കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊട്ടനല്ല പൊട്ടൻ തെയ്യം... എന്താണീ പൊട്ടൻ തെയ്യം? ആരാണ് പൊട്ടൻ തെയ്യം കെട്ടുന്നത്? വിഷ്ണു എഴുതുന്നു!

  • By Kummanam Vishnu
Google Oneindia Malayalam News

കാസർഗോഡ് വന്നതിനു ശേഷം ആദ്യമായി ആണ് 'പൊട്ടൻ തെയ്യം' കാണുന്നത്. തെയ്യക്കോലങ്ങൾ പലതും കണ്ടിട്ടുണ്ട് എങ്കിലും പൊട്ടൻ സത്യത്തിൽ വലിയ രീതിയിൽ എന്നെ ഞെട്ടിച്ചു കളയുകയാണ് ചെയ്തത്. കോലങ്ങൾ എടുക്കുന്ന സുഹൃത്തായ അഭിരാജ്ന്റെ തറവാട്ടിൽ നടന്ന തെയ്യത്തിനാണ് 'പൊട്ടൻ' നിറഞ്ഞാടിയത്. കോലങ്ങൾ കളത്തിലിറങ്ങും മുൻപ് തന്നെ പല കോലങ്ങളെ കുറിച്ചും ചോദിച്ചറിയുകയും ചെയ്തു. വടക്കൻ മലബാറിൽ ആണ് തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത്. പല കോലങ്ങളും ഉണ്ട്.

ഉറക്കെ സംസാരിക്കുകയും നൃത്തം ചെയ്യുകയും അട്ടഹസിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന ദേവതാ സങ്കല്പങ്ങൾ ആണ് തെയ്യങ്ങൾ. അവയുടെ ആട്ടത്തെ തെയ്യാട്ടം എന്നും വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. കുറെ അധികം കോലങ്ങൾ ഉണ്ട് വടക്കൻ മലബാറിൽ. ഓരോ വിഭാഗത്തിന്റെയും തറവാടുകളുടെയും കാവുകളുടെയും പ്രത്യേകം പ്രത്യേകം കോലങ്ങൾ. അഞ്ഞൂറിൽ അധികം കോലങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു. ഓരോ തറവാടിന്റെയും കാവൽ ദൈവങ്ങൾ, ക്ഷേത്രങ്ങളിലെ ദേവതാ സങ്കല്പങ്ങൾ വീര പുരുഷന്മാർ എന്നിങ്ങനെ പല കോലങ്ങളും കളത്തിൽ വന്നു ഉറഞ്ഞു തുള്ളാറുണ്ട്.

പെരിയവനും എളിയവനും ഇല്ലാത്ത ദൈവങ്ങൾ

പെരിയവനും എളിയവനും ഇല്ലാത്ത ദൈവങ്ങൾ

മുത്തപ്പൻ കോലങ്ങൾ മലബാറിൽ കൂടുതലായി കെട്ടിയാടുന്ന കോലങ്ങൾ ആണ്.
''പെരിയവനെന്നിരിക്കുന്നൊരു ഭയവും
എളിയവനെന്നിരിക്കുന്നൊരു നിന്ദയും''
മുത്തപ്പനില്ലാ... എന്ന് പറയാറുണ്ട്.

ഇവിടെ ദൈവങ്ങളുടെ മുന്നിൽ എല്ലാവരും സമന്മാരാണ്. ഖണ്ഡാകര്‍ണനും പൊട്ടൻ തെയ്യവും ഒക്കെ നിറഞ്ഞാടിയ കളത്തിനു സമീപം നിന്നതു കൊണ്ട് തന്നെ സമയം പോയതും നേരം പുലർന്നതും പോലും അറിഞ്ഞില്ല എന്നതായിരുന്നു സത്യം. ശൈവാരാധനയിലൂടെ ജാതി വ്യവസ്ഥയിൽ ഉണ്ടായിട്ടുള്ള ഒരു പൊളിച്ചെഴുതു കൂടിയാണ് ശെരിക്കും പൊട്ടൻ തെയ്യം. ചില പ്രത്യേക വിഭാഗം ആളുകൾ ആണ് കോലങ്ങൾ കെട്ടുന്നത്. പൊട്ടൻ തെയ്യവും ഇങ്ങനെ തന്നെ ചില വിഭാഗം ആളുകൾ ആണ് കെട്ടാറുള്ളത്.

ശിവചൈതന്യമുള്ള പൊട്ടൻ തെയ്യം

ശിവചൈതന്യമുള്ള പൊട്ടൻ തെയ്യം

പൊട്ടൻ തെയ്യത്തെ കുറിച്ച് പല ഐതീഹ്യങ്ങളും നിലവിൽ ഉണ്ട്. ഒരു ബ്രാഹ്മണ കുടുംബത്തിൽ പിറന്നു എന്നും കള്ളും ഇറച്ചിയും കഴിക്കുകയും ബ്രഹ്മണ്യത്തിലെ അനാചാരങ്ങൾ പുറത്തു കൊണ്ടുവരാൻ സംസാരിക്കുകയും ചെയ്ത ആളാണ് പൊട്ടൻ എന്ന് പറയുന്നുണ്ട്. ചിലയിടങ്ങളിൽ. മറ്റു ചില കൂട്ടർ പറയുന്നത് ബ്രഹ്മണ്യത്തിന്റെ ചെയ്തികളെ വിളിച്ചു പറഞ്ഞ, അവർക്കെതിരെ മാന്ത്രിക ശക്തിയും മായയും കാണിച്ച "ആലങ്കാരൻ" എന്ന അടിമ ആണ് 'പൊട്ടൻ' എന്നും ഐതീഹ്യങ്ങൾ ഉണ്ട്.

ശിവ ചൈതന്യം ആണത്രേ പൊട്ടൻ തെയ്യം. സർവ്വജ്ഞ പീഠം കയറുവാൻ പോയ ശങ്കരാചാര്യരുടെ അഹങ്കാരം തീർക്കുവാൻ പൊട്ടൻ സകുടുംബം ശങ്കരാചാര്യരുടെ മാർഗ്ഗമധ്യേ എത്തി എന്നും ശങ്കരാചാര്യരെ ജാതി ഐത്തതിൽ നിന്നും മുട്ടു കുത്തിച്ചു എന്നും ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്. വഴി മാറി നടക്കുവാൻ ആവശ്യപ്പെട്ട ശങ്കരാചാര്യരോടായി പൊട്ടൻ ചൊല്ലിപാടിയ പാട്ടിൽ ശങ്കരാചാര്യരുടെ ജാതി ബോധത്തിന് മാറ്റം വന്നു എന്നും പറയപ്പെടുന്നു.

ശങ്കരാചാര്യരെ പാഠം പഠിപ്പിച്ച പൊട്ടൻ

ശങ്കരാചാര്യരെ പാഠം പഠിപ്പിച്ച പൊട്ടൻ

"നാങ്കളെ കൊത്യാലും ഒന്നല്ലോ ചോര
നീങ്കളെ കൊത്യാലും ഒന്നല്ലോ ചോര
അവിടേക്കു നാങ്കലും നീങ്കളുമൊക്കും
പിന്നെന്തിനീ ചൊവ്വരെ പിശക്കുന്നു."

പൊട്ടന്റെ ശ്ലോകം കേട്ട് സർവജ്ഞ പീഠം കിയറുവാൻ യാത്ര തിരിച്ച ശങ്കരന്റെ ഉള്ളിൽ അവസാനമായി ബാക്കി നിന്ന ജാതി മേൽക്കോയ്മ ഇല്ലാതായി എന്നാണു ഈ ഐതീഹ്യം പറഞ്ഞു വെയ്ക്കുന്നത്. പൊട്ടനായി ശങ്കരാചാര്യർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ ശിവ ഭഗവാൻ ആണെന്നും ശിവന്റെ മറ്റൊരു മൂർത്തീ ഭാവം ആണ് പൊട്ടൻ എന്നും വിശ്വസിക്കുന്നവർ ഉണ്ട്.

ജാതിയില്ലാത്ത പൊട്ടൻ തെയ്യം

ജാതിയില്ലാത്ത പൊട്ടൻ തെയ്യം

എല്ലാ ജാതിയിലും ഉള്ളവർ പൊട്ടൻ തെയ്യക്കോലത്തെ വിശ്വസിക്കുന്നുണ്ട് എന്നതും മറ്റൊരു വ്യത്യസ്തത കൂടിയാണ്. കേരളത്തിൽ നിലനിൽക്കുന്ന എല്ലാ ജാതികളിലും പൊട്ടൻ കോലത്തെ പ്രാർത്ഥിക്കുന്നവർ ഉണ്ട്. കാരണം കേരളത്തിൽ ഓരോ ജാതി വിഭാഗത്തിനും അവരുടേതായ കുല ദൈവങ്ങളും വെച്ച് ആരാധനകളും കാവുകളും അമ്പലങ്ങളും എല്ലാം തന്നെയുണ്ട്.

തെയ്യങ്ങൾക്ക് പലതരം ചമയങ്ങൾ ഉപയോഗിക്കുന്നുണ്ട്. ചെണ്ടയും, ചേങ്ങിലയും ഇലത്താളവും എല്ലാമായി ഒരു വാദ്യമേളകൂട്ടം ഉണ്ടാവും തെയ്യക്കോലങ്ങൾക്കു കൊഴുപ്പേകാൻ. ഒരു തെയ്യം കളത്തിലെത്തുന്നതിനു മുൻപ് അതിനു മുൻപുള്ള തെയ്യം കളം ഒഴിഞ്ഞിട്ടുണ്ടാകും. ചുവപ്പുടുത്തു ദേഹത്തു ചായം തേച്ചു മഞ്ഞൾപ്പൊടി വാരി വിതറി അരിയും കുരുമുളകും മഞ്ഞൾ പൊടിയും പ്രസാദമായി നൽകി അരങ്ങൊഴിഞ്ഞ തെയ്യം അപ്പോൾ കളത്തിനു സമീപത്തായി ഒരു കസേരയിൽ ഇരിക്കുന്നുണ്ടാവും.

ചോദിക്കുകയും പറയുകയും ചെയ്യുന്ന തെയ്യം

ചോദിക്കുകയും പറയുകയും ചെയ്യുന്ന തെയ്യം

സത്യത്തിൽ എന്തൊക്കെ ചോദിച്ചാലും ഒന്നിനും മറുപടി പറയാത്ത ദൈവങ്ങൾ അല്ല. ഇങ്ങോട്ടു കാര്യങ്ങൾ ചോദിക്കുകയും തിരിച്ചു മറുപടികൾ പറയുകയും ചെയ്യുന്ന നേരിട്ട് പ്രസാദം നൽകുന്ന ദൈവക്കോലങ്ങൾ ആണിവർ. ചോദിച്ചാൽ ചോദ്യത്തിന് ഉത്തരം നൽകുന്ന ദൈവക്കോലങ്ങൾ. പൊട്ടൻ കോലം അരങ്ങിൽ വരുന്നു എന്നതാണ് സത്യത്തിൽ എന്നെ മണിക്കൂറുകളോളം നിശ്ചലമാക്കി ഇരുത്തി കളഞ്ഞത്.

കൂനകൂട്ടിയിട്ട തീക്കനലിലേക്ക് എല്ലാവരും നോക്കി നിൽക്കവേ പൊട്ടൻതെയ്യം വളരെ സ്വാഭാവികമായി ചെന്ന് കിടക്കുകയാണ് ചെയ്തത്. പൊട്ടന്റെ കുരുത്തോലകൊണ്ടും പാളകീറു കൊണ്ടും കെട്ടിയ മുടിയിലും അരകച്ചയിലും ചൂട് പിടിച്ചു കത്തിക്കറിയുമ്പോളും ചെറിയ ചിരിയുമായി രണ്ടു കൈകളും കെട്ടി കാലിന്മേൽ കാലെടുത്തു വച്ചിരിക്കുന്ന പൊട്ടൻ തെയ്യം സത്യത്തിൽ പേടിയും പ്രാർത്ഥനയും ഭയവും ബഹുമാനവും ഒക്കെയാണ് നൽകുന്നത്.

ശിവന്‍ സംഹാര താണ്ഡവം ആടുന്ന പ്രതീതി

ശിവന്‍ സംഹാര താണ്ഡവം ആടുന്ന പ്രതീതി

തീയിലൂടെ പിന്നീട് നടക്കുന്നത് ഒരു വലിയ ഓട്ടപായിച്ചിലാണ്. കൂട്ടിയിട്ട കനലുകളും കത്തിച്ചു വെച്ച ചൂട്ടുകളും ആണ് പിന്നീട് ആ കളം നിറയെ കാണുക. ഉഗ്ര മൂർത്തിയായ ശിവൻ ചുടലക്കാട്ടിൽ സംഹാര താണ്ഡവം ആടുന്ന പ്രതീതിയാണ് അപ്പോൾ ആ കളത്തിൽ തെളിയുന്നത്. തന്റെ യഥാർത്ഥ രൂപം പുറത്തെടുത്ത നിർവൃതിയിൽ സർവ്വവും ചുട്ടു ചാമ്പലാക്കുവാൻ പോകുന്ന പൊട്ടൻ കോലമായി പെട്ടെന്ന് രൂപം മാറുന്നു.

ചുറ്റും നിൽക്കുന്ന സഹായികൾ പൊട്ടൻ കോലത്തിനൊപ്പം കളത്തിനുള്ളിൽ തന്നെ നിൽക്കും. കൂടെ തറവാട്ടിലെ മുതിർന്ന കാരണവന്മാരും. ഓരോ പ്രാവശ്യവും ഓടി തളർന്നു പൊട്ടൻ കോലം വന്നു വിശ്രമിക്കുന്നത് കൂട്ടിയിട്ട ചൂട് പാറുന്ന തീ കനലിലേക്കാണ്. വെട്ടിയിട്ടത് പോലെ പൊട്ടൻ തെയ്യം ആ കനലുകളിലേക്ക് വന്നു വീഴുമ്പോൾ ചുറ്റും തീക്കനലുകൾ പാറുന്നതും ചാരം പാർക്കുന്നതും കാണാം.

കളം നിറഞ്ഞാടുന്ന പൊട്ടൻ തെയ്യം

കളം നിറഞ്ഞാടുന്ന പൊട്ടൻ തെയ്യം

വെച്ച് കെട്ടലുകൾ ഒന്നുമില്ലാത്ത മുടിയും അരക്കച്ചയും മാത്രമുള്ള തെയ്യക്കോലത്തിലേക്കു ശക്തിയായി തീക്കാറ്റും ചൂടും ആ ശരീരത്തിലേക്ക് പടർന്നു കേറുന്നത് കാണാൻ പറ്റും. പിന്നീട് സമാധാനത്തിലേക്ക് എത്തുകയും കർന്നവന്മാരോടും സ്ഥാനീയരോടും കുടുംബത്തിനെ കുറിച്ചും തറവാടിന്റെ കുറിച്ചും പറയുകയും ചെയ്യുന്നു എന്നതാണ് പൊട്ടൻ ചെയ്യുന്നത്.

നാടിനും നാട്ടുകാർക്കും മാലോകർക്ക് മൊത്തം നമ്മയും ഐശ്വര്യവും നേർന്നുകൊണ്ട് കാത്തു നിൽക്കുന്നവർക്ക് മറുപടിയും പറഞ്ഞു കൊണ്ട് പൊട്ടൻ തെയ്യം കളം വിടുന്നു. പരിഷ്കാരങ്ങളും ആർഭാടങ്ങളും നിറഞ്ഞ ഈ ലോകത്തിൽ ഇവർ എന്നും പൊട്ടന്മാരായി മാത്രം നിൽക്കും. ഇന്നും നില നിൽക്കുന്ന ജാതീയതയെക്കെതിരെ പിറുപിറുത്തുകൊണ്ടും അട്ടഹസിച്ചു കൊണ്ടും ആർത്തു വിളിച്ചു കൊണ്ടും പൊട്ടൻ തെയ്യങ്ങൾ കളം നിറഞ്ഞാടും.

നാടിന്റെ ഉത്സവങ്ങളാണ് തെയ്യങ്ങൾ

നാടിന്റെ ഉത്സവങ്ങളാണ് തെയ്യങ്ങൾ

എപ്പോഴൊക്കെയോ തുടച്ചു നീക്കപ്പെട്ടു എന്ന് പറയുന്ന ജാതീയതയ്ക്കു മുന്നിലേക്കാണ് ചൂട്ടുകറ്റകളും തീക്കനലുകളും ഒക്കെയായി പൊട്ടൻ തെയ്യം നിറഞ്ഞു ആടുന്നത്. ഇന്ന് തെയ്യങ്ങൾ ഒരു കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും ഒക്കെ ഭാഗമായി മാറിയിരിക്കുന്നു. ജാതി മത വർഗ വർണ്ണ വ്യത്യാസങ്ങൾ മാറ്റി വെച്ച് മാറിയിരിക്കുന്നു.

കാലങ്ങളായി തുടർന്ന് വരുന്ന ആരാധനകളും പ്രാർത്ഥനകളും ഇന്നും തുടരുന്ന ഇവർ തുളു നാട്ടുകാർ കോലങ്ങൾക്കുള്ള പറ നറയ്ക്കലുകളുടെയും ചമയങ്ങൾ ചെയ്യുന്നതിന്റെയും ഒക്കെ തിരക്കിലാണ്. കാരണം ഇത് തെയ്യങ്ങളുടെ സമയമാണ്. ആഘോഷത്തിന്റെയും ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും സമയം ആണ്.

English summary
Why Pottan Theyyam is considered as an integral part of north Kerala's cultural world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X