ബിഗ് ബോസില്‍ പോകുന്നതിന് മുമ്പ് നിര്‍മാതാവിനോട് പറഞ്ഞ കഥ, പൃഥ്വി ചെയ്യുന്നു എന്നറിഞ്ഞത് പിന്നീട്: മാരാര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവായ അഖില്‍ മാരാര്‍ സംവിധായകന്‍ എന്ന നിലയിലാണ് ആദ്യം എല്ലാവരുടേയും ശ്രദ്ധ നേടിയത്. ഒരു താത്വിക അവലോകനം എന്ന പേരില്‍ ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷമാണ് ബിഗ് ബോസിലേക്ക് അഖില്‍ മാരാര്‍ എത്തിയത്. ബിഗ് ബോസില്‍ വിജയിച്ച ശേഷവും സിനിമാ സംവിധാനം തുടരുമെന്ന് അഖില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ മനസിലുണ്ടായിരുന്ന കഥയുടെ സമാനകഥയാണ് ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തിലേത് എന്ന് പറയുകയാണ് അഖില്‍ മാരാര്‍. ബിഗ് ബോസിന് മുന്‍പ് തന്നെ തന്റെ കഥ ഒരു നിര്‍മാതാവിനോട് പറഞ്ഞിരുന്നു എന്നും നിര്‍മാതാവ് അത് ചെയ്യാമെന്നേറ്റിരുന്നു എന്നും അഖില്‍ മാരാര്‍ പറയുന്നു. മൂവി വേള്‍ഡ് മീഡിയ മിഡില്‍ ഈസ്റ്റ് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പിന്നീടാണ് വിപിന്‍ പൃഥ്വിയെ വെച്ച് സമാനസ്വഭാവമുള്ള കഥയുമായി സിനിമ ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞത് എന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഒരു സിനിമയുടെ ബോക്‌സോഫീസ് വിജയം വെച്ച് സംവിധായകനേയോ ടെക്‌നീഷ്യന്‍മാരേയോ വിലയിരുത്തരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഖില്‍ മാരാരുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'സിനിമ വിജയിച്ചാല്‍ അയാള്‍ (സംവിധായകന്‍) എന്തോ വലിയ കഴിവുള്ള ആളാണ് എന്ന തരത്തില്‍ ഒരു ട്രെന്‍ഡ് പൊങ്ങി വന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തില്‍ ഏറ്റവും മോശം സംവിധായകനാണ് എന്ന് പറയേണ്ടി വരും. കാരണം അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെട്ടതാണ്. പക്ഷെ ഹൈലി ക്രാഫ്റ്റുള്ള മനുഷ്യനാണ് എന്ന് സിനിമ കണ്ടാല്‍ പറയാന്‍ പറ്റും.
സിനിമയുടെ ജയപരാജയങ്ങള്‍ നോക്കിയിട്ടല്ലല്ലോ നമ്മള്‍ ഒരാളെ വിലയിരുത്തുന്നത്. അങ്ങനെയാണെങ്കില്‍ പത്മരാജനും കെജി ജോര്‍ജുമൊക്കെ മലയാളത്തിലെ മോശം സംവിധായകരാകില്ല. കാരണം ഇവരുടെ മിക്ക പടങ്ങളും തിയേറ്ററില്‍ വിജയിച്ചിട്ടില്ല. ക്രാഫ്റ്റ് എന്ന് പറയുന്ന ഒരു കാര്യമുണ്ട്. ഞാന്‍ ഇതെടുത്ത് പറയാന്‍ കാരണം പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറയുന്നത് കേട്ടു ഞാന്‍ ഇനി ചെയ്യാന്‍ പോകുന്നത് ജയ ജയ ജയഹേ സിനിമയുടെ സംവിധായകന്റെ കൂടെയാണ് എന്ന്.
ജയ ജയ ജയഹേ എനിക്ക് ഇഷ്ടപ്പെട്ട പടമാണ്. പക്ഷെ പൃഥ്വിരാജ് സിനിമ കണ്ടിട്ടില്ല. പൃഥ്വിരാജ് തന്നെ പറഞ്ഞു ഞാനീ സിനിമ കണ്ടിട്ടില്ല, പക്ഷെ ഞാന്‍ ഡേറ്റ് കൊടുത്തു എന്ന്. എന്തുകൊണ്ട് സക്‌സസിനെ നോക്കി കൊണ്ട്. ആ പടം സക്‌സസായി. നല്ല സിനിമയാണ്, മനോഹരമായി ചെയ്തിട്ടുണ്ട്. ഒരു നടന്‍ ഡേറ്റ് കൊടുക്കുമ്പോള്‍ മുന്‍പ് സംവിധാനം ചെയ്ത സിനിമ ഓടി എന്നുള്ള കാരണം കൊണ്ടല്ല ഡേറ്റ് കൊടുക്കേണ്ടത്.
അത് എങ്ങനെയാണ് ചെയ്തത് എന്ന് വിലയിരുത്തിയിട്ട് ഇത് ഇവന്‍ തന്നെ പണിയെടുത്ത് വിജയിപ്പിച്ചെടുത്തതാണോ അതോ മറ്റെന്തെങ്കിലും ഫാക്ടേഴ്‌സ് കാരണമാണോ എന്ന് നമ്മള്‍ നോക്കണം. ഏതൊരു ടെക്‌നീഷ്യന്റേയും ജയപരാജയങ്ങള്‍ക്ക് അപ്പുറത്തേക്ക് അയാളുടെ ക്രാഫ്റ്റ് നമ്മള്‍ നോക്കണം. ഗുരുവായൂരമ്പലനടയില്‍ പോലുള്ള ഒരു കഥ എന്റെ മനസില്‍ ഉണ്ടായിരുന്നു. അത് അച്ഛനും മകനും തമ്മിലുള്ള ക്ലാഷ് ആയിരുന്നു.
ഗുരുവായൂരമ്പലനടയില്‍ അളിയനും അളിയനും തമ്മിലാണ് ക്ലാഷ്. ബിഗ് ബോസില്‍ പോകുന്നതിന് മുന്‍പ് ഒരു നിര്‍മാതാവിന് മുന്നില്‍ പറഞ്ഞ് അവര്‍ക്ക് അത് ഇഷ്ടപ്പെട്ടതായിരുന്നു. അപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു എന്റെ കഥയോട് സാമ്യമുള്ള കഥ വിപിന്‍ പൃഥ്വിരാജിനോട് പറയുകയും പൃഥ്വി ഡേറ്റ് കൊടുക്കുകയും ചെയ്തിട്ടുണ്ട് എന്ന്. സുരാജിനേയും ബേസിലിനേയോ ധ്യാനിനേയോ വെച്ച് ചെയ്യാമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.'












Click it and Unblock the Notifications