കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുബലക്ഷ്മിയുടെ മൗനരാഗങ്ങള്‍....

  • By Staff
Google Oneindia Malayalam News

ജീവിയ്ക്കുന്ന കാലത്ത് തന്നെ ഇതിഹാസമായി മാറിയ ഗായികയാണ് എം.എസ്. സുബലക്ഷ്മി. കര്‍ണ്ണാടകശാസ്ത്രീയസംഗീതത്തിന് ആരാധകര്‍ കുറവാണെങ്കിലും സുബലക്ഷ്മി എന്ന ഗായിക ഇന്ത്യയിലെ ജനപ്രിയതാരമായി എന്നും ജ്വലിച്ചുനിന്നു.

പ്രതിസന്ധികളുടെ നിമിഷങ്ങളെ മൗനമായി തോല്പിച്ചുകൊണ്ട് വളര്‍ന്ന സുബലക്ഷ്മി എന്ന ഗായികയുടെ പച്ചയായ ജീവിതം എത്രപേര്‍ക്കറിയാം? സംഗീതലോകത്തേയ്ക്ക് കടന്നുവരാന്‍ ഒരു സ്ത്രീയെന്ന നിലയില്‍ ഏറെ പ്രയാസങ്ങള്‍ തരണം ചെയ്യേണ്ടിവന്ന സുബലക്ഷ്മിയുടെ ജീവിതത്തെക്കുറിച്ച് ആധികാരിമായ പുസ്തകങ്ങള്‍ ഉണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം വരെ ഇല്ല എന്നായിരുന്നു ഉത്തരം.

സുബലക്ഷ്മിയെക്കുറിച്ച് ഒട്ടേറെ ജീവചരിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അവരുടെ കാലഘട്ടത്തെയും ജീവിതത്തിലെ പ്രശ്നങ്ങളെയും സംഗീതത്തെയും ആഴത്തില്‍ നോക്കിക്കാണുന്ന ഒരു പുസ്തകം ഉണ്ടായിരുന്നില്ല. പത്രപ്രവര്‍ത്തകനായ ടി.ജെ.എസ്. ജോര്‍ജ്ജ് ആ കുറവ് പരിഹരിയ്ക്കുകയാണ്. എംഎസ്: എ ലൈഫ് ഇന്‍ മ്യൂസിക് എന്ന പുസ്തകം എല്ലാ അര്‍ത്ഥത്തിലും വിശദവും വ്യത്യസ്തവുമായ രീതിയില്‍ സുബലക്ഷ്മി എന്ന ഗായികയുടെ ജീവചരിത്രം വിവരിയ്ക്കുന്നു.

സുബലക്ഷ്മിയെ ഇന്നത്തെ സുബലക്ഷ്മിയാക്കിയ കാലത്തേയും സമൂഹത്തെയും വിശദമായി നോക്കിക്കാണാനാണ് ടി.ജെ.എസ്. ജോര്‍ജ്ജിന്റെ ശ്രമം. എന്തുകൊണ്ടാണ് സുബലക്ഷ്മിയുടെ ജീവചരിത്രം എഴുതിയത്? അവര്‍ ശരിയായ ഒരു ജീവചരിത്രം അര്‍ഹിയ്ക്കുന്ന കലാകാരിയാണെന്നാണ് ടി.ജെ.എസ്. ജോര്‍ജ്ജിന്റെ വിശദീകരണം. സുബലക്ഷ്മി നേടിയ അംഗീകാരങ്ങളോ, പുരസ്കാരങ്ങളോ, കര്‍ണ്ണാടകസംഗീതരംഗത്തെ ഏറ്റവും വലിയ ഗായികയായതുകൊണ്ടോ ഒന്നുമല്ല താന്‍ അവരുടെ ജീവചരിത്രം എഴുതിയത് എന്ന് ടി.ജെ.എസ്. ജോര്‍ജ്ജ് പറയുന്നു. തന്റെ കാലത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും വളരെ വ്യത്യസ്തമായ നേട്ടങ്ങള്‍ ഉണ്ടാക്കിയ സുബലക്ഷ്മിയെക്കുറിച്ച് എഴുതുന്നത് ഇന്ത്യയുടെ സാംസ്കാരിക, സാമൂഹ്യചരിത്രത്തിന് നല്കുന്ന സംഭാവനയായിരിക്കുമെന്നാണ് ടി.ജെ.എസ്. ജോര്‍ജ്ജിന്റെ വിശദീകരണം.

മധുരയില്‍ ദേവദാസികളുടെ സമുദായത്തില്‍ നിന്നും വന്ന സുബലക്ഷ്മി അവരുടെ പ്രതികൂലസാഹചര്യങ്ങളുമായി മല്ലിട്ടത് എടുത്തുപറയേണ്ട നേട്ടമാണ്. ഈ ഒറ്റക്കാരണത്താല്‍ സുബലക്ഷ്മി കലയുടെയും ചരിത്രത്തിന്റെയും സന്തതിയായി മാറുന്നുവെന്നാണ് ടി.ജെ.എസ്. ജോര്‍ജ്ജ് വാദിയ്ക്കുന്നത്. 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകസംഗീതലോകം എന്നത് പുരുഷന്മാര്‍ മാത്രം വിലസിയിരുന്ന ലോകമായിരുന്നു. അവിടെ സ്ത്രീകള്‍ എന്നും രംഗത്തേയ്ക്ക് വരാനാകാതെ അടിച്ചമര്‍ത്തപ്പെട്ടു. അങ്ങിനെ ഒരു ലോകത്ത് സുബലക്ഷ്മി ഗായികയായി ഉയര്‍ന്നുവന്നത് ചില്ലറ നേട്ടമല്ലെന്നും ഗ്രന്ഥകാരന്‍ കണ്ടെത്തുന്നു. ബാലസരസ്വതിയെപ്പോലെ സുബലക്ഷ്മി ബഹളംവച്ച് സമരം ചെയ്യുകയായിരുന്നില്ല. പകരം നിശ്ശബ്ദയായി, പരസ്യമായി ഏറ്റുമുട്ടാതെതന്നെ തടസ്സങ്ങളെ ഒന്നൊന്നായി സുബലക്ഷ്മി ഭേദിയ്ക്കുകയായിരുന്നു.

ഭക്തിയെന്ന പ്രത്യയശാസ്ത്രം, സംഗീതജ്ഞനും സ്ത്രീയും, കുടുംബം-ജാതി-ലിംഗം എന്നീ അധ്യായങ്ങളിലൂടെ സമൂഹത്തില്‍ അന്ന് നിലനിന്ന ദേവദാസി സമ്പ്രദായത്തെ വിശദമായി നോക്കിക്കാണുന്നു ഗ്രന്ഥകാരന്‍. ജാതിയും ഉപജാതിയുമായി വേര്‍തിരിഞ്ഞുകിടന്നിരുന്ന സമൂഹം, ജാതിയ്ക്ക് കര്‍ണ്ണാടകസംഗീതത്തിലുണ്ടായിരുന്ന സ്വാധീനം, സ്റേജ് കച്ചേരിയില്‍ നിന്ന് ടിവി, സിനിമ, റെക്കോഡിംഗ് സംവിധാനങ്ങള്‍, സിഡിയുടെ കാലം, പുതിയൊരു ആസ്വാദകവൃന്ദത്തിന്റെ കടന്നുവരവോടെ കര്‍ണ്ണാടകസംഗീതത്തിലെ ആലാപനശൈലിയില്‍ സംഭവിച്ച ശോഷണങ്ങള്‍ എന്നീ ഘടകങ്ങള്‍ വളരെ തെളിമയോടെ ജോര്‍ജ്ജ് വിവരിയ്ക്കുന്നു. സമൂഹത്തില്‍ സംഭവിയ്ക്കുന്ന ഈ മാറ്റങ്ങള്‍ക്കൊപ്പം സുബലക്ഷ്മിയുടെ ജീവിതത്തിലുണ്ടായ ഗതിവിഗതികളും പ്രശസ്തിയുടെ ഉയരങ്ങളിലേക്കുള്ള അവരുടെ കുതിപ്പും ജോര്‍ജ്ജ് വിവരിയ്ക്കുന്നു. ഇതിനിടയിലാണ് സുബലക്ഷ്മിയുടെ ജീവിതത്തിലേക്ക് സദാശിവം കടന്നുവരുന്നത്. സിനിമയില്‍ പാടാനുള്ള അവസരവും സദാശിവം സുബലക്ഷ്മിയ്ക്ക് നല്കുന്നുണ്ട്. ഇത് രണ്ടും സുബലക്ഷ്മിയുടെ ജീവിതത്തിന് പുതിയൊരു വഴിത്തിരിവുണ്ടാക്കി.

സുബലക്ഷ്മിയുടെ ജീവിതത്തിലെ ഒരു അപൂര്‍വ പ്രേമത്തിന്റെ കഥയും ഇതിനിടെ ജോര്‍ജ്ജ് പുറത്തുകൊണ്ടുവരുന്നു. സംഗീതജ്ഞനായ ജിഎന്‍ബിയുമായി സുബലക്ഷ്മിയ്ക്ക് അഗാധമായ പ്രണയുണ്ടായിരുന്നു. താന്‍ സ്നേഹിയ്ക്കുന്ന അത്രയും തീവ്രതയോടെ തന്നെ തിരിച്ചുസ്നേഹിയ്ക്കണമെന്നാവശ്യപ്പെട്ട് സുബലക്ഷ്മി ജിഎന്‍ബിയ്ക്കെഴുതിയ ഒരു കത്തും ജോര്‍ജ്ജ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എം.എസ്. സുബലക്ഷ്മിയെ വിശുദ്ധയായ, അമാനുഷികയായ ഗായികയായാണ് ഇന്നത്തെ ലോകം കാണുന്നത്. എന്നാല്‍ ഒരു സാധാരണ മനുഷ്യസ്ത്രീയെന്ന നിലയില്‍ അവര്‍ അനുഭവിച്ച സംഘര്‍ഷത്തിന്റെ ലോകം വളരെ വലുതാണ്. അമ്മയുടെ ആധിപത്യത്തിനും തീരുമാനങ്ങള്‍ക്കുമെതിരെ എം.എസ്. സുബലക്ഷ്മി ധീരമായി പൊരുതിയിട്ടുള്ളതും ഈ പുസ്തകത്തില്‍ വിവരിയ്ക്കുന്നുണ്ട്. വിവാഹത്തിന് ശേഷം എം.എസ്. സുബലക്ഷ്മി ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്ക് പൂര്‍ണ്ണമായി കീഴടങ്ങിയ ഒരു സ്ത്രീയായിരുന്നുവെന്നും ജോര്‍ജ്ജ് കണ്ടെത്തുന്നുണ്ട്. ഏത് കീര്‍ത്തനങ്ങള്‍, എവിടെയൊക്കെ പാടണമെന്ന് വരെ സദാശിവം തീരുമാനിച്ചിരുന്നുവെന്നതാണ് വാസ്തവം. കച്ചേരികളില്‍ പല്ലവികള്‍ പാടാന്‍ സദാശിവം അവരെ അനുവദിച്ചിരുന്നില്ല. സദാശിവം ജീവിച്ചിരുന്ന കാലത്തോളം സുബലക്ഷ്മിയുടെ അഭിമുഖങ്ങള്‍ മുഴുവന്‍ നല്കിയിരുന്നത് അദ്ദേഹമാണ്. സുബലക്ഷ്മി ഒരു വാക്കുപോലും ഉരിയാടാറില്ല. സുബലക്ഷ്മിയ്ക്ക് ചുറ്റും ഒരു കോട്ടപോലെ സദാശിവം നിലകൊണ്ടിരുന്നതായും ജോര്‍ജ്ജ് പറയുന്നു. പക്ഷെ എം.എസ്. സുബലക്ഷ്മിയെ ഒരു ആഗോളപ്രതിഭയായി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സദാശിവത്തിന്റെ കഴിവുകള്‍ കൂടിയുണ്ടെന്നും ജോര്‍ജ്ജ് പറയുന്നു. ഒരു പക്ഷെ സുബലക്ഷ്മിയേക്കാള്‍ കഴിവുണ്ടായിരുന്ന ഗായികയായിട്ടുകൂടി ഡി.കെ. പട്ടമ്മാള്‍ക്ക് ലഭിയ്ക്കാതെ പോയ അംഗീകാരം സുബലക്ഷ്മിയ്ക്ക് ലഭിച്ചുവെന്നും ലേഖകന്‍ പറയുന്നു.

വളരെ ലളിതവും ഹൃദയസ്പൃക്കുമായ ശൈലിയില്‍ സുബലക്ഷ്മിയുടെ ജീവിതത്തിലെ സംഘര്‍ഷനിമിഷങ്ങളെ വിവരിയ്ക്കുകയാണ് ജോര്‍ജ്ജ് ഈ പുസ്തകത്തില്‍. ഒരു മഹാസംഗീതപ്രതിഭയുടെ മാനുഷികനിമിഷങ്ങളെ കണ്ടെത്തുന്നതുവഴി, സുബലക്ഷ്മി എന്ന സാധാരണസ്ത്രീയുടെ കരുത്ത് തുറന്നുകാട്ടാന്‍ ശ്രമിയ്ക്കുകയാണ് ഗ്രന്ഥകാരന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X