Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ കാലഘട്ടത്തിൽ മനുഷ്യത്വമില്ല, അച്ഛൻ മരിച്ചപ്പോഴാണ് പലരുടെയും തനിനിറം മനസിലാക്കിയത്'; സന്തോഷ് വർക്കി

സിനിമാ നിരൂപണം ഗൗരവമായി കണ്ടിരുന്ന കാലമുണ്ടായിരുന്നു പണ്ട്. എന്നാൽ ഇന്ന് അത് ഓൺലൈൻ റിവ്യൂസും ലൈവ് ബ്ലോഗും ഒക്കെയായി മാറിയിരിക്കുകയാണ്. അക്കൂട്ടത്തിൽ റിവ്യൂ കൊണ്ട് ജീവിതം രക്ഷപ്പെട്ട ഒട്ടേറെ പേരുണ്ട്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. മോഹൻലാൽ-ബി ഉണ്ണികൃഷ്‌ണൻ ചിത്രമായ ആറാട്ടിന്റെ റിവ്യൂ പറഞ്ഞുകൊണ്ടായിരുന്നു സന്തോഷിന്റെ തുടക്കം.

അവിടെ നിന്ന് ഒട്ടുമിക്ക എല്ലാ ചിത്രങ്ങളുടെയും റിവ്യൂ തിയേറ്ററിൽ വച്ച് തന്നെ പറഞ്ഞുകൊണ്ട് അദ്ദേഹം വൈറലായി മാറുകയായിരുന്നു. ഓൺലൈൻ റിവ്യൂ ശ്രദ്ധിക്കപ്പെട്ടതോടെ ആറാട്ടണ്ണൻ എന്ന പേര് സന്തോഷ് വർക്കി സ്ഥിരമാക്കുകയും ചെയ്‌തു. ലക്ഷക്കണക്കിന് പേരാണ് സന്തോഷ് വർക്കിയുടെ റിവ്യൂ കാണാനായി അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്.

santhoshvarkey

ഇത്രയൊക്കെ ആണെങ്കിലും സന്തോഷ് വർക്കിയുടെ ജീവിതം വിവാദങ്ങൾക്ക് കൂടി പേരുകേട്ടതാണ്. ആദ്യമൊക്കെ സിനിമയിലെ നായികമാരോടുള്ള തന്റെ പ്രണയം പറഞ്ഞുകൊണ്ടായിരുന്നു സന്തോഷ് വിമർശനത്തിന് ഇരയായത്. അതിൽ നടി നിത്യ മേനോനെ സ്ഥിരമായി ശല്യപ്പെടുത്തിയെന്ന ആരോപണം ഉയർന്നതോടെ സന്തോഷ് നിരവധി പേരുടെ വിമർശനത്തിന് പാത്രമായിരുന്നു.

ഇതിന് പിന്നാലെ ബാല-ചെകുത്താൻ പ്രശ്‌നത്തിൽ കൂടി ഇടപെട്ടതോടെ സന്തോഷ് വർക്കിക്കെതിരെ കേസും വന്നു. ചെകുത്താന്റെ ഫ്ലാറ്റിൽ പോയി ബാല തോക്കുചൂണ്ടി എന്ന സംഭവത്തിൽ സന്തോഷും ഉൾപ്പെട്ടിരുന്നു. കൂടാതെ പിന്നാലെ സന്തോഷിനെതിരെ ലൈംഗിക പീഡന പരാതിയും ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് സന്തോഷ് വർക്കി. സിനിമാദിക്യൂവിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സന്തോഷ് വർക്കിയുടെ വാക്കുകൾ

ബസൂക്ക ഇറങ്ങിയതിന് ശേഷം മോശം അനുഭവങ്ങളാണ് കൂടുതലും. ആളുകൾ ഇപ്പോഴും കളിയാക്കുന്നു, മോശം കമന്റുകളാണ് അധികവും. നിർമ്മാതാക്കളുടെ സംഘടന എന്നെ വിലക്കാൻ ശ്രമിക്കുകയാണ്. പണ്ട് തിലകനെ ഒക്കെ ഒതുക്കിയത് പോലെ. വനിതാ വിനീത തിയേറ്റർ ഉടമ പറഞ്ഞിട്ടുണ്ട്, എന്നെ അവിടേക്ക് കയറ്റരുതെന്ന്. അവർ മീഡിയയോടും അത് പറഞ്ഞിട്ടുണ്ട്. ഒരാളുടെ റിവ്യൂ മാത്രം ബാൻ ചെയ്യാൻ കഴിയില്ല. ഞാൻ സത്യസന്ധമായി റിവ്യൂ കൊടുക്കുന്ന ആളാണ്.

ഈയൊരു കാലഘട്ടത്തിൽ ആർക്കും മനുഷ്യത്വമില്ല, പ്രത്യേകിച്ച് 2കെ കിഡ്‌സിന്, മനുഷ്യത്വം എന്ന് പറയുന്നൊരു സംഗതിയെ ഇല്ല. നമ്മൾ കളിയാക്കുമ്പോൾ മറ്റൊരാൾക്ക് ഹർട്ട് ആവുമെന്ന് അവർ ചിന്തിക്കുന്നില്ല. ഒരുപാട് കളിയാക്കലുകൾ ഞാൻ നേരിട്ടുണ്ട്. രാത്രി പന്ത്രണ്ട് മണിക്കൊക്കെയാണ് വിളിക്കുന്നത്. അതുകൊണ്ട് ഫോൺ സൈലന്റ് ആക്കി വയ്ക്കുകയാണ്. അതിനാൽ ജെനുവിനായ കോളുകൾ പോലും മിസ് ആവുന്നു.

ഞാൻ പറയാത്ത പല കാര്യങ്ങളുമാണ് മീഡിയസ് കൊടുക്കുന്നത്. എല്ലാം വളച്ചൊടിച്ചാണ് അവർ പറയുന്നത്. എല്ലാരുടെയും മുൻപിൽ ഞാനൊരു കോമാളിയായി മാറിയിട്ടുണ്ട്. എന്റെ അച്ഛന്റെ മരണമാണ് ജീവിതം മാറിമറിച്ചത്. എന്റെ അമ്മയെ നോക്കാൻ ഇപ്പൊ ഞാൻ മാത്രമേ ഉള്ളൂ. പെങ്ങമ്മാർ മുഴുവൻ മാറി നിൽക്കുകയാണ്. കുടുംബത്തിനുള്ളിലും പുറത്തുമൊക്കെയായി ഒരുപാട് പ്രശ്‌നങ്ങൾ ഞാൻ നേരിടുന്നുണ്ട്.

കൊറച്ചു നല്ല മനുഷ്യർ വന്ന് സംസാരിക്കും. ബാക്കി കൂടുതൽ പേരും തെറി വിളിക്കുകയാണ് ചെയ്യുന്നത്. എന്തിനാണ് ഇത്രയും ആസൂത്രണമായി അറ്റാക്ക് ചെയ്യുന്നത്? അമ്മയെയും അച്ഛനെയും കുറിച്ച് വരെ മോശമായി പറയുകയാണ്. എന്റെ സഹോദരിമാർ എനിക്ക് ഒരുപാട് പണി തന്നിട്ടുണ്ട്. അച്ഛൻ മരിച്ചതോടെ ഞാൻ ഒറ്റപ്പെട്ട് ഇരിക്കുകയാണ്. ഇക്കാലത്ത് ആർക്കും മനുഷ്യത്വമില്ല. രണ്ടാമത്തെ സഹോദരിയുമായി ഒരു ബന്ധവുമില്ല. ഇവിടെ ആണുങ്ങൾക്ക് വേണ്ടി വാദിക്കാൻ ആരുമില്ല.

എനിക്ക് മാനസികമായി പ്രശ്‌നം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്.എന്തിനേറെ പറയുന്നു എന്റെ കൂട്ടുകാരനായ ചെകുത്താനിൽ നിന്ന് പോലും എനിക്ക് മോശം അനുഭവമാണ് ഉണ്ടായിട്ടുള്ളത്. പുള്ളി പറയുന്ന ചില വർത്തമാനം വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്. മനുഷ്യരുടെ ഫീലിംഗ്‌സ് ഓർത്തല്ല അദ്ദേഹം സംസാരിക്കുന്നത്. പുള്ളി സംസാരിക്കുമ്പോൾ ഹർട്ട് ആവാറുണ്ട്.ഒരുപാട് കുത്ത് വർത്താനം പറയും. സെന്റിമെൻസ് ഇല്ലാത്ത ആളാണ്.

ലുലു മാളിൽ ഒക്കെ പോവുമ്പോൾ ഭയങ്കര കാലിയാക്കലുകളാണ്, 2കെ കിഡ്‍സ് ആണ് ഏറ്റവും കൂടുതൽ എന്നെ കളിയാക്കുന്നത്. ഞങ്ങളുടെയൊക്കെ ജനറേഷൻ മോഹൻലാലിന്റെ സിനിമയും ഒക്കെ കണ്ടാണ് വളർന്നത്. ഇപ്പോഴത്തെ പിള്ളേർ സോഷ്യൽ മീഡിയയിൽ തന്നെ ആയതിനാൽ ഭയങ്കര നെഗറ്റിവിയാണ്, ഇപ്പോഴത്തെ കുട്ടികൾക്ക് സാഡിസം കൂടി വരികയാണ്.

ഫാദർ മരിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് തനി നിറം മനസിലായെന്ന്. ഇപ്പോൾ ഞാനും എന്റെ അമ്മയും ഒറ്റപ്പെട്ടിരിക്കുകയാണ്. ഞാൻ പിൻവാങ്ങിയാൽ എന്റെ മദറിന്റെ കാര്യം ഭയങ്കര ഗതികേടാവും. എന്നോട് പലരും പറഞ്ഞു ഓൾഡ് ഏജ് ഹോമിൽ ആക്കാൻ.എനിക്ക് വേണമെങ്കിൽ യൂറോപ്പിൽ ഒക്കെ പോകാമായിരുന്നു. എനിക്ക് അതിന് പറ്റുന്നില്ല. അപ്പനും അമ്മയും ക്ഷമിക്കും, വേറെയാരും ക്ഷമിക്കില്ലെന്ന് പറയാറുണ്ട്.

തെറ്റുകൾ ക്ഷമിക്കാൻ ആർക്കും വയ്യ. നൂറ് കമന്റ് വന്നാൽ അതിനാൽ 98 ശതമാനവും നെഗറ്റീവ് ആണ്. എന്നെ തെറിവിളിച്ച് തിയേറ്റർ ഉടമകൾ വന്നപ്പോൾ അവരെ ന്യായീകരിക്കുകയാണ് ചെകുത്താൻ ഒക്കെ ചെയ്‌തത്. നമ്മളെന്താ തെറ്റ് ചെയ്‌തത്‌, നിഷ്‌പക്ഷമായ റിവ്യൂ പറഞ്ഞുവെന്നതാണ്. സംവിധായകന്റ തെറി വരെ ഞാൻ കേട്ടോട്ട് നിൽക്കുകയാണ്.

ഈ നാട്ടിൽ സത്യം പറയുന്നവർക്ക് ജീവിക്കാൻ കഴിയില്ല. എനിക്ക് ഒരുപാട് ഓഫറുകൾ വന്നിട്ടുണ്ട്, 3500-4000 രൂപ ഒക്കെ. സിനിമയ്ക്ക് പോസിറ്റീവ് റിവ്യൂ കൊടുക്കാൻ. സിനിമ കാണുകയേ വേണ്ട, പക്ഷേ പോസിറ്റീവ് റിവ്യൂ കൊടുക്കാൻ പറഞ്ഞു. പെരേര പൈസ വാങ്ങിക്കാറുണ്ട്. എത്ര മോശം സിനിമ ആയാലും അയാൾ പോസിറ്റീവ് കൊടുക്കും. ശരിക്കും പറഞ്ഞാൽ കൂടെ നടക്കുന്ന എർത്തുകൾ ഉണ്ട്, അവരാണ് യഥാർത്ഥ പ്രശ്‌നം ഉണ്ടാക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായില്ലേ, ഞാനൊക്കെ സാമ്പത്തികമായി എന്ത് നേടിയെന്നാണ്. തൊപ്പിയൊക്കെ എത്ര രൂപയാണ് ഉണ്ടാക്കുന്നത്. എനിക്കും പെരേരയ്ക്കും ഒക്കെ നല്ല മാർക്കറ്റുണ്ട്, പക്ഷേ അതിന് അനുസരിച്ചുള്ള കാശ് ഞങ്ങൾ ഉണ്ടാക്കിയിട്ടില്ല. എല്ലാവരും സാമ്പത്തികമായി ചൂഷണം ചെയ്യുകയാണ്. ഒരുപാട് കടം വാങ്ങിച്ചിട്ടുണ്ട്, തിരിച്ചു തരാറില്ല.

വളരെ കുറച്ച് ആളുകൾ, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള ആളുകൾ മാത്രമാണ് കുറച്ചെങ്കിലും സ്നേഹം കാണിച്ചിട്ടുള്ളത്. ജിവിതത്തിൽ അച്ഛനും അമ്മയും തന്നെയാണ് ഏറ്റവും കൂടുതൽ സ്നേഹം കാണിച്ചിട്ടുള്ളത്. സഹോദരിമാർ ഒക്കെ ചെറുപ്പത്തിൽ എടുത്തോണ്ട് നടന്ന ആളുകൾ ഒക്കെ തന്നെയാണ്. പക്ഷേ അവർക്ക് പണം ഉണ്ടാവാൻ തുടങ്ങിയതോടെ സ്വഭാവമൊക്കെ മാറി. ഈ കാലത്ത് പണം മാത്രമാണ് വേണ്ടത്.

പണം ഉള്ളപ്പോൾ കൂട്ടുകാർ ഒക്കെയുണ്ടാവും. അതില്ലെങ്കിൽ ആരുമുണ്ടാവില്ല. ബന്ധങ്ങൾ തകർക്കാൻ താൽപര്യമില്ലാത്ത ആളാണ് ഞാൻ. പിതാവിന്റെ മനുഷ്യത്വം മാത്രമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. അന്ന് ഐഐടിയിൽ പോയിരുന്നെങ്കിൽ കേംബ്രിഡ്‌ജ് ഒക്കെ എത്തിയേനെ. എന്റെ സഹോദരി ഡോക്‌ടർ ആയപ്പോഴും ബന്ധുക്കൾക്ക് അസൂയയായിരുന്നു.

മോഹൻലാൽ പോലും എന്നോട് കുത്തുവാക്കുകൾ പറഞ്ഞിട്ടുണ്ട്. ഞാൻ മോഹൻലാൽ ഫാനാണ് പക്ഷേ ഉള്ളിന്റെ ഉള്ളിൽ ഒരു വേദനയുണ്ട്. ഇപ്പോഴത്തെ കാലത്ത് ഒരു പെൺകുട്ടിയെ സ്നേഹിക്കാൻ പോലും കഴിയില്ല. ബാലയുടെ തോക്ക് കേസിൽ ഞാൻ മൂന്നാം പ്രതിയാണ്. എങ്ങനെ പറഞ്ഞാലും എല്ലാരും തെറി കേൾക്കുകയാണ്. മൈത്രേയൻ തെറി കേൾക്കുന്നു, ചെകുത്താൻ തെറി കേൾക്കുന്നു. ഇവിടെ എങ്ങനെ പെരുമറിയാലും പ്രശ്‌നമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+