'മോഹൻലാലിനെ മോനേ എന്നാണ് വിളിച്ചിരുന്നത്, കേണലായപ്പൊ മാറി, അജു വർഗീസ് 2 ലക്ഷം തന്നു സഹായിച്ചു'; സേതുലക്ഷ്‌മി
മലയാള സിനിമയിൽ അമ്മ വേഷങ്ങൾ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന നടിമാരിൽ ഒരാളാണ് സേതുലക്ഷ്‌മി. നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയ സേതുലക്ഷ്‌മിക്ക് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് കൈമുതലായുണ്ടായിരുന്നു. സീരിയലുകളിലും മികച്ച വേഷങ്ങളാണ് അവർ കൈകാര്യം ചെയ്‌തത്. അൽപ്പം നെഗറ്റീവ് ടെച്ചുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാനും ഒട്ടും മടിയില്ലാത്ത താരം കൂടിയാണ് സേതുലക്ഷ്‌മി അമ്മ.
ടിപ്പിക്കൽ അമ്മ വേഷങ്ങളിൽ വേറിട്ട് നിൽക്കുന്ന കഥാപാത്രങ്ങളിലൂടെ സ്വയം പുതുക്കാൻ അവർ ശ്രമിക്കാറുണ്ട്. ഏഷ്യാനെറ്റിലെ മൗനരാഗം എന്ന സീരിയയിലെ കഥാപാത്രം അതിന് ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു. ഇതിന് ശേഷവും സമാനമായ രീതിയിലുള്ള കഥാപാത്രങ്ങൾ സേതുലക്ഷ്‌മി അമ്മയെ തേടി എത്തിയിട്ടുണ്ട്.

എങ്കിലും സേതുലക്ഷ്‌മി അമ്മയെ എല്ലാവരും ഓർക്കുന്നത് 'ഹൗ ഓൾഡ് ആർ യു', 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ മൂലമാണ്. മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ആളാണ് സേതുലക്ഷ്‌മി. ഇപ്പോഴിതാ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കിടുകയാണ് സേതുലക്ഷ്‌മി അമ്മ. മകന്റെ രോഗത്തിന് ചികിത്സയ്ക്ക് പണം സമാഹരിച്ചതിനെ കുറിച്ചും അവർ മനസ് തുറക്കുന്നുണ്ട്.
സേതുലക്ഷ്‌മിയുടെ വാക്കുകൾ
സൂപ്പർതാരങ്ങൾക്ക് ഒപ്പം പേടിച്ചു പേടിച്ചാണ് അഭിനയിച്ചത്. പക്ഷേ രാജാധിരാജയിൽ അഭിനയിക്കുമ്പോൾ എന്റെ ഡയലോഗ് കേട്ട് മമ്മൂട്ടി ചിരിക്കുകയായിരുന്നു. ലക്ഷ്‌മി റായിയും മമ്മൂട്ടി സ്നേഹത്തോടെ കെട്ടിപിടിച്ചു നിൽക്കുന്ന സമയത്ത് ഞാൻ ചെല്ലുന്ന സീൻ ആയിരുന്നു. ഓരോ നാശങ്ങൾ വേണ്ടാത്ത നേരത്ത് കയറി വരുന്നു എന്ന് മമ്മൂട്ടി പറയുമ്പോൾ ഇതിനൊക്കെ ഒരു നേരവും കാലവും ഉണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് മമ്മൂട്ടി ചിരിച്ചത്.
ഒരുപാട് കാര്യങ്ങൾ മമ്മൂട്ടി പറഞ്ഞു തന്നിരുന്നു. ഇനിയും എനിക്കൊരുപാട് കാര്യങ്ങൾ ഒക്കെ പറഞ്ഞു തരാൻ അറിയാം, പക്ഷേ അതിന് പണം തരണം എന്നായിരുന്നു പറഞ്ഞത്. എന്നെ വളരെയധികം ഇഷ്‌ടമായിരുന്നു. തമാശകൾ ഒക്കെ പറയുമായിരുന്നു. പെട്ടെന്ന് എന്റെ വീട്ടിൽ വരുമെന്ന് പറഞ്ഞു. ഞാൻ ആകെ വല്ലാതായി. വീട്ടിൽ വിളിച്ചു പറയട്ടെ എന്ന് ചോദിച്ചപ്പോൾ പിന്നൊരിക്കൽ ആവട്ടെ എന്നായിരുന്നു മറുപടി.
മോഹൻലാലിനോട് ആദ്യമൊക്കെ നല്ലതായിരുന്നു. പിന്നെ അദ്ദേഹം ഇങ്ങനെ മുകളിലേക്ക് പോവുകയല്ലേ. പട്ടാളം ഒക്കെ വന്നില്ലേ. മോഹൻലാലിന് ഗൗരവം വന്നതല്ല എനിക്കായിരുന്നു. മോനെ എന്നും മക്കളേ എന്നുമൊക്കെ ആയിരുന്നു ഞാൻ വിളിച്ചോണ്ട് ഇരുന്നത്. ഇത്രയും വലിയൊരു ആളായില്ലേ, പിന്നെ സർ എന്നൊക്കെയാണ് വിളിക്കാറുള്ളത്.
മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ പോയാൽ നല്ല പണം കിട്ടും. അദ്ദേഹം സഹായിച്ചിട്ടുണ്ട്. മകന്റെ ചികിത്സയൊക്കെ വന്നപ്പോൾ ഒരുപാട് പേർ സഹായിച്ചു. ഫേസ്‌ബുക്കിലൂടെ ആരൊക്കെ പൈസ ഇട്ടെന്ന് എനിക്ക് അറിഞ്ഞുകൂടാ. അജു വർഗീസ് രണ്ട് ലക്ഷം രൂപ തന്നു. പിന്നെ ഒരു ലക്ഷവും അൻപതിനായിരവും ഒക്കെയായി ഒരുപാട് പേർ സഹായിച്ചു. എല്ലാവരോടുമുള്ള നന്ദി മനസിലുണ്ട്.












Click it and Unblock the Notifications