കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍സില്‍വാനിയയില്‍ ചിത്രപ്രദര്‍ശനം

  • By Staff
Google Oneindia Malayalam News

പെന്‍സില്‍വാനിയയിലെ ഹാവേര്‍ഫോര്‍ഡില്‍ ഥൈം ഗാലറി ചിത്രപ്രദര്‍ശനമൊരുക്കുന്നു. ജൂലായ് ഒമ്പതിനാണ് ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം. അന്ന് വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പത് വരെയായിരിക്കും പ്രദര്‍ശനം. ചിത്രപ്രദര്‍ശനം ജൂലായ് ഒമ്പതു മുതല്‍ ആഗസ്ത് 11 വരെ നീണ്ടുനില്ക്കും. നാല് ചിത്രകാരന്മാരുടെ രചനകളാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്. റിച്ചാര്‍ഡ് ച്യൂ, ശോഭാ മേനോന്‍, ഷെല്ലി മൈക്കേല്‍, ഷാരോണ്‍ സ്റീന്‍ഹോഫര്‍. ഇതില്‍ ശോഭാ മേനോന്‍ മലയാളിയാണ്.

റിച്ചാര്‍ഡ് എസ്. ച്യൂ ജൂനിയര്‍ ചിത്രകലയില്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നും ബിഎഫ്എയും എംഎഫ്എയും എടുത്ത കലാകാരനാണ്. ബാര്‍നേസ് ഫൗണ്ടേഷന്റെ ഒരു കോഴ്സും അദ്ദേഹം പൂര്‍ത്തിയാക്കി. യുഎസിലും കാനഡയിലും ചിത്രരചനയെ സ്നേഹിയ്ക്കുന്നവര്‍ക്ക് റിച്ചാര്‍ഡ് എസ്. ച്യൂവിന്റെ രചനകള്‍ പ്രിയങ്കരമാണ്. പെന്‍സില്‍വാനിയ ഹിസ്റോറിക്കല്‍ സൊസൈറ്റിയിലും വുഡ്മെര്‍ ആര്‍ട്ട് മ്യൂസിയത്തിലും ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ശോഭമേനോന്‍ മലയാളിയാണ്. ആന്തരികചോദനകളാണ് അവരുടെ ചിത്രങ്ങളുടെ പ്രമേയം. ശോഭാമേനോന്റെ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളില്‍ കുടിയേറ്റക്കാരായ സ്ത്രീകളുടെ ആത്മാവിന്റെ ഭിന്നഭാവങ്ങള്‍ കാണാം. നഷ്ടബോധത്തിന്റെയും ജന്മനാട്ടില്‍ നിന്ന് മാറ്റിപ്രതിഷ്ഠിക്കപ്പെട്ടതിന്റെ ആത്മനൊമ്പരങ്ങളുടെയും സ്പര്‍ശങ്ങള്‍ ശോഭാ മേനോന്റെ ചിത്രങ്ങളില്‍ കാണാം. ചിത്രകലാചരിത്രത്തിലും സൗന്ദര്യശാസ്ത്രത്തിലും ബറോഡ സര്‍വകലാശാലയില്‍ നിന്നും എംഎഫ്എ എടുത്തിട്ടുണ്ട് ശോഭാ മോനോന്‍. 15 വര്‍ഷം ഐടി മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001ലാണ് വീണ്ടും ചിത്രകലയുടെ ലോകത്തിലേക്ക് മടങ്ങാന്‍ ശോഭാ മേനോന്‍ തീരുമാനിച്ചത്. ഇതിനകം മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 ചിത്രങ്ങള്‍ ശോഭാ മേനോന്‍ പൂര്‍ത്തിയാക്കി.

ഷെല്ലി മൈക്കേല്‍ കലാപരിശീലക കൂടിയാണ്. ജീവിതം മുഴുവന്‍ ചിത്രകലയ്ക്കായി സമര്‍പ്പിച്ചവരാണ് അവര്‍. കഴിഞ്ഞ 30 വര്‍ഷമായി ചിത്രകല പഠിപ്പിയ്ക്കുകയും ചെയ്യുന്നു. ടൈം ഗാലറിയില്‍ കുട്ടികള്‍ക്കുള്ള പരിശീലനപദ്ധതിയ്ക്ക് തുടക്കമിട്ടത് ഷെല്ലി മൈക്കേല്‍ ആണ്. ടൈലര്‍ സ്കൂള്‍ ഓഫ് ആര്‍ട്ടില്‍ നിന്നും ബിഎഫ്എ പാസായി. പെന്‍സില്‍വാനിയ ഫൈന്‍ആര്‍ട്സ് അക്കാദമിയില്‍ നിന്നും കൂടുതല്‍ പ ഠിച്ചു. സാല്‍വദോര്‍ ദാലി ശൈലിയോടാണ് ഷെല്ലി മൈക്കേലിന് ആഭിമുഖ്യം. സര്‍റിയലിസത്തിന്റെ ശക്തയായ വക്താവാണ് അവര്‍.

ഷാരോണ്‍ സ്റീന്‍ ഹോഫറിന് ചിത്രകല ജീവിതത്തിന്റെ ഭാഗം തന്നെയാണ്. 2002ല്‍ ഇവര്‍ വരച്ച വിവിധ വര്‍ണ്ണങ്ങളിലുള്ള നായ്ക്കളുടെ ചിത്ര പരമ്പര ഏറെ ശ്രദ്ധേയമായി. ഭാവനയുടെ അതിരില്ലാത്ത സഞ്ചാരങ്ങള്‍ ഈ നായ്ക്കളില്‍ കാണാം. സര്‍ഗ്ഗാത്മകതയുടെ പുതിയ ഭൂമികകള്‍ തേടുന്നതിലാണ് ഷാരോണ്‍ സ്റീന്‍ ഹോഫറിന് ഇഷ്ടം. അതുകൊണ്ട് അവരുടെ ഓരോ ചിത്രങ്ങളും വ്യത്യസ്തം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X