'അല്ല മറ്റേക്കാര്യം എന്തായി': ലാലേട്ടനേയും മമ്മൂക്കയേയും കുറിച്ച് ചിലർക്ക് അറിയേണ്ടത് അതാണ്: ജഗദീഷ്
ബേസില്‍ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഫാലിമി വീണ്ടും തിയേറ്ററുകളില്‍ ആളെ നിറയ്ക്കുകയാണ്. മികച്ച അഭിപ്രായം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, മഞ്ജു പിള്ള, നാടക നടന്‍ മീന രാജന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അതേസമയം, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുണ്ട് എന്ന യൂട്യൂബിന് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
മുന്നില്‍ കാണിക്കുന്ന എല്ലാവരേയും നിരീക്ഷിക്കുന്ന ഒരു സ്വഭാവമുള്ള വ്യക്തിയാണ് താനെന്നാണ് ജഗദീഷ് പറയുന്നത്. വിമാനത്തില്‍ പോകുമ്പോഴും ആളുകളെ നമ്മള്‍ നിരീക്ഷിക്കും. ചിലരോട് ബഹുമാനം തോന്നും, അവർ എന്താണെന്ന് പോലും നമുക്ക് അറിയില്ല. എന്നാല്‍ അവരുടെ പെരുമാറ്റം കണ്ടാല്‍ ബഹുമാനം തോന്നും. നല്ല രീതിയിലായിരിക്കും അവർ സംസാരിക്കുക.

'സിനിമയൊക്കെ കാണാറുണ്ട്, ഇന്ന വേഷങ്ങളൊക്കെ നന്നായിരുന്നു' എന്നൊക്കെ പറഞ്ഞ് അവർ അവരുടെ വായനയിലേക്കോ മറ്റോ പോകും. യാതൊരു ശല്യവും ഇല്ല. എന്നാല്‍ വേറെ ചിലരുണ്ട്. വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴാണെങ്കിലും അവരുടെ താല്‍പര്യം വേറെ തരത്തിലായിരിക്കും. 'മറ്റേ കാര്യം ശരിയാണോ.. എന്താണ് സംഭവം. മമ്മൂക്കയും മോഹന്‍ലാലും യാഥാർത്ഥ ജീവിതത്തില്‍ ഉടക്കാണോ' എന്നൊക്കെയാവും ചോദിച്ചുകൊണ്ടിരിക്കുകയെന്നും ജഗദീഷ് പറയുന്നു.
അവരോട് നമുക്ക് ബഹുമാനം തോന്നില്ല. എന്നാല്‍ നമുക്ക് അവിടെ ഒരു ക്യാരക്ടർ കിട്ടും. പുള്ളി പ്രത്യേക രീതിയിലായിരിക്കും പെരുമാറുക. എയർഹോസ്റ്റസിന്റെ അടുത്തൊക്കെ വേറൊരു രീതിയിലായിരിക്കും ഇടപെടുക. നേരെ മറിച്ച് വേറെ ചിലരുണ്ട്. അവരുടെ കുടുംബത്തിന്റെ കാര്യമൊക്കെ എന്നോട് പറയും. അതില്‍ സെന്റിമെന്റസെല്ലാം ഉണ്ട്. അത് ഞാന്‍ താല്‍പര്യപൂർവ്വം കേട്ടുകൊണ്ടിരിക്കും. അവരോട് ഞാന്‍ എന്റെ കുടുംബത്തെക്കുറിച്ചും സംസാരിക്കും.
മമ്മൂട്ടി-മോഹന്‍ലാല്‍ പ്രശ്നത്തെക്കുറിച്ച് ചോദിക്കുന്നവരാണെങ്കില്‍ ഒന്നോ രണ്ടോ വാക്കില്‍ ഞാന്‍ അവിടെ നിർത്തും. അല്ലെങ്കില്‍ അവർ അത് കഴിഞ്ഞാല്‍ എന്തൊക്കെയാവും ചോദിക്കുക എന്ന് പറയാന്‍ സാധിക്കില്ല. എന്തൊക്കെയാണെങ്കില്‍ ആളുകളെ നിരീക്ഷിക്കുക എന്നതൊരു ശീലമാണ്. അവിടെയൊക്കെ ഒരുപാട് കഥാപാത്രങ്ങളുണ്ടാകുമെന്നും ജഗദീഷ് കൂട്ടിച്ചേർക്കുന്നു.
അതേസമയം, ജാനേ മൻ, ജയ ജയ ജയ ജയ ഹേ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ചിയേഴ്‌സ് എന്റെർറ്റൈന്മെന്റ്സ് ബാനറിൽ എത്തിയ മൂന്നാമത്തെ ചിത്രമാണ് ഫാലിമി. സ്വരച്ചേർച്ചയില്ലാത്ത ഒരു കുടുംബം കാശിയിലേക്ക് യാത്ര തിരിക്കേണ്ടി വരുന്ന സാഹചര്യവും ആ യാത്രയുമാണ് ചിത്രത്തിന്റെ പ്ലോട്ട്. സംവിധായകനും സഹ എഴുത്തുകാരനും കൂടിയായ നിതീഷ് സഹദേവ് തന്റെ ആദ്യചിത്രത്തിലൂടെ തന്നെ വരവ് അറിയിക്കുന്നു.
വിഷ്ണു വിജയുടെ സംഗീതവും ബബ്ലു അജുവിന്റെ ഛായാഗ്രഹണവും റോഡ് മൂവിയെന്ന നിലയില്‍ ഫാലിമിയെ മികവുറ്റതാക്കുന്നുണ്ട്. ഫോറം കേരള പങ്ക് വെച്ച കണക്ക് പ്രകാരം 90 ലക്ഷമാണ് ചിത്രം രണ്ടാം ദിനം നേടിയത്. ആദ്യ ദിവസത്തേക്കാൾ 80 ശതമാനത്തിലധികമാണ് കളക്ഷനിലെ വർധന. ചില ട്വിറ്റർ പേജുകളിൽ ചിത്രം 1 കോടിക്ക് അടുത്ത് കളക്ഷൻ നേടിയെന്നും റിപ്പോർട്ടുകള്‍ പറയുന്നു.












Click it and Unblock the Notifications