പൊട്ടിക്കരഞ്ഞ് ലാലും സായ് കുമാറും; നെഞ്ച് കലങ്ങി താരങ്ങൾ..സിദ്ധിഖിന് യാത്രാമൊഴിയുമായി സിനിമാ ലോകം
കൊച്ചി:മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സിദ്ധിഖിനെ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി സിനിമാ ലോകം. ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ച കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ബുധനാഴ്ച രാവിലെ മുതൽ താരങ്ങൾ ഒഴുകുകയായിരുന്നു. മമ്മൂട്ടി, ജഗദീഷ്, ദിലീപ്, രമേഷ് പിഷാരടി, ജയസൂര്യ, ജനാർദ്ദനൻ, ഹരിശ്രീ അശോകൻ, ജയറാം ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ , സംവിധായകൻ രഞ്ജി പണിക്കർ, നടിമാരായ മിത്ര കുര്യൻ, നസ്രിയ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ സിദ്ധിഖിന് അന്ത്യജ്ഞലി അർപ്പിക്കാൻ എത്തി.
രാവിലെ ഒൻപത് മണിയോടെയായിരുന്നു മൃതദേഹം പൊതുദർശനത്തിന് എത്തിച്ചത്. നടൻ ലാൽ അടക്കമുള്ളവർ പ്രിയ സുഹൃത്തിന്റ വിയോഗം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞു. സിദ്ധിഖിന്റെ അവസാന നിമിഷങ്ങളിലും ഉറ്റസുഹൃത്തായ ലാൽ ഒപ്പം തന്നെ ഉണ്ടായിരുന്നു. ആശുപത്രിയിലും വീട്ടിലും പിന്നീട് മൃതദേഹവുമായുള്ള ആംബുലൻസിനേയും അദ്ദേഹം അനുഗമിച്ചിരുന്നു. സിദ്ധിഖിന്റെ ഭൗതിക ശരീരത്തിന് സമീപത്ത് തന്നെ തുടരുകയാണ് അദ്ദേഹം. ഇതിനിടയിൽ സുഹൃത്ത് കൂടിയായ സംവിധായകൻ ഫാസിൽ എത്തിയപ്പോൾ സങ്കടം അടക്കാനാവാതെ ലാൽ പൊട്ടിക്കരഞ്ഞു. നടൻ ഫഹദ് ഫാസിൽ അടക്കമുള്ളവർ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ പാട് പെട്ടു.

ഏറെ വൈകാരികമായിട്ടായിരുന്നു നടൻ സായ് കുമാറും പ്രതികരിച്ചത്. ഭാര്യ ബിന്ദു പണിക്കർക്കൊപ്പമായിരുന്നു അദ്ദേഹം എത്തിയത്. സിദ്ധിഖിന്റെ ഭൗതിക ശരീരത്തിന് മുന്നിൽ ഏറെ നേരം നിന്ന സായ്കുമാർ നെഞ്ചുപൊട്ടി കരയുന്ന രംഗങ്ങൾ ചുറ്റുമുള്ളവരെ കണ്ണുകളെ പോലും ഈറനണിയിച്ചു. തന്റെ സിനിമാ ജീവിത്തതിന്റെ തുടക്കത്തിന് കാരണക്കാരിൽ ഒരാൾ സിദ്ധിഖായിരുന്നുവെന്ന് സായി കുമാർ പറഞ്ഞു. സിദ്ധിഖിനെ പോലൊരു പച്ചയായ,ഹൃദ്യനായ മനുഷ്യൻ വേറെയില്ല, പറയാൻ വാക്കുകൾ കിട്ടുന്നില്ല. അദ്ദേഹത്തെ ഒരുപാട് പേർ വിഷമിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ ദ്രോഹിച്ചവർ അദ്ദേഹത്തിന്റെ ആത്മാവിനോട് മനസുകൊണ്ട് ക്ഷമ ചോദിക്കട്ടെ', സായ് കുമാർ പറഞ്ഞു.
സിദ്ദിഖിന് ഇങ്ങനെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു നടൻ ജയറാം പ്രതികരിച്ചത്. ഒരു സ്വഭാവദുഷ്യവുമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. വരാൻ പാടില്ലാത്ത അസുഖം വന്ന് ഇത്രയേറെ വ്യാപിച്ച് ഞങ്ങളെയൊക്കെ വിട്ടുപിരിയുന്ന അവസ്ഥയിലേക്ക് വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല', നെഞ്ചുകലങ്ങി ജയറാം പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ചയായിരുന്നു സിദ്ധിഖിന്റെ അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കൊച്ചിയിൽ അമൃത ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചിരുന്നു. തിങ്കളാഴ്ചയോടെ ഹൃദയാഘാതം സംഭവിച്ചു. തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ടോടെ കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് സിദ്ദിഖിന്റെ ഭൗതികശരീരം കൊണ്ടുപോകും. തുടർന്ന് വൈകീട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ വെച്ചാണ് ഖബറടക്കം.












Click it and Unblock the Notifications