അമല പോളുമായി വഴക്കുണ്ടാക്കിയെന്ന വാർത്തയിലെ സത്യമിത്, മലയാളം പഠിക്കില്ല; ലക്ഷ്‌മി ഗോപാലസ്വാമി
മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് ലക്ഷ്‌മി ഗോപാലസ്വാമി. അഭിനേത്രി എന്നതിലുപരി ഒരു നല്ല നർത്തകി കൂടിയായ അവർ മലയാളി അല്ലെങ്കിൽ കൂടി മലയാള സിനിമയിലായിരുന്നു ഏറ്റവും കൂടുതൽ സജീവമായി അഭിനയിച്ചത്. ഇപ്പോഴിതാ തനിക്ക് മലയാളം വായിക്കാൻ അറിയില്ലെന്നും ഇനി പഠിക്കാൻ ഉദ്ദേശമില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ലക്ഷ്‌മി ഗോപാലസ്വാമി. കൂടാതെ അമല പോളുമായി ഭിന്നത ഉണ്ടായിരുന്നെന്ന വാർത്തകളോടും അവർ പ്രതികരിച്ചു.
നേരത്തെ ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ അമല പോളും ലക്ഷ്‌മി ഗോപാലസ്വാമിയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് ഇരു താരങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതെന്നായിരുന്നു ചില വാർത്തകൾ സൂചിപ്പിച്ചിരുന്നത്.

എന്നാൽ ഈ ഗോസിപ്പുകൾ ഒക്കെയും അവർ പൂർണമായും തള്ളിയിരിക്കുകയാണ് ഇപ്പോൾ. അമല പോളുമായി തനിക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നാണ് ലക്ഷ്‌മി ഗോപാലസ്വാമി പറയുന്നത്. യൂട്യൂബ് ചാനലായ മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം ഈ വിവാദങ്ങളോട് പ്രതികരിച്ചത്.
അമലയുമായി എനിക്കൊരു ക്ലാഷും ഉണ്ടായിട്ടില്ല. ഞങ്ങൾ പരസ്‌പരം ഇഷ്‌ടത്തിലാണ്. അത്തരത്തിൽ ഒരു വാർത്ത പുറത്തുവന്നത് പോലും ഞാൻ അറിയില്ലായിരുന്നു. അത് ഒരു ഫേക്ക് ന്യൂസാണ്; എന്നായിരുന്നു ലക്ഷ്‌മി ഗോപാലസ്വാമി പ്രതികരിച്ചത്. മലയാളം വായിക്കാൻ അറിയില്ലെന്നും ഇനി അത് പഠിക്കാൻ ഉദ്ദേശമില്ലെന്നും ലക്ഷ്‌മി ഗോപാലസ്വാമി പറഞ്ഞു. നമുക്ക് ചുറ്റും ആവശ്യമില്ലാത്ത കാര്യങ്ങളാണ് എന്നാണ് അവർ ഇതിന്റെ കാരണമായി പറഞ്ഞത്.
'ഞാൻ ലിറ്ററേച്ചർ, ഡാൻസ്, ടീച്ചർ ഒക്കെയായി ഫ്രണ്ട്സുമായുള്ള ലോകത്തിലാണ്. അതിനിടയിൽ മോശമായ ഗോസിപ്പുകൾ കേൾക്കാൻ കഴിയില്ല. ഓരോ ഹീറോസുമായി ചേർത്താണ് ഗോസിപ്പുകൾ ഇറങ്ങുന്നത്. ചിലരൊക്കെ ഇത്തരം ഗോസിപ്പുകളുടെ സ്‌ക്രീൻ ഷോട്ടുകൾ അയച്ചു തരാറുണ്ട്.' ലക്ഷ്‌മി ഗോപാലസ്വാമി പറഞ്ഞു.
'ഇതിനകം തന്നെ പല തെറ്റായ വാർത്തകളും വന്നിട്ടുണ്ട്. ചിലപ്പോൾ എന്റെ കല്യാണം തീരുമാനിച്ചു അതുമല്ലെങ്കിൽ ഒരു നടനുമായി വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലായിരുന്നു അതൊക്കെ. മലയാളം വായിക്കാൻ അറിയുമെങ്കിൽ ഞാൻ അതൊക്കെ വായിക്കും. ചുമ്മാതെ എന്തിനാണ് അതിന് നിൽക്കുന്നത്' നടി പറഞ്ഞു.
അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നടത്തിയ പ്രവർത്തനങ്ങളെ ക്കുറിച്ചും താരം മനസ് തുറന്നു. 'നായികമാർക്കും ക്യാരവാൻ സൗകര്യം ഒരുക്കണമെന്ന് ഞാൻ അമ്മ മീറ്റിംഗുകളിൽ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. പണ്ട് അത് ആർക്കുമില്ലായിരുന്നു. ഇപ്പോൾ അതിലൊക്കെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. അതൊരു നിയമമാക്കിയിട്ടുണ്ട്.' ലക്ഷ്‌മി ഗോപാലസ്വാമി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications