എന്തിന് ആസിഫ്? പേര് തെറ്റിച്ച് വിളിച്ചതിനാണ് ദേഷ്യമെങ്കില്‍ എന്നോടാകാമായിരുന്നല്ലോ? ജുവല്‍ മേരി
കൊച്ചി: മനോരഥങ്ങള്‍ ട്രെയിലര്‍ ലോഞ്ചിനിടയില്‍ ഉണ്ടായ രമേശ് നാരായണന്‍-ആസിഫ് അലി വിവാദത്തില്‍ പ്രതികരിച്ച് നടിയും പരിപാടിയുടെ അവതാരകയുമായ ജുവല്‍ മേരി. പരിപാടിയില്‍ വലിയ സംഘാടനപ്പിഴവുണ്ടായി എന്നും പരിപാടിയില്‍ ആരൊക്കെ വരും എന്ന് സംഘാടകര്‍ക്ക് പോലും ധാരണയില്ലായിരുന്നു എന്നും ജുവല്‍ മേരി പറഞ്ഞു. സംഘാടകര്‍ തനിക്ക് തന്ന ലിസ്റ്റില്‍ രമേശ് നാരായണന്റെ പേരില്ലായിരുന്നു ജുവല്‍ വെളിപ്പെടുത്തി.
''എനിക്ക് തന്ന ലിസ്റ്റില്‍ പലതും അപൂര്‍ണമായിരുന്നു. ഇതിനിടയില്‍ തന്നെ അതിനുള്ളിലുള്ള പേരുകള്‍ നീക്കുകയും ചേര്‍ക്കുകയുമൊക്കെ ചെയ്തു. ഇതെല്ലാം സ്വാഭാവികമാണ്. ഒമ്പത് സിനിമകളിലേയും ആളുകളുടെ ലിസ്റ്റ് നമ്മുടെ കയ്യിലുണ്ട്. ജയരാജ് സര്‍ സംവിധാനം ചെയ്ത സിനിമയ്ക്കാണ് രമേശ് നാരായണന്‍ സര്‍ സംഗീതം നല്‍കിയിരിക്കുന്നത്. ആ ലിസ്റ്റില്‍ രമേശ് നാരായണന്‍ സാറിന്റെ പേരില്ലായിരുന്നു,' ജുവല്‍ പറഞ്ഞു.

സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അതെന്നും സ്റ്റേജില്‍ കയറിയ ആ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അത് ശ്രദ്ധിച്ചതുമില്ല എന്നും ജുവല്‍ ചൂണ്ടിക്കാട്ടി. അത് സംഘാടകരുടെ തന്നെ വീഴ്ചയാണ് എന്നും എങ്കിലും ആ പരിപാടിയുടെ അവതാരക എന്ന നിലയില്‍ താനും ക്ഷമ ചോദിക്കുന്നു എന്നും താരം പറഞ്ഞു. ഇക്കാര്യം പെട്ടെന്നാണ് ഷോ ഡയറക്ടര്‍ എന്നോട് സൂചിപ്പിക്കുന്നത്.
ആസിഫ് അലിയെക്കൊണ്ട് അദ്ദേഹത്തിന് പുരസ്‌കാരം കൊടുക്കൂ എന്നു പറഞ്ഞ്, രമേശ് നാരായണന്‍ സാറിനെ തനിക്ക് കാണിച്ചു തന്നെന്നും പക്ഷേ പേര് പറഞ്ഞിരുന്നില്ല എന്നും ജുവല്‍ പറഞ്ഞു. പേര് അറിയാമെങ്കിലും ആ വെപ്രാളത്തില്‍ തെറ്റായി വിളിച്ച് പോകുകയായിരുന്നു എന്നും താരം പറഞ്ഞു. എന്നാല്‍ സന്തോഷ് നാരായണന്‍ എന്ന് അനൗണ്‍സ് ചെയ്ത ശേഷം പത്ത് സെക്കന്‍ഡിന്റെ പോലും താമസമില്ലാതെ പേരു തിരുത്തി താന്‍ വീണ്ടും അനൗണ്‍സ് ചെയ്തു എന്നും ജുവല്‍ പറഞ്ഞു.
'എന്തുകൊണ്ടാണ് അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിക്കാതിരുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ സാറിന് കാലിന് ബുദ്ധിമുട്ടുള്ളതിനാല്‍ പടികള്‍ കയറി സ്റ്റേജിലേക്കു വരാന്‍ സാധിക്കില്ലെന്ന് എന്നെ അറിയിച്ചിരുന്നു. ആസിഫ് അലി തൊട്ടടുത്ത് ഇരിക്കുന്നതു കണ്ടപ്പോള്‍ ഷോ ഡയറക്ടറാണ് പറഞ്ഞത്, പുരസ്‌കാരം ആസിഫ് അലിയെക്കൊണ്ട് കൊടുപ്പിക്കൂ എന്ന്,' താരം വ്യക്തമാക്കി.
ആസിഫ് മെമെന്റോയുമായി പോകുന്ന സമയത്ത് അടുത്ത ആളെ വിളിക്കുന്നതിനുള്ള പേരുകള്‍ക്കായി തയാറെടുക്കുകയായിരുന്നു താനും ഷോ ഡയറക്ടറും എന്നും ആ സമയത്ത് ഇക്കാര്യങ്ങള്‍ കൊണ്ട് തിരക്കായതിനാല്‍ താഴെ എന്താണ് നടന്നതെന്ന് താന്‍ കണ്ടിട്ടില്ല എന്നും ജുവല്‍ പറഞ്ഞു. രാവിലെയാണ് ആ വീഡിയോ കാണുന്നത് എന്നും തനിക്കൊരുപാട് വിഷമം തോന്നി എന്നും ജുവല്‍ പറഞ്ഞു.
'ആസിഫ് അലി അതുകൊണ്ടുവന്നപ്പോള്‍ അദ്ദേഹം (രമേഷ് നാരായണ്‍) അറിഞ്ഞില്ല പോലും അത് തരാനായി കൊണ്ടുവന്നതാണെന്ന്. തരാനല്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍, ആ മെമെന്റോ ചിരിച്ച മുഖത്തോടു കൂടി ആസിഫ് നിങ്ങള്‍ക്കു െേനര നീട്ടുന്നത്. പേര് തെറ്റിച്ച് വിളിച്ചതിനാണ് ദേഷ്യമെങ്കില്‍ അതെന്നോടാകാമായിരുന്നല്ലോ, എന്തിന് ആസിഫ് ?,' ജുവല്‍ ചോദിക്കുന്നു.
അങ്ങനെയൊരു അവസ്ഥ അവിടെ ഉണ്ടായതില്‍ സങ്കടമുണ്ട് എന്നും രണ്ട് പേരോടും താന്‍ സോറി പറയുന്നു എന്നും ജുവല്‍ കൂട്ടിച്ചേര്‍ത്തു. ഒരു അവതാരക എന്ന നിലയില്‍ താന്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും അത് കൈകാര്യം ചെയ്യാനുള്ള കാര്യക്ഷമത കൂടി തനിക്കുണ്ടാവണമായിരുന്നു എന്നും അവര്‍ പറഞ്ഞു. എന്നാല്‍ മോശം സംഘാടനമായിരുന്നു ആ പരിപാടിയുടേതെന്ന് പറയാതിരിക്കാന്‍ വയ്യ എന്നും ജുവല്‍ കുറ്റപ്പെടുത്തി.
ഒരുപാട് വലിയ പ്രമുഖര്‍ വരുന്നൊരു പരിപാടിയില്‍ എല്ലാ കാര്യങ്ങളിലും കൃത്യമായ ധാരണ ഉണ്ടെങ്കില്‍ മാത്രമേ ഒരു പിഴവും കൂടാതെ നടത്താന്‍ പറ്റൂ. അങ്ങനെയൊരു വേദന അനുഭവിക്കാന്‍ തക്കതൊന്നും ആസിഫ് ചെയ്തിട്ടില്ല എന്നും എല്ലാവരുടെയും മുന്നില്‍ വെച്ച് അവഗണിക്കപ്പെട്ടതില്‍ ഒത്തിരി വിഷമമുണ്ട് എന്നും താരം വ്യക്തമാക്കി.
രമേഷ് നാരയണിന്റെ പാട്ടുകളൊക്കെ വളരെ ഇഷ്ടമാണ്. എന്നാല്‍ ഈ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. ഒരു മനുഷ്യനെ വല്ലാത്തൊരു വേദനയുടെ അവസ്ഥയില്‍ നിര്‍ത്തി ആ നിമിഷത്തില്‍ തനിക്കിടപെടാന്‍ പറ്റിയില്ല എന്നതില്‍ വ്യക്തിപരമായി ഏറെ വിഷമമുണ്ട് എന്നും ജുവല്‍ പറഞ്ഞു.












Click it and Unblock the Notifications