"ലാലേട്ടാ ഇത് പൊളിച്ചു"; അപ്പോള്‍ മൂപ്പര് "എന്നോട് ഐ ലവ് യു എന്ന് പറ" എന്ന് പറഞ്ഞു: ഹരീഷ് പേരടി
കൊച്ചി: മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് മലൈക്കോട്ടെ വാലിബന്‍. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം 2024 ജനുവരി 25ന് സിനിമ തിയറ്ററുകളിലെത്തുമെന്ന് മോഹന്‍ലാല്‍ തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ നേരത്തെ അറിയിച്ചത്. മലൈക്കോട്ടൈ വാലിബന്‍ പുത്തന്‍ അനുഭവമാകും എന്നാണ് മോഹന്‍ലാലിന് പറയാനുള്ളത്. മാസ് സിനിമ വേണ്ടവര്‍ അങ്ങനെ കാണാം. സീരിയസ് ആയി കാണേണ്ടവര്‍ക്ക് അങ്ങനെ കാണാമെന്നും താരം പറഞ്ഞു.
ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് മലൈക്കോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനോടൊപ്പം ഹരീഷ് പേരടി ഉള്‍പ്പെടേയുള്ള വലിയൊരു താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെ വാലിബന്റെ വേഷത്തില്‍ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഹരീഷ് പേരടി. താരം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വാലിഭന്റെ പൂജക്ക് ലാലേട്ടൻ രാജസ്ഥാനിൽ എത്തിയ ദിവസം ഞങ്ങൾ വിശേഷങ്ങൾ കൈമാറി പിരിഞ്ഞു. അതിന്റെ അടുത്ത ദിവസം രാജസ്ഥാനിലെ ഒരു കാള വണ്ടിയുടെ പിന്നിൽ മൂപ്പര് വാലിഭനായി കാലും തൂക്കിയിട്ട് ഇരിക്കുന്നുണ്ടായിരുന്നു. സത്യത്തിൽ തലയും താഴ്ത്തി എന്റെ കാപാത്രത്തെ മാത്രം ചിന്തിച്ച് നടന്ന ഞാൻ ആദ്യം മൂപ്പരെ കണ്ടില്ല.
തെട്ടടുത്ത് എത്തി കുറച്ച് നേരം കഴിഞ്ഞ് തല പൊന്തിച്ചപ്പോളാണ് ഞാൻ മൂപ്പരെ വാലിഭനായി ആദ്യം കാണുന്നത്. സ്ക്രിപ്റ്റ് മുഴുവൻ വായിച്ച് പഠിച്ച ഞാൻ വാ പൊളിച്ച് ഒരു സെക്കൻഡിന്റെ ഗ്യാപ്പ് ഇല്ലാതെ പറഞ്ഞു "ലാലേട്ടാ ഇത് പൊളിച്ചു" എന്ന്. (ഫസ്റ്റ്ലുക്ക് പോസ്റ്റർ കണ്ട എല്ലാ മനുഷ്യർക്കുമുണ്ടായ വികാരം). അപ്പോൾ മൂപ്പര് "എന്നോട് I Love U ന്ന് പറ" എന്ന് പറഞ്ഞു.
അതിന് ശേഷം ചിരിക്കുന്ന വന്ദനത്തിലെ ആ ചിരി ചിരിച്ച് എന്നോട് ചോദിച്ചു "ഹരീഷ് സ്ക്രിപ്റ്റ് മുഴുവൻ വായിച്ചില്ലേയെന്ന്" വായിച്ചു എന്ന് തലകുലുക്കി ശരീരഭാഷയിലൂടെ പറഞ്ഞ ഞാൻ ഒറ്റക്ക് മാറി നിന്ന് എന്റെ മനസ്സിനോട് ഉറക്കെ പറഞ്ഞു എന്റെ സ്വപനങ്ങളെ കൂടുതൽ ഭംഗിയാക്കുന്നവരെ ഞാൻ കൂടെ കൂട്ടുമെന്ന്. കാലവും ദൈവവും ഈ മനുഷ്യനെ ഏൽപ്പിക്കുന്ന ദൗത്യങ്ങൾ ഒരു നടൻ എന്ന നിലയിൽ വലിയ പ്രചോദനമാണ് എന്നിൽ ഉണ്ടാക്കിയത്..എഴുതാത്ത എന്റെ ആത്മകഥയിലെ നിറമുള്ള ഏടുകൾ ...ലാൽ സലാം ലാലേട്ടാ..












Click it and Unblock the Notifications