'നിങ്ങളുടെ ഒരടി കിട്ടിയിരുന്നെങ്കില്‍ ഞാന്‍ നന്നായേനെ എന്നാണ് ഡിവോഴ്‌സിന് ശേഷം ഭാര്യ പറഞ്ഞത്'; ജിന്റോ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിട്ട് രണ്ടാം ദിവസം പിന്നിട്ടിരിക്കുകയാണ്. എല്ലാ ബിഗ് ബോസ് സീസണുകളിലും പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സെഗ്മെന്റാണ് മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ജീവിതകഥ പറയുന്നത്. ഇത്തവണ ഓര്‍മ്മകള്‍ എന്നാണ് ഈ സെഗ്മെന്റിന് നല്‍കിയിരിക്കുന്ന പേര്. ഈ സീസണില്‍ ആദ്യമായി ജീവിതകഥ പറയാന്‍ എത്തിയത് ജിന്റോ ആയിരുന്നു.
മുന്‍ സീസണുകളില്‍ മത്സരാര്‍ത്ഥി വന്ന് തന്നെ കുറിച്ച് പറയുന്നതായിരുന്നു രീതി. എന്നാല്‍ ഈ സീസണില്‍ അഭിമുഖത്തിന്റെ മോഡലിലാണ് മത്സരാര്‍ത്ഥികള്‍ ജീവിതം പറയേണ്ടത്. ഇത് പ്രകാരം ജിന്റോ തന്റെ ജീവിതം പറയുമ്പോള്‍ സിജോ ആയിരുന്നു അവതാരകന്റെ റോളില്‍ എത്തിയിരുന്നത്. കുട്ടിക്കാലത്ത് ഒരുപാട് കഷ്ടപ്പെട്ടായിരുന്നു താന്‍ ജീവിച്ചത് എന്നാണ് ജിന്റോ പറയുന്നത്.

അച്ഛന്റേയും അമ്മയുടേയും മൂന്ന് മക്കളില്‍ മുതിര്‍ന്ന ആളായാണ് ജിന്റോ ജനിക്കുന്നത്. അച്ഛനും അമ്മയും കൂലിപ്പണിക്കാരായിരുന്നു. ആറാം ക്ലാസ് മുതല്‍ താനും പല ജോലികളും ചെയ്യാന്‍ പോകാറുണ്ടായിരുന്നു എന്നാണ് ജിന്റോ പറയുന്നത്. 'ലൂബിക്കയൊക്കെ പറിച്ച് ഉപ്പിലിട്ട് സ്‌കൂളിന്റെ സമീപം കൊണ്ടുപോയി വില്‍ക്കാറുണ്ടായിരുന്നു. പള്ളിപ്പറമ്പില്‍ കപ്പലണ്ടി വിറ്റിട്ടുണ്ട്.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ രണ്ട് മാസത്തെ സ്‌കൂള്‍ വെക്കേഷന് തൃശൂരിലെ ഒരു ബാറില്‍ ജോലിക്ക് നിന്നു. പാത്രം കഴുകാനായിരുന്നു പോയത്. അവിടെ മദ്യപിക്കാന്‍ വരുന്നവര്‍ ഛര്‍ദ്ദിച്ചത് കോരിയാല്‍ പത്ത് രൂപ കിട്ടും. അന്ന് പത്ത് പേര് ഛര്‍ദ്ദിക്കണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. കാരണം എനിക്ക് നൂറ് രൂപ കിട്ടും,' ജിന്റോ പറയുന്നു.
യാതൊരു അറപ്പുമില്ലാതെ ആ ജോലി ചെയ്ത ആളാണ് താന്‍ എന്നും അമ്മയോട് മാത്രമെ ഇതൊക്കെ പറയാറുള്ളൂ എന്നും ജിന്റോ കൂട്ടിച്ചേര്‍ത്തു. ഇത് കേള്‍ക്കുമ്പോള്‍ അമ്മ കരയുമായിരുന്നു എന്നും ജിന്റോ പറയുന്നു. എന്നാല്‍ ജീവിതത്തില്‍ എന്തെങ്കിലും ആകണം എന്ന ചിന്തയുള്ള ആളായിരുന്നു താന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ താന്‍ ഡിവോഴ്‌സിയാണ് എന്നും ജിന്റോ പറയുന്നു.
'പത്ത് വര്‍ഷത്തോളം ഭാര്യയക്കൊപ്പം ജീവിച്ചു. ചേട്ടന്‍ എന്നെ ഒരടി അടിച്ചിരുന്നേല്‍ ഞാന്‍ നേരെ ആവുമെന്നായിരുന്നു എന്നാണ് ഡിവോഴ്‌സ് കഴിഞ്ഞിട്ടും അവള്‍ എന്നോട് പറഞ്ഞ കാര്യം. ഞാന്‍ ഇതുവരെയും സ്ത്രീകളെ കൈനീട്ടി അടിച്ചിട്ടില്ല. എന്റെ അമ്മയാണ് എന്റെ ഏറ്റവും വലിയ ശക്തി,' ജിന്റോ പറഞ്ഞു. നോമിനേഷന്‍ അമ്മ കാണും എന്നതിനാലാണ് താന്‍ പ്രതികരിച്ചത് എന്നും ജിന്റോ പറഞ്ഞു.
ശ്വാസകോശത്തില്‍ പ്രശ്‌നം ഉള്ള അമ്മയെ ചികിത്സിക്കേണ്ട ടാബ്ലെറ്റ് കൊടുത്താല്‍ മതി പെട്ടെന്ന് മരിക്കും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ തനിക്കത് പറ്റില്ല എന്നും ജിന്റോ പറയുന്നു. സെലിബ്രിറ്റി പേഴ്‌സണല്‍ ട്രെയിനറും ഇന്റര്‍നാഷണല്‍ ബോഡി ബില്‍ഡറുമാണ് ഇന്ന് ജിന്റോ. ഡിജിപി അടക്കമുള്ളവരെ ട്രെയിന്‍ ചെയ്യാറുണ്ട്.












Click it and Unblock the Notifications