'പൃഥ്വി എമ്പുരാനിൽ വിളിക്കുമെന്ന് പ്രതീക്ഷിച്ചു, ഒരു പഞ്ചായത്ത് അവാർഡ് പോലും കിട്ടിയിട്ടില്ല'; ബാബു ആന്റണി
മോളിവുഡിലെ ആക്ഷൻ രംഗങ്ങൾക്ക് പുതിയ ചാരുത നൽകിയ താരങ്ങളിൽ ഒരാളായിരുന്നു ബാബു ആന്റണി. തൊണ്ണൂറുകളിൽ പ്രത്യേകമായ രൂപഭാവവുമായി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയ ബാബു ആന്റണിയെ ഓർക്കാൻ ഒട്ടേറെ സിനിമകൾ നമുക്ക് മുന്നിലുണ്ട്. വില്ലനായും നായകനായും ഒട്ടേറെ സിനിമകളിൽ ബാബു ആന്റണി വേഷമിട്ടിരുന്നു. ഭരതൻ ചിത്രങ്ങളിലൂടെ ആയിരുന്നു ബാബു ആന്റണിയെ മലയാളികൾ ആദ്യമായി കണ്ടത്.
പിന്നീടാണ് ആക്ഷൻ സിനിമകളിലേക്ക് അദ്ദേഹം ചുവടുമാറിയത്. നാല് പതിറ്റാണ്ടിനോട് അടുക്കുന്ന തന്റെ അഭിനയജീവിതത്തിൽ ഒട്ടേറെ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. വൈശാലി, ചിലമ്പു, പൂവിന് പുതിയ പൂന്തെന്നൽ, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ചന്ത എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിലാണ് ബാബു ആന്റണി വേഷമിട്ടത്.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ബാബു ആന്റണി. ഇതുവരെയും കാര്യമായ അംഗീകാരങ്ങൾ ഒന്നും തന്നെ തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ബാബു ആന്റണി പറയുന്നത്. എമ്പുരാൻ സിനിമയിലേക്ക് പൃഥ്വിരാജ് വിളിക്കുമെന്നാണ് താൻ പ്രതീക്ഷച്ചതെങ്കിലും അതുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
ബാബു ആന്റണിയുടെ വാക്കുകൾ
നാൽപത് വർഷത്തെ കരിയറിൽ തിരിഞ്ഞു നോക്കുമ്പോൾ ഒരു ചിത്രവും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. ഒരുപക്ഷേ വൈശാലി പോലെയൊരു സിനിമ, പൂവിന് പുതിയ പൂന്തെന്നൽ പോലെയൊരു സിനിമ മാത്രം മതി നമ്മളെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ. അതിന്റെ കൂടെ ഭാഗ്യമായിട്ട് പിന്നാലെ കൊറേ നല്ല സിനിമകൾ വേറെയും കിട്ടി. എനിക്കൊരു പഞ്ചായത്ത് അവാർഡ് പോലും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല.
ഒരാൾ വിളിച്ച് ഒരു മുട്ടായി പോലും ഇതുവരെ തന്നിട്ടില്ല. ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടുമില്ല. അവാർഡ് ആയിരുന്നില്ല നമ്മുടെ ലക്ഷ്യം. ജനങ്ങളെ എങ്ങനെ എന്റർടൈൻ ചെയ്യാം എന്നതായിരുന്നു നമ്മുടെ ലക്ഷ്യം. എന്തൊക്കെ ആയാലും ജനങ്ങളെ രസിപ്പിക്കുക എന്നതല്ലേ നമ്മുടെ തൊഴിൽ. പുരസ്‌കാരങ്ങളും പണവും ഒക്കെ അതിനോട് കൂട്ടിച്ചേർക്കാവുന്ന അംഗീകാരങ്ങൾ മാത്രമാണ്.
എമ്പുരാനിൽ പൃഥ്വി വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത്രയും വലിയൊരു സിനിമ വരുമ്പോൾ പ്രത്യേകിച്ച്, പൃഥ്വിരാജ് ഒക്കെ നമ്മുടെ മടിയിൽ ഇരുന്ന് വളർന്ന ആളാണ്. കാർണിവലിന്റെ സമയത്ത് പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പൃഥ്വിയുടെ ബ്രദർ, ഫഹദ് ഒക്കെ നമ്മുടെ മടിയിലിരുന്ന് വളർന്ന പിള്ളേരാണ്. അതുകൊണ്ട് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
വലിയ ആക്ഷൻ സിനിമ ആണല്ലോ.. ചിലപ്പോൾ നമ്മളൊരു വീട് പണിയുമ്പോൾ നല്ല പൈസ ഉണ്ടെങ്കിൽ മാർക്കറ്റിലെ ഏറ്റവും നല്ല ഉത്പന്നം തന്നെ ഉപയോഗിക്കുമല്ലോ. ആക്ഷൻ നമ്മൾ അത്യാവശ്യം നന്നായിട്ട് തന്നെ ചെയ്യുന്നത് കൊണ്ട് പ്രതീക്ഷിച്ചിരുന്നു. പിന്നെ ഏത് ക്യാരക്‌ടർ വേണം, ഏതൊക്കെ വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. അതൊക്കെയും ഓരോരുത്തരുടെയും താൽപര്യങ്ങൾ അല്ലേ.
പക്ഷേ ജനങ്ങൾ ഒരുപാട് ജനങ്ങളും പ്രതീക്ഷിച്ചിരുന്നു. പിന്നെ ഡ്രാഗൺ ക്യാരക്‌ടറിൽ ഞാൻ ആയിരുന്നുവെങ്കിൽ തിയേറ്റർ കത്തിച്ചേനെ എന്നൊക്കെയുള്ള കമന്റുകൾ ഒക്കെ കണ്ടിരുന്നു. കായംകുളം കൊച്ചുണ്ണിയിലും, ആർഡിഎക്‌സിലും ഒക്കെ കിട്ടിയിരുന്ന കൈയടി അതിന് ഉദാഹരണമായിരുന്നു. ആർഡിഎക്‌സ് ഒക്കെ ഒരു മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, കൊറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ.












Click it and Unblock the Notifications