നടിമാരെല്ലാം വിട്ടുവീഴ്ച്ച ചെയ്ത് സ്റ്റാറായതാണെന്ന് പറയും'; ഞെട്ടിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
തിരുവനന്തപുരം: മലയാള സിനിമയില്‍ നിരവധി നടിമാര്‍ നേരിട്ടത് സമാനതകളില്ലാത്ത തരം പീഡനങ്ങളെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ചില പ്രശസ്ത നടിമാരെ ചൂണ്ടിക്കാണിച്ച് ഇവരെല്ലാം സിനിമയില്‍ മുന്നേറിയതും പ്രശസ്തിയും പണവും സമ്പാദിച്ചതും വിട്ടുവീഴ്ച്ച ചെയ്തിട്ടാണെന്ന് പറയാറുണ്ടെന്നും നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഇത് എടുത്തുപറഞ്ഞാണ് പുരുഷന്‍മാര്‍ വിട്ടുവീഴ്ച്ചയ്ക്ക് നടിമാരോട് ആവശ്യപ്പെടുന്നതെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറില്‍ ഇല്ലാത്ത തരത്തില്‍ ശരീര പ്രദര്‍ശനവും ലിപ് ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്നും മറ്റൊരു നടി കമ്മീഷന് മൊഴി നല്‍കിയിട്ടുണ്ട്.

ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിര്‍ക്കുന്ന ആളാണെങ്കില്‍ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യമാണ്. അതിക്രമം നടത്തിയ പലരും പ്രമുഖരും വലിയ സ്വാധീനം ഉള്ളവരുമാണ്. കലയോട് ആഭിമുഖ്യമുള്ളവര്‍ പോലും ചൂഷണം നിശബ്ദമായി സഹിക്കേണ്ടി വരികയാണ്.
പ്രധാന കാരണം ഇവരെ നിശബ്ദമായി ബഹിഷ്‌കരിക്കുന്നത് തന്നെയാണ്. അതുപോലെ കരാറില്‍ പറയുന്ന തുക യഥാര്‍ത്ഥത്തില്‍ നല്‍കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കൃത്യമായ വേതനം നല്‍കാതെ പറ്റിക്കുന്നതും സിനിമാ മേഖലയില്‍ സംഭവിക്കുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാകുന്ന നടിമാര്‍ സിനിമയ്ക്ക് പുറത്തും അതിന് തയ്യാറാകുമെന്ന് ചിലര്‍ കരുതുന്നു. ചില പുരുഷന്‍മാര്‍ ഇവരോട് നിരന്തരം ലൈംഗികാവശ്യം ഉന്നയിച്ച് പിന്നാലെ നടക്കാറുണ്ട്. ഇത് നിരസിച്ചാലും, കൂടുതല്‍ അവസരം അടക്കം നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് പിന്നാലെ കൂടുന്നത്. പുതുമുഖ താരങ്ങളില്‍ ചിലരെങ്കിലും ഈ വാഗ്ദാനങ്ങളില്‍ വീഴാറുണ്ട്.
ലൈംഗിക ചൂഷണങ്ങള്‍ക്ക് അവര്‍ വിധേയരാകാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തലുണ്ട്. അതേസമയം കടുത്ത സൈബര്‍ ആക്രമണവും വടിമാര്‍ നേരിടുന്നുണ്ട്. നഗ്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഉള്‍പ്പെടെ കമന്റിട്ട് പരസ്യമായി ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ് ഉള്ളത്. ഇതിനൊക്കെ പുറമേ അശ്ലീല ചുവയുള്ള ട്രോളുകളുമുണ്ട്. വാട്‌സ്ആപ്പ് മുഖേനയും കടുത്ത സൈബര്‍ ആക്രമണം നടിമാര്‍ നേരിടുന്നുണ്ടെന്ന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
നടിമാരെ ക്രൂരമായ പീഡനത്തിന് ഇരയാക്കുമെന്ന തരത്തിലുള്ള ഭീഷണികളും കമന്റുകളായി വരാറുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകളെ നാണംകെടുത്താനും ഭീഷണിപ്പെടാനും, ആസൂത്രിതമായ ശ്രമങ്ങളാണ് സൈബര്‍ ലോകത്ത് നടക്കുന്നത്. ഡബ്ല്യുസിസി രൂപീകരിച്ച ശേഷമാണ് നടിമാര്‍ ദുരനുഭവങ്ങള്‍ പുറത്തുപറയാന്‍ തുടങ്ങിയത്.
ഇവര്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. അതിലെ വിവരങ്ങള്‍ പുറത്തുപോകില്ലെന്ന് ഉറപ്പുനല്‍കിയതോടെയാണ് പലരും തുറന്ന് സംസാരിച്ചത്. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്ക് നേരെ മാത്രമല്ല പുറത്തുള്ള സ്ത്രീകള്‍ക്ക് നേരെയും ഇത്തരത്തില്‍ ആക്രമണം നടക്കുന്നുണ്ട്. സമൂഹം പൊതുവായി നേരിടുന്ന പ്രശ്‌നമായി ഇത് മാറികഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications