ബിഗ് ബോസ് പോലുള്ള പരിപാടികളെ പോറ്റി വളർത്തുന്നതിനാണോ അവാർഡ്? തിലകനെ മൂലയ്ക്കിരുത്തിയപ്പോൾ ഒരു വാക്ക് മിണ്ടിയോ?
സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് രാജ്യം ദാദ സാഹബ് ഫാൽക്കെ പുരസ്ക്കാരം നൽകി ആദരിച്ചിരിക്കുകയാണ് നടൻ മോഹൻലാലിനെ. മോഹൻലാലിന്റെ പുരസ്ക്കാര നേട്ടം സിനിമയ്ക്ക് അകത്തും പുറത്തും ഉളളവർ ആഘോഷമാക്കുന്നു. അതിനിടെ മോഹൻലാലിനെ പേരെടുത്ത് പറയാതെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ..
അതുല്യ നടൻ തിലകന്റെ 13ാം ചരമവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. തിലകനെ അമ്മ സംഘടന ഒതുക്കിയപ്പോൾ പ്രതികരിക്കാതിരുന്നവരാണ് സമഗ്രസംഭാവനയ്ക്കുളള പുരസ്ക്കാരം വാങ്ങുന്നതെന്ന് സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
സനൽകുമാർ ശശിധരൻ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' തിലകനില്ലാത്ത മലയാള സിനിമ 13 വർഷങ്ങൾ താണ്ടി. മലയാളം കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാളായ തിലകനെ അമ്മ എന്ന മാഫിയാ സംഘടന വിലക്കുകയും ഒതുക്കുകയും മൂലക്കിരുത്തുകയും ചെയ്തപ്പോൾ അതിനെതിരെ ഒരു വാക്കുപോലും മിണ്ടാത്ത മാഹാരഥന്മാർ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡുകൾ വാങ്ങുന്നു.

തിലകനെപ്പോലെ ഒരു നടനെ അയാളുടെ കലാവിഷ്കാരസാധ്യതകൾ അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ കൂട്ടം ചേർന്ന് വെട്ടിയൊതുക്കിയ പ്രക്രിയ എന്തുതരം സമഗ്രസംഭാവനയാണെന്ന് വാഴ്ത്തുപാട്ടുകാർ പറയണം. എഴുത്തുകാർ എഴുതി സംവിധായകർ ഒരുക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾ ഏതെങ്കിലും രീതിയിൽ സമഗ്രസംഭാവനകൾക്ക് അർഹരാവുന്നത് അവർ തങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ തങ്ങളുടെ ശക്തിയും പ്രസക്തിയും ഉപയോഗിച്ച് ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോഴാണ്. അതല്ലാതെ താരതമ്യമില്ലാത്ത അഭിനയമികവ് പ്രകടിപ്പിക്കുമ്പോഴല്ല. അതിനവർക്ക് അഭിനേതാക്കൾക്കുള്ള അവാർഡുണ്ട്.
ഒരു താരം തന്റെ താരസാധ്യതകൾ ഉപയോഗിച്ച് ആണധികാരപ്രക്ഷാളനങ്ങളിൽ മതിമറക്കുന്ന പോത്തിൻകൂട്ടങ്ങളെപ്പോലെയുള്ള പ്രേക്ഷകരെ തിയേറ്ററിലെത്തിച്ച് മുതലാളികളെ കൂടുതൽ മുതലാളിമാരാക്കുകയും കോടികളുടെ സമ്പത്ത് വാരിക്കൂട്ടുകയും ചെയ്യുന്നത് ഗുണകരമായ മാറ്റമാണോ? ശരാശരിയിലും താഴെയായ മലയാളി പ്രേക്ഷകരുടെ ഒളിഞ്ഞുനോട്ട മനോഭാവത്തിന് വളമിടുന്ന ബിഗ് ബോസ് പോലുള്ള പരിപാടികളെ പോറ്റി വളർത്തുന്നതാണോ സംഭാവന?
സ്ത്രീവിരുദ്ധവും അരാഷ്ട്രീയവുമായ ഒരു ജനക്കൂട്ടത്തെ വളർത്തിയെടുക്കുന്നതിന് തന്റെ താരസാധ്യതയെ വിട്ടുകൊടുത്തു എന്നതല്ലാതെ എന്തുതരം സമഗ്രസംഭാവനയാണയാൾ മലയാളത്തിനോ മലയാള സിനിമയ്ക്കോ ചെയ്തിട്ടുള്ളത്? ഇത് പറഞ്ഞാൽ താരാരാധകവൃന്തം കൂട്ടത്തോടെ വരും അസൂയയാണെന്നും ഭ്രാന്താണെന്നും പറയും.
ഈ ഫാൻസ് ക്ലബുകൾക്ക് പണവും പിന്തുണയും നൽകുന്നതും സമഗ്രസംഭാവനയുടെ ഭാഗമാണെന്ന് വാഴ്ത്തുപാട്ടുകാർ കണ്ണടച്ച്, തലകുലുക്കി ആസ്വദിക്കുകയും ചെയ്യും. മലയാളിക്ക് അവാർഡ് കിട്ടിയാൽ അതിന്റെ അന്തസാരം നോക്കാതെ കയ്യടിച്ചോണം, ഇല്ലെങ്കിൽ അസൂയയുടെ പെട്ടിയിലടച്ച് കുഴിച്ചിടും എന്ന ഭീഷണിയിൽ, ചിന്തിക്കുന്ന തലച്ചോറുകൾ പെട്ടുപോകരുതെന്ന് മാത്രമേ പറയാനുള്ളു'.












Click it and Unblock the Notifications