'ദിലീപിനെതിരെ ഒന്നും അതിൽ ഇല്ല, എന്നിട്ടും ചേട്ടൻ പറയുന്നു അത് കൊടുക്കരുതെന്ന്,വിചിത്രം';ഭാഗ്യലക്ഷ്മി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു.നടിയുടെ ഉപഹർജിയിലായിരുന്നു കോടതി ഉത്തരവ്. എന്നാൽ മൊഴിപ്പകർപ്പ് കൈമാറരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ്. അതിജീവിതയുടെ ഹർജി തീരുമാനമെടുത്ത് തീർപ്പാക്കിയ ശേഷം വീണ്ടുമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ഹർജി.
അതേസമയം ദിലീപിന്റെ നീക്കത്തെ ചോദ്യം ചെയ്യുകയാണ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. താൻ നിരപരാധിയെങ്കിൽ എന്തിനാണ് അതിജീവിതയ്ക്ക് മൊഴിപ്പകർപ്പ് നൽകരുതെന്ന് ദിലീപ് ആവശ്യപ്പെടുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു.

'നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവാണ് അവൾ ക്രൂരമായ ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ്. കോടതിയിൽ ഇരിക്കുന്ന ഈ മെമ്മറി കാർഡ് ആരൊക്കെയോ കണ്ടിരിക്കുന്നു എന്നാണ് അതിജീവിതയുടെ സംശയം.അത് ശരിയാണെന്നു തന്നെയാണ് വന്നിരിക്കുന്ന റിപ്പോർ്ട്.
വിചാരണ കോടതിയുടെ അന്വേഷണ റിപ്പോർട്ടിനെതിരെയാണ് അതിജീവിത പരാതി കൊടുത്തത്. ഈ ചേട്ടനെതിരെ ഒരു വാക്ക് പോലും അതിജീവിത അതിൽ പറഞ്ഞിട്ടില്ല. വന്നിരിക്കുന്ന റിപ്പോർട്ടിലും ഇദ്ദേഹത്തെ പറ്റി യാതൊന്നുമില്ല. എന്നിട്ടും ചേട്ടൻ പറയുന്നു മൊഴിപ്പകർപ്പ് അവൾക്ക് നല്കരുതെന്ന്.ഇതെന്ത് വിചിത്രം.
എന്റച്ഛൻ പത്തായത്തിനകത്തില്ല എന്നപോലെ.എന്തോ ഒരു പൊരുത്തക്കേട്', ഭാഗ്യലക്ഷ്മി റഞ്ഞു.
തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മൊഴിപ്പകർപ്പ് കൊടുക്കാൻ പറയണം അതല്ലേ വേണ്ടതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.'കൊടുക്കരുതെന്ന് പറയാൻ താങ്കൾക്ക് എന്താണ് അധികാരം?. അത് കോടതി പറയട്ടെ. മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോടതിയിൽ പരാതി നൽകിയത് അവളാണ്. അപ്പോൾ അതിന്റെ റിപ്പോർട്ട് ന്റെ അവകാശം അവൾക്കല്ലേ. മൊഴിപ്പകർപ്പ് ആവശ്യപ്പെടുന്നത് അവരുടെ അവകാശമാണ്. താങ്കളുടെ ഔദാര്യമല്ല.
കൊടുക്കരുതെന്ന് പറയാൻ ഇത് താങ്കൾ നിർമിക്കുന്ന സിനിമയുടെ സ്ക്രിപ്റ്റ് അല്ല. അവളുടെ ജീവിതമാണ്. മൊബൈൽ പരിശോധന വേണ്ട, കേസ് പുനരന്വേഷണം വേണ്ട, മെമ്മറി കാർഡ് പരിശോധിക്കണ്ട, അതിജീവിതയുടെ പരാതി, എടുക്കണ്ട, ഇതെന്താണ്? താങ്കൾ ആരാണെന്നാണ് കരുതുന്നത്? കയ്യിൽ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ? പറയാമെന്നാണോ? താങ്കൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ കേസ് ഏതറ്റം വരെയും പോകട്ടെ എന്നല്ലേ പറയേണ്ടത്. അങ്ങനെ താങ്കളുടെ നിരപരാധിത്വം തെളിയിക്കുകയല്ലേ വേണ്ടത്', ഭാഗ്യലക്ഷ്മി ചോദിച്ചു.












Click it and Unblock the Notifications