പടര്‍ന്നതിന് ശേഷം ആയിരുന്നു മമ്മൂട്ടി ഈ വിഷയത്തില്‍ ഒരു വിശദീകരണം നല്‍കിയത്. കൊക്ക കോളയുമായി താന്‍ ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണ കുറിപ്പില്‍ പറഞ്ഞിരുന്നത്. സത്യവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നത് എന്നും സിനിമ ചിത്രീകരണത്തിനായി കേരളത്തിന് പുറത്തായിരുന്നതിനാല്‍ ആണ് വിശദീകരണം വൈകിയത് എന്നും ആയിരുന്നു മമ്മൂട്ടി വ്യക്തമാക്കിയത്. അതോടെ ആ വിവാദം തീരുമെന്നായിരുന്നു കരുതിയത്. എന്നാല്‍, പിന്നേയും അത് ദിവസങ്ങളോളം നീണ്ടു.

കൊക്ക കോളയുമായുള്ള കരാര്‍ തന്നെ ആയിരുന്നു പിന്നേയും വാര്‍ത്ത. കോടികള്‍ പ്രതിഫലം പറ്റുന്ന കരാറില്‍ നിന്ന് പിന്‍മാറിയാല്‍ മമ്മൂട്ടിയില്‍ നിന്ന് കൊക്ക കോള അധികൃതര്‍ നഷ്ടപരിഹാരം ഈടാക്കുമോ എന്നായിരുന്നു ചോദ്യം. പരസ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു എന്നും 2004 ഏപ്രില്‍ മാസത്തില്‍ അത് സംപ്രേഷണം ചെയ്യുമെന്നും ഒക്കെ അന്ന് കൊക്ക കോള കമ്പനി പറയുകയും ചെയ്തിരുന്നതായി വാര്‍ത്തകളുണ്ട്. എന്തായാലും ആ പരസ്യം സംപ്രേഷണം ചെയ്യപ്പെട്ടില്ല. മമ്മൂട്ടി കൊക്ക കോളയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആവുകയും ചെയ്തില്ല. അതിന്റെ പേരില്‍ മമ്മൂട്ടിയില്‍ നിന്ന് കൊക്ക കോള കമ്പനി നഷ്ടപരിഹാരം ഈടാക്കിയതായും അറിവില്ല.

ഒരു സിനിമ താരം എന്ന നിലയില്‍ കൊക്ക കോളയുടെ പരസ്യത്തില്‍ നിന്ന് പിന്‍മാറേണ്ട ഒരു ബാധ്യതയും മമ്മൂട്ടിയ്ക്കുണ്ടായിരുന്നില്ല. ഇന്ന് പല താരങ്ങളും അഭിനയിക്കുന്ന പരസ്യങ്ങള്‍ ആരുടേതാണെന്നും അവരുടെ ചരിത്രമെന്താണെന്നും അന്വേഷിച്ചുപോയാല്‍ ഒരുപക്ഷേ, അത് അന്നത്തെ കൊക്ക കോള വിവാദത്തേക്കാള്‍ ഗൗരവമുള്ളതോ അതിലപ്പുറമുള്ളതോ ഒക്കെ ആയിരിക്കും. എന്തായാലും, അന്ന് മമ്മൂട്ടി ആ പരസ്യത്തില്‍ നിന്ന് പിന്‍മാറിയത് (അദ്ദേഹം അവകാശപ്പെടുന്നത് അത്തരത്തില്‍ ഒരു കരാര്‍ ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ്) കേരളത്തിന്റെ പൊതുസമൂഹത്തോടുള്ള അദ്ദേഹത്തിന്റെ ഉത്തരവാദിത്തം കൊണ്ടുകൂടി ആണെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications