ലോണെടുത്ത് തുടങ്ങിയ സ്റ്റുഡിയോ, അന്ന് ഒരു രൂപ പ്രതിഫലം വാങ്ങാതെ ഉദ്ഘാടനം ചെയ്ത ചാക്കോച്ചൻ, സംഭവം ഇങ്ങനെ
സിനിമാ താരങ്ങൾ ഉദ്ഘാടനങ്ങൾക്ക് പോകാറുണ്ട്. വലിയ പ്രതിഫലമാണ് ഉദ്ഘാടനത്തിന് പോകുമ്പോൾ ലഭിക്കാറുള്ളത്. സൂപ്പർ താരങ്ങളെയൊക്കെ ഉദ്ഘാടനത്തിന് കൊണ്ടുവരണമെങ്കിൽ വലിയ തുക തന്നെ വേണം. എന്നാൽ മലയാള സിനിമയിൽ കത്തിനിൽക്കുന്ന സമയത്ത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ എത്രയോ ദൂരം സഞ്ചരിച്ച് സാധാരണക്കാരനായ ഒരാൾ ലോണെടുത്ത് തുടങ്ങിയ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യാൻ എത്തിയ കുഞ്ചാക്കോ ബോബനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.
ഹരി പത്തനാപുരമാണ് ഈ സംഭവം പറഞ്ഞത്. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും ഹരി പറയുന്നുണ്ട്. ഹരി ഈ സംഭവം പറഞ്ഞതോടെ കുഞ്ചാക്കോ ബോബന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും വലിയ മനസ്സിന് കയ്യടിക്കുകയാണ് ആരാധകർ.

എത്രയോ വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവം നടന്നത്. അനിയത്തി പ്രാവ് സിനിമ ഹിറ്റായി കുഞ്ചാക്കോ ബോബന് ഒരുപാട് ആരാധകർ ഉണ്ടായിരുന്ന സമയത്താണ് സ്റ്റുഡിയോ ഓണർ കുഞ്ചാക്കോ ബോബനെ കൊണ്ട് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യിക്കാൻ ആഗ്രഹിച്ചത്. പിന്നീട് നടന്നത് ഇങ്ങനെയാണ്.
'' അഞ്ചൽ എന്ന സ്ഥലത്ത് ഒരു മനുഷ്യൻ , അദ്ദേഹം ലോണെടുത്ത് ഒരു സ്റ്റുഡിയോ തുടങ്ങാൻ തീരുമാനിച്ചു. 1997 ആണ് കാലഘട്ടം. സ്റ്റുഡിയോ ആരെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കും എന്നതായിരുന്നു പലരുടെയും ചോദ്യം. അക്കാലത്താണ് അനിയത്തി പ്രാവ് ഇറങ്ങിയത്. സിനിമയും നായകൻ കുഞ്ചാക്കോ ബോബനും ഹിറ്റായി നിൽക്കുന്ന സമയം. കുഞ്ചാക്കോ ബോബനാണ് ഉദ്ഘാടനം ചെയ്യാൻ പോകുന്നത് എന്ന് സ്റ്റുഡിയോ ഉടമ ചോദിക്കുന്നവരോടൊക്കെ പറഞ്ഞു.
പലരും അത് വിശ്വസിക്കാതെ കളിയാക്കി. അക്കാലത്ത് മനോരാജ്യം എന്ന മാഗസിനിൽ കുഞ്ചാക്കോ ബോബന്റെ ഫോൺ നമ്പർ സഹിതം പ്രിന്റ് ചെയ്തുവന്നു. ഇദ്ദേഹം ആ നമ്പറിലേക്ക് വിളിച്ചു ഫോൺ എടുത്തത് കുഞ്ചാക്കോ ബോബന്റെ അമ്മയായിരുന്നു. അയാൾ കാര്യം പറഞ്ഞു. വളരെ ബുദ്ധിമുട്ടിയാണ് സ്റ്റുഡിയോ ഇട്ടതെന്നും കുഞ്ചാക്കോ ബോബനെ കൊണ്ട് ഉദ്ഘാടനം ചെയ്യണമെന്നാണ് ആഗ്രഹം എന്നൊക്കെ പറഞ്ഞു.
ചക്കോച്ചന്റെ അമ്മ ആദ്യം ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞെങ്കിലും സ്റ്റുഡിയോക്കാരൻ വിട്ടില്ല. ഒടുവിൽ ചാക്കോച്ചൻ ഉള്ള ദിവസം വീട്ടിലേക്ക് വരാൻ പറഞ്ഞു. അതനുസരിച്ച് ഇദ്ദേഹം പോയി. ചെന്നപ്പോൾ കുഞ്ചാക്കോ ബോബൻ വീട്ടിൽ ഉണ്ടായിരുന്നില്ല.
അയാൾ തന്റെ വിഷമങ്ങളെല്ലാം ചാക്കോച്ചന്റെ അമ്മയോട് പറഞ്ഞു. അപ്പോഴേക്കും ചാക്കോച്ചൻ എത്തി. മോനെ ഇദ്ദേഹത്തിന്റെ അവസ്ഥ വളരെ ബുദ്ധിമുട്ടിലാണ്. ഒരു സ്റ്റുഡിയോ നിന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് വന്നത്. നീ അത് ചെയ്ത് കൊടുക്കണം എന്ന് ചാക്കോച്ചനോട് അമ്മ പറഞ്ഞു.
എന്നാൽ ചാക്കോച്ചന് തിരക്കുകളുണ്ടായിരുന്നു. ശനിയാഴ്ച മാത്രമെ ഒഴിവുള്ളൂവെന്ന് ചാക്കോച്ചൻ അമ്മയെ അറിയിച്ചു. സാരമില്ല എങ്ങനെയെങ്കിലും നീ അത് ചെയ്യണം എന്ന് അമ്മ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു.
എന്നാലും ശനിയാഴ്ച ആയതുകൊണ്ട് അമ്മയ്ക്കൊരു വിഷമം. അവർ ചാക്കോച്ചനോട് പറഞ്ഞു നീ പോകുമ്പോൾ വഴിയിലുള്ള കുരിശടയിൽ മെഴുകുതിരി കത്തിച്ചിട്ട് പോകൂ, അദ്ദേഹം നന്നായി വരട്ടേ. ചക്കോച്ചൻ അപ്രകാരം ചെയ്യുകയും. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയും ചെയ്തു,. എന്നാണ് ഹരി പറയുന്നത്.












Click it and Unblock the Notifications