'ബിഗ് ബോസിനുള്ളില്‍ അതിനും കഴിയുമെന്ന് തെളിയിച്ച വ്യക്തിയാണ് ഞാന്‍': അഭിമാനമുണ്ടെന്ന് ശോഭ വിശ്വനാഥ്
യാതൊരു വിധത്തിലുള്ള സ്ട്രാറ്റജിയുമില്ലാതെയാണ് ബിഗ് ബോസിലേക്ക് പോയതെന്ന് ശോഭ വിശ്വനാഥ്. നൂറ് ദിവസവും ഒർജിനലായി തന്നെ നില്‍ക്കുക എന്നുള്ളതായിരുന്നു എന്റെ തീരുമാനം. മറ്റുള്ളവരൊക്കെ ചിലപ്പോള്‍ സ്ട്രാറ്റജികളുമൊക്കെയായി വന്നിട്ടുണ്ടാവും. അധികം ബിഗ് ബോസ് കാണാത്ത ഒരു വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ ഷോയെക്കുറിച്ച് വലിയ അറിവും ഉണ്ടായിരുന്നില്ലെന്നും ശോഭ വിശ്വനാഥ് പറയുന്നു. ഇന്ത്യഗ്ലിറ്റ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ബിഗ് ബോസ് താരം കൂടിയായ ഫുക്രുവിനോട് സംസാരിക്കുകയായിരുന്നു ശോഭ വിശ്വാനാഥ്.
ടാസ്കുകള്‍ അടിപൊളിയായിട്ട് ചെയ്യുന്നതാണ് ബിഗ് ബോസ് എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അതല്ല ബിഗ് ബോസെന്ന് വൈകിയാണെങ്കിലും മനസ്സിലാക്കി. ഒറ്റക്ക് നിന്ന് കളിക്കണം എന്നുള്ളത് എന്റെ മനസ്സിലുണ്ടായിരുന്നു. ഗ്രൂപ്പിലൊക്കെ ഭാഗമായാല്‍ തന്നെ ആരുമായും ഇമോഷണിലി അറ്റാച്ച് ആവരുതെന്ന് തീരുമാനിച്ചിരുന്നു. ചിലർ ഗ്രൂപ്പുകള്‍ അറിഞ്ഞുകൊണ്ട് ഉണ്ടാക്കുന്നതാണെങ്കില്‍ മറ്റു ചിലർക്ക് ഗ്രൂപ്പുകള്‍ സ്വാഭാവികമായി ഉണ്ടായി പോവുന്നതാണ്. രണ്ടും അവിടെയുണ്ട്.

ബിഗ് ബോസ് എന്ന് പറയുന്നത് ഭയങ്കര അനുഭവമായിരുന്നു. അവിടേക്ക് ആദ്യ ചുവട് എടുത്ത് വെക്കുന്നത് മുതല്‍ തന്നെ ഗെയിം ഒണാണ്. ഒറ്റക്ക് നിന്ന് കളിക്കുന്നത് എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. എങ്കിലും ഒരു ഗ്രൂപ്പിന്റേയും ഭാഗമാവാതെ തനിച്ച് നിന്ന് മത്സരിക്കാന്‍ തീരുമനിച്ചത്. അതുകൊണ്ടാണ് പ്രാങ്കിന്റെ സമയത്ത് എനിക്ക് അങ്ങനെയൊക്കെ പ്രതികരിക്കേണ്ടി വന്നത്. ഒറ്റക്ക് നിന്നാല്‍ ബിഗ് ബോസില്‍ ഒന്നും ആവില്ലെന്ന് അപ്പോള്‍ ഞാന്‍ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്നും ശോഭ പറയുന്നു.
സത്യം പറഞ്ഞാല്‍ ബിഗ് ബോസില്‍ ഒറ്റക്ക് നിന്ന് കളിച്ച് ഫൈനല്‍ വരെ എത്താമെന്ന് ഞാന്‍ തെളിയിച്ചു. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് പറയുന്നത് പോലെയായിരുന്നു ബിഗ് ബോസിലെ ജീവിതം. നല്ല കുറച്ച് പാചകക്കാർ ഉള്ളതിനാല്‍ തട്ടിയും മുട്ടിയും മുന്നോട്ട് പോയി. ഭക്ഷണത്തിന് മാത്രമല്ല, എന്തിന്റേയും മൂല്യം നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ഇനി ബിഗ് ബോസില്‍ അല്ല, ഏത് നരകത്തില്‍ കൊണ്ടിട്ടാലും നമ്മള്‍ ജീവിക്കും.
ഞങ്ങളുടെ സീസണില്‍ സത്യം പറഞ്ഞാല്‍ എല്ലാവരും തമ്മില്‍ നല്ല സ്നേഹമാണ്. എത്ര അടിയുണ്ടാക്കിയാലും അത് ആ ദിവസം കൊണ്ട് തീരും. അടുത്ത ദിവസത്തേക്ക് അത് കൊണ്ടുപോവില്ല. അതുകൊണ്ട് തന്നെ വലിയ സംഭവങ്ങളൊന്നും അവിടെ നടക്കുന്നില്ല. എല്ലാ മത്സരാർത്ഥികളും അങ്ങനെയായിരുന്നു. ഒരു പക്ഷെ ഞാനായിരിക്കും മറ്റൊരാള്‍ പറഞ്ഞ ഒരു വിഷയത്തില്‍ കുറച്ച് അധികം ദിവസം വിഷമിച്ചതെന്നും ശോഭ കൂട്ടിച്ചേർക്കുന്നു.

ബിഗ് ബോസിന് ഉള്ളില്‍ നടന്ന ഏതെങ്കിലും സംഭവത്തെക്കുറിച്ചാണെങ്കില്‍ അയാള്‍ക്ക് അങ്ങനെ പറയാം. എന്നാല്‍ ഇവിടെ ചെയ്തത് പുറത്തുള്ള ഒരു കാര്യത്തെ അകത്തേക്ക് കൊണ്ടു വരികയായിരുന്നു. അതാണ് എനിക്ക് വിഷമമായത്. ബിഗ് ബോസില്‍ ആർക്കും ഫേക്ക് ആയി നില്‍ക്കാന്‍ സാധ്യമല്ല. ഒരു 18 ദിവസമൊക്കെ കഴിഞ്ഞാല്‍ യഥാർത്ഥ സ്വഭാവം പുറത്ത് വരും. അതിനും അപ്പുറം ഫേക്കായി നില്‍ക്കുകയാണെങ്കില്‍ വളരെ ബ്രില്യന്റ് എന്ന് പറയേണ്ടി വരും.
അതേസമയം, ബിഗ് ബോസ് വീടിനുള്ളില്‍ ഇത്രയധികം 'തള്ളിക്കൊണ്ട്' പോയത് അഖില്‍ മാരാർ അല്ലാതെ മറ്റാരുമില്ലെന്നും അഭിമുഖത്തിനിടയിലെ ടാസ്കില്‍ പങ്കെടുത്തുകൊണ്ട് ശോഭ പറയുന്നു. ആ ട്രോഫി വേണമെങ്കില്‍ എന്റെ മോന് കൊടുക്കാം. പക്ഷെ അവനെ അങ്ങനെ വിഷമിപ്പിക്കില്ല. സെറീനയ്ക്കും ഗോപികയ്ക്കും ഭയങ്കര ബുദ്ധിയാണെന്നും ശോഭ വിശ്വനാഥ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications