'ദിലീപ് ആ സിനിമ ചെയ്‌തത് സുഹൃത്തുക്കൾക്ക് വേണ്ടി, അതൊരു ത്യാഗമായിരുന്നു, പുള്ളിയുടെ സ്ഥിരം ശൈലിയല്ല'; വ്യാസൻ
മലയാളത്തെ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്ക് ശേഷം മികച്ച രീതിയിൽ ജനപിന്തുണ നേടിയ താരമാണ് ദിലീപ്. കരിയറിൽ വ്യത്യസ്‌ത വേഷങ്ങൾ ചെയ്‌ത ദിലീപിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു വ്യാസൻ കെപി ഒരുക്കിയ ശുഭരാത്രി. സിദ്ദിഖും മുഖ്യ വേഷത്തിൽ എത്തിയ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വ്യാസൻ കെപി ഇപ്പോൾ. ദിലീപ് സുഹൃത്തുകൾക്ക് വേണ്ടി ചെയ്‌ത സിനിമയാണ് ശുഭരാത്രി എന്നാണ് വ്യാസൻ പറയുന്നത്.
വ്യാസൻ കെപിയുടെ വാക്കുകൾ
ശുഭരാത്രി എന്ന സിനിമയിൽ വൈപ്പിൻകാരെ കുറിച്ച് പറഞ്ഞത് ഞാൻ അവിടെ ജനിച്ചുവളർന്ന ആളായത് കൊണ്ടാണ്. അവിടുത്തുകാർക്ക് ഒരു സ്വഭാവമുണ്ട്, എറണാകുളവുമായി തൊട്ടടുത്തുള്ള സ്ഥലമാണ്, പക്ഷേ അവിടെ പാലമുണ്ടായിരുന്നില്ല. അന്നൊക്കെ ബോട്ടുകളിൽ ആയിരുന്നു യാത്ര മുഴുവൻ. ഫേസ്‌ബുക്കും വാട്‌സ്ആപ്പും ഒന്നും ഉണ്ടായിരുന്നില്ല. പരസ്‌പരം വളരെ അധികം ഐക്യം ഉണ്ടായിരുന്ന ആളുകളായിരുന്നു വൈപ്പിൻകരക്കാർ.

അത്രയധികം സമരങ്ങൾ നടന്നൊരു സ്ഥലമായിരുന്നു അത്. ലോകത്തിന് മുന്നിൽ പല സമരങ്ങളും കാണിച്ചുകൊടുത്ത ഇടം. അന്ന് പാലത്തിന് വേണ്ടി ഒരുപാട് സമരം ചെയ്‌തിരുന്നു. പക്ഷേ, ആ സമരം കഴിഞ്ഞ് പാലം വന്നതോടെ എല്ലാവരുടെയും ബന്ധം മുറിഞ്ഞു. ശുഭരാത്രി എന്ന ഒരു പ്രോജക്റ്റ് ഉണ്ടാവുന്നത് ഒരു എന്റെ സുഹൃത്ത് കൊണ്ട് വന്ന മാധ്യമം പത്രത്തിലെ സൺഡേ സപ്ലിമെന്റിലെ ഒരു ലേഖനത്തിൽ നിന്നാണ്.
എന്നാൽ എനിക്ക് അങ്ങനെ ആദ്യം ഒന്നും തോന്നിയിരുന്നില്ല, സിനിമയാക്കാൻ ഉള്ള എന്തെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നില്ല. അതിനിടയിൽ ഞാൻ അയാൾ ജീവിച്ചിരിപ്പുണ്ട് തിരക്കഥ എഴുതി സംവിധാനം ചെയ്‌തിരുന്നു. ഇനിയെന്ത് എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് നേരത്തെയുള്ള ആ വാർത്തയും അതിലെ ഒരു എലമെന്റും എടുക്കുന്നത്. ഒരാളുടെ വീട്ടിൽ കള്ളൻ കയറി, അയാൾക്ക് അപകടം പറ്റി ആ വീട്ടുകാർക്ക് ബാധ്യത ആയി എന്നുള്ള രീതിയിൽ ആയിരുന്നു അത്.
അതിനകത്ത് ഉള്ള ത്രെഡ് ഉണ്ടാക്കി എടുത്തതാണ്. ആർട്ടിക്കിളിൽ നിന്ന് ആദ്യമായി നമ്മളൊരു റൈറ്റ്സ് എഴുതി വാങ്ങി. പിന്നെ ഞങ്ങളുടെ നാട്ടിലേക്ക് അത് പറിച്ചു നടുകയായിരുന്നു. ആ കഥയുടെ മെയിൻ ക്യാരക്റ്ററിന് കറക്റ്റ് ആയിട്ടുള്ള ആൾ സിദ്ദിഖ് ആണെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു. പക്ഷേ സിദ്ദിഖിനോട് നേരിട്ട് പറയാനോ പ്രോജക്റ്റ് ആക്കാനോ ഒന്നും നിന്നിരുന്നില്ല.
ബി ഉണ്ണികൃഷ്‌ണനോട് ഞാൻ അങ്ങനെ കഥ പറഞ്ഞു. ഉണ്ണിയാണ് സിദ്ദിഖിനോട് ഇക്കാര്യം പറയുന്നത്. അങ്ങനെ ഞാൻ പുള്ളിയോട് ഒരു ദിവസം കഥ പറഞ്ഞു. കേട്ടപ്പോൾ തന്നെ സിദ്ദിഖ് ഭയങ്കര ഇമോഷണലായി കരയുക ഒക്കെ ചെയ്‌തു. പിന്നെ ദിലീപ് ഇതിലേക്ക് വരുന്നത് വേറെ രീതിയിലാണ്. ഡെന്നിസ് ജോസഫ് ചേട്ടനാണ് ദിലീപിലേക്ക് എത്തിച്ചത്. നിന്റെ ഫ്രണ്ട് അല്ലേ ദിലീപ് അവനോട് ചോദിക്കരുതോ എന്ന് എന്നോട് പറഞ്ഞു.
ഇന്ദ്രൻസ്, സിദ്ദിഖ് എന്നിവരായിരുന്നു ആദ്യം മനസ്സിൽ കണ്ടത്. ഡെന്നിസ് ചേട്ടൻ പറഞ്ഞത് കൊണ്ട് ദിലീപിനോട് ചോദിച്ചു. സുഹൃത്തുകൾക്ക് വേണ്ടിയാണ് ദിലീപ് ആ സിനിമ കമ്മിറ്റ് ചെയ്‌തത്. എനിക്കും സിദ്ദിഖിനും ഒക്കെ വേണ്ടി. ദിലീപിന്റെ അമ്മ വീട് എന്റെ ഗ്രാമത്തിൽ ആയിരുന്നു. ഞങ്ങളൊക്കെ ചെറുപ്പം മുതൽക്കേ കാണുന്ന ആളുകൾ ആയിരുന്നു.
പത്ത് ദിവസം ഡേറ്റ് ദിലീപ് തന്നിരുന്നു. എനിക്ക് ശരിക്കും ഏഴ് ദിവസം മതിയായിരുന്നു.ബാലൻ വക്കീൽ സിനിമയുടെ ഷൂട്ടിന് ഇടയിലാണ് ദിലീപ് ഇതിൽ അഭിനയിച്ചത്. ശരിക്കും പറഞ്ഞാൽ ശുഭരാത്രി എന്ന സിനിമ ദിലീപ് ഞങ്ങൾക്ക് വേണ്ടി ചെയ്‌ത ത്യാഗമായിരുന്നു. ദിലീപിന് ഇതിൽ നഷ്‍ടം മാത്രമേ ഉണ്ടായിരുന്നുള്ളു. ദിലീപിന്റെ പതിവ്ശൈലിയിൽ ഉള്ളൊരു സിനിമയോ കഥാപാത്രമോ ഒന്നും ആയിരുന്നില്ല അത്.












Click it and Unblock the Notifications