നജീബിക്കയോട് പൃഥ്വി ചോദിച്ച ചോദ്യങ്ങൾ; യഥാർത്ഥ നജീബിന് മുന്നിലെത്തി സിനിമയിലെ നജീബ്
പൃഥ്വിരാജിന്റെ സിനിമ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് തന്നെയായിരിക്കും ആടുജീവിതം. നജീബ് എന്ന വ്യക്തി മരുഭൂമിയിൽ അനുഭവിച്ച വേദനകൾ അതേപടി പൃഥ്വിരാജിന് സ്ക്രീനിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് . നജീബ് എന്ന കഥാപാത്രമാവാൻ അദ്ദേഹം ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടുമുണ്ട്. ശരീരഭാരം കൂട്ടിയും ഭക്ഷണം കഴിക്കാതെ ശരീരഭാരം കുറച്ചും അദ്ദേഹം ട്രാൻസ്ഫർമേഷൻ ചെയ്തിട്ടുണ്ട്. ബെന്യമിന്റെ ആടുജീവിതം എന്ന നോവൽ അടിസ്ഥാനമാക്കിയാണ് ബ്ലെസി ആടുജീവിതം എന്ന സിനിമ എടുത്തത്.
നജീബായി പൃഥ്വിരാജ് സ്ക്രീനിൽ എത്തിയപ്പോൾ യഥാർത്ഥ നജീബിന്റെ കണ്ണുകൾ പോലും നിറഞ്ഞുപോയി. ഇപ്പോൾ യഥാർത്ഥ നജീബുമായി പൃഥ്വിരാജ് നടത്തിയ അഭിമുഖം പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'റീൽ ആൻഡ് റിയൽ ജേർണി' എന്ന പേരിൽ നിർമാതാക്കളായ വിഷ്വൽ റൊമാൻസിന്റെ യൂട്യൂബ് ചാനൽ വഴിയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

താൻ ഇതിന് മുൻപും യഥാർത്ഥ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് അങ്ങനെ ഒരാളെ നേരിൽ കാണുന്നതെന്ന് പൃഥ്വിരാജ് പറയുന്നു. ഇത്തരം അനുഭവങ്ങൾ ഉണ്ടായ മനുഷ്യന്മാരെക്കുറിച്ച് പറയാനുള്ള പ്രതിനിധിയായി ദൈവം തിരഞ്ഞെടുത്ത ആളാണ് നജീബ് എന്നും പൃഥ്വി പറയുന്നു.
സിനിമയിൽ എന്റെ ഓർമ ശരിയാണെങ്കിൽ രണ്ടോ മൂന്നോ യഥാർത്ഥ കഥാപാത്രങ്ങളെ ജീവിച്ചിരുന്നതും ജീവിച്ചിരിക്കുന്നതുമായ കഥാപാത്രങ്ങളെ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഞാൻ അവതരിപ്പിച്ച കഥാപാത്രത്തെ നേരിൽ കാണുന്നത്. ഒരു നടനെന്ന നിലയിൽ ഭയങ്കര ഒരു ദൈവീക അനുഭവമായിട്ടാണ് ഞാൻ അതിനെ കാണുന്നത്, പൃഥ്വിരാജ് പറഞ്ഞു.
2008 ൽ ബ്ലെസി ചേട്ടൻ ആദ്യമായിട്ട് ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞ് വന്നപ്പോൾ ആദ്യത്തെ ചിന്ത ഇത് എങ്ങനെയാണ് ഈ കഥാപാത്രത്തെ അപ്പ്രോച്ച് ചെയ്യേണ്ടത് എന്നായിരുന്നു. ഞാൻ നജീബ് ഇക്കയെ വന്ന് കണ്ട് സംസാരിച്ച്, നജീബിക്ക ആരാണെന്ന് മനസ്സിലാക്കണോ അതോ ബെന്യാമിൻ ചേട്ടൻ എഴുതിയ നജീബ് എന്ന കഥാപാത്രത്തെയാണോ ഞാൻ മനസ്സിലാക്കേണ്ടത് അതോ ബ്ലെസി ചേട്ടന്റെ മനസ്സിൽ ഒരു നജീബ് ഉണ്ട്. ആ നജീബിനെ ആണോ ഞാൻ മനസ്സിലാക്കേണ്ടത് എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു.
ഒടുവിൽ ഞാനും ബ്ലെസി ചേട്ടനും കൂടി തീരുമാനിച്ചതാണ് ഈ എഴുതിയ പുസ്തകത്തിൽ നിന്നും ബ്ലെസി ചേട്ടൻ കണ്ട നജീബിൽ നിന്നും എന്റെ മനസ്സിൽ തോന്നുന്ന നജീബിനെയാണ് ഞാൻ സിനിമയിൽ ചെയ്യേണ്ടതെന്ന്. ആ നജീബാണ് സിനിമയിൽ ഉള്ളത്. ഞാനാ സങ്കല്പിച്ച നജീബും യഥാർത്ഥ നജീബും തമ്മിൽ എത്രത്തോളം അന്തരമുണ്ടെന്ന് എനിക്ക് അറിഞ്ഞാൽ കൊള്ളാം.
നമ്മൾ രണ്ട് വ്യക്തികളാണ്, നജീബിക്ക അനുഭവിച്ച അനുഭവങ്ങൾ ഞാൻ അനുഭവിച്ചിട്ടില്ല, ഞാനത് സങ്കല്പിക്കുക മാത്രമാണ് ചെയ്തത്. വ്യത്യാസങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. ചോദിക്കേണ്ട ആദ്യത്തെ ചോദ്യം കയ്യിൽ ഒരു ഫോൺ ഉണ്ടായിരിക്കില്ല എന്ന് അറിയാം, ആ കാലഘട്ടമാണല്ലോ, അന്ന് അവിടെ എത്തിയപ്പോൾ ഒരു വാച്ചുണ്ടായിരുന്നോ പൃഥ്വി നജീബിനോട് ചോദിച്ചു..
അന്നൊരു വാച്ച് കയ്യിലുണ്ടായിരുന്നു. പക്ഷേ അവിടെ ചെന്നപ്പോൾ എന്റെ മനസ്സ് അങ്ങ് പോയി, ഒരു ഭീകര ജീവിയെ പോലെ ഇയാൾ അവിടെ നിൽക്കുന്നതൊക്കെ എന്റെ സ്വയംബോധം തന്നെ നഷ്ടപ്പെട്ടു, നജീബ് പറയുന്നു. മാസങ്ങൾ മാറുന്നതിന് ഒരു കണക്കുണ്ടായിരുന്നോ ഒന്ന് ചോദിച്ചപ്പോൾ ഒരു കണക്കും ഉണ്ടായിരുന്നില്ലെന്ന് നജീബ് പറയുന്നു. അവിടത്തെ ജീവിത്തേക്കാൾ നല്ലത് മരണമായിരുന്നുവെന്നും നജീബ് പറയുന്നു.
ഈ സിനിമ എടുക്കുമ്പോൾ ഞങ്ങൾ അനുഭവിച്ചതോ ഈ സിനിമ കാണുമ്പോൾ പ്രേക്ഷകരിലേക്ക് എത്തുന്നതോ ഒന്നും നജീബ് ഇക്ക യഥാർത്ഥ ജീവിതത്തിൽ അനുഭവിച്ചതിന്റെ ഒരു ശതമാനം പോലും ഞങ്ങൾക്കിത് സ്‌ക്രീൻ കൊണ്ടുവരാൻ എത്തില്ലെന്നും പൃഥ്വിരാജ് പറയുന്നു.












Click it and Unblock the Notifications