ദിലീപ് 25 ലക്ഷം രൂപ അധികം കൊടുത്തു: എന്നിട്ടും അദ്ദേഹത്തോട് വലിയ ദ്രോഹം ചെയ്തു: ദേവന്‍ പറയുന്നു
പുറത്താക്കപ്പെട്ടെങ്കിലും താരസംഘടനയായ അമ്മയുമായി വൈകാരികമായ ബന്ധമുള്ള വ്യക്തിയാണ് ദിലീപ് എന്ന് ദേവന്‍. സംഘടനയ്ക്ക് ഫണ്ട് ഉണ്ടാക്കുന്ന കാര്യത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവർക്കൊപ്പം തന്നെ നിന്ന് പ്രവർത്തിച്ച താരമാണ് ദിലീപ്. ട്വന്റി-ട്വന്റി എന്ന സിനിമ വലിയ വിജയം ആയപ്പോള്‍ കരാറിനും പുറത്ത് 25 ലക്ഷം കൂടെ സംഘടനയ്ക്കായി അദ്ദേഹം നല്‍കി. അങ്ങനെ മറ്റാരെങ്കിലും ചെയ്യുമോയെന്നും ദേവന്‍ ചോദിക്കുന്നു.
ദിലീപിനെ അത്ര നിസാരനായിട്ടൊന്നും കാണരുത്. അദ്ദേഹത്തിന്റെ നന്മകള്‍ കാണാതിരിക്കുകയും ചെയ്യരുത്. പലതും അന്തർനാടകങ്ങളാണ്. ഇത്തരം കാര്യങ്ങളൊക്കെ ജനങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫില്‍മി ബീറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരണം എന്നാണ് മാഹഭൂരിപക്ഷം അംഗങ്ങളുടേയും താല്‍പര്യം. അതിന്റെ പ്രധാന കാരണം അദ്ദേഹം ഒരു നല്ല മനുഷ്യന്‍ ആണെന്നുള്ളതാണ്. നിരവധി ആളുകളെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. കേസില്‍ അകപ്പെട്ട് ജയിലില്‍ പോയ സമയത്ത് പോലും അദ്ദേഹം ചെയ്യുന്ന സഹായം അതുപോലെ തുടർന്നിരുന്നു. എല്ലാ മാസവും ഓരോ വീടുകളിലേക്ക് അദ്ദേഹത്തിന്റെ പണം എത്തും.
കുറ്റം ആരോപിക്കപ്പെട്ട ഒരു വ്യക്തിയാണ് ദിലീപ്. അദ്ദേഹം കുറ്റം ചെയ്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇത്തരം നന്മയുള്ള ഒരാളെ നമ്മള്‍ ഒരുപാട് വേദനിപ്പിച്ചു. ഞാനും കൂടെ അടങ്ങിയ ഒരു സമൂഹമാണ് ദിലീപിനെ വേദനിപ്പിച്ചതും വിഷമിപ്പിച്ചതും കുറ്റവാളിയാക്കിയത്. ഇത്തരം ഒരു സാഹചര്യത്തില്‍ ദിലീപ് എങ്ങനെയാണ് സംഘടനയിലേക്ക് തിരിച്ച് വരിക. അയാള്‍ വരുമെന്ന് തോന്നുന്നില്ല. ആ വിഷയത്തില്‍ അടക്കം ദിലീപിനോടൊപ്പമാണ്. ഇനി പോയി വിളിച്ചാലും വരില്ല. അത്രയധികം ദ്രോഹം ദിലീപ് എന്ന മനുഷ്യനോട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ബാബു രാജിന്റെ പേരില്‍ ചില കേസുകളുണ്ട്. അത് ഇപ്പോള്‍ കോടതിയിലാണ്. ആരോപണ വിധേയരായ ആളുകള്‍ സ്വമേധയാ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതായത് അവർ മാറി നില്‍ക്കണം. അന്വേഷണം പൂർത്തിയായി ക്ലീന്‍ ചിറ്റ് കിട്ടിയതിന് ശേഷം അവർക്ക് വീണ്ടും മത്സരത്തിലേക്കും മറ്റും കടന്ന് വരാം. സിദ്ധീഖിന്റെ കാര്യം എടുത്ത് നോക്കൂ. ആരോപണം ഉയർന്ന സമയത്ത് തന്നെ അദ്ദേഹം രാജിവെച്ചു. രാജിവെക്കണമെന്ന് സിദ്ധീഖിനോട് ആരും ആവശ്യപ്പെട്ടിരുന്നില്ല.
ഇടവേള ബാബു, വിജയ് ബാബു തുടങ്ങിയവരൊക്കെ അങ്ങനെയായിരുന്നു. പക്ഷെ ബാബു രാജ് അത് ചെയ്തില്ല. അതുകൊണ്ടാണ് ചില സമ്മർദ്ദങ്ങളും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളും വന്നത്. ബാബു രാജ് കുറ്റക്കാരനാണെന്ന് നമുക്ക് ഇപ്പോള്‍ പറയാനാകില്ല. അദ്ദേഹത്തിനെതിരായ കേസ് കോടതിയില്‍ നില്‍ക്കുകയാണ്. പക്ഷെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ നിന്നും സ്വമേധയാ മാറി നില്‍ക്കാമായിരുന്നു.
ചിലരൊക്കെ സാമ്പത്തിക ആരോപണങ്ങളൊക്കെ ഉന്നയികുന്നുണ്ട്. എന്നാല്‍ അതൊന്നും നമുക്ക് അറിയില്ല. അടുത്ത കമ്മിറ്റി നടത്തുന്ന അന്വേഷണത്തിലൂടെ മാത്രമേ അതൊക്കെ അറിയാന്‍ സാധിക്കുകയുള്ളു. അതിന് ശേഷം മാത്രമേ ബാബു രാജിനെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കുകയുള്ളു. തെളിവ് ഇല്ലാതെ ബാബു രാജിനെ അല്ല. ആരേയും കുറ്റക്കാരനാക്കാന്‍ സാധിക്കാറില്ല.
ആരോപണം ഉള്ള ആളാണോ എന്നൊന്നും ഞാന്‍ നോക്കാറില്ല. പലരുമായും എനിക്ക് നല്ല വ്യക്തി ബന്ധമാണ്. കോടതി കുറ്റക്കാരനാണെന്ന് പറയുന്നത് വരെ ആരോപണവിധേയർ കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്ക് സുഹൃദ് ബന്ധമാണ് വലുത്.
സിദ്ധീഖ്, ദിലീപ്, ബാബു രാജ് തുടങ്ങിയവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. എന്നുവെച്ച് ആരോപണ വിധേയരായതിന് ശേഷം അവരെ കണ്ടാല്‍ മുഖം തിരിച്ച് പോകുന്ന പരിപാടി എനിക്കില്ല. അവരുമായിട്ട് എന്നും എനിക്ക് നല്ല ബന്ധമുണ്ടാകും. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെടുന്നത് സിദ്ധീഖ് ആണ്. അത് സുഹൃദ്ബന്ധത്തിന്റെ പേരിലാണ്. സിദ്ധീഖിന് എന്നിലുള്ള വിശ്വാസം കൂടിയാണ് അതെന്നും ദേവന്‍ പറയുന്നു.












Click it and Unblock the Notifications