'ദിലീപ് വേട്ടയാടപെടുകയാണ്, നേരിട്ടത് വലിയ നെഗറ്റീവ്, പേര് പറഞ്ഞപ്പോൾ തന്നെ ഹേറ്റ്'; വെളിപ്പെടുത്തി സംവിധായകൻ
കൊച്ചി: പ്രിൻസ് ആന്റ് ദി ഫാമിലി എന്ന സിനിമയിൽ ദിലീപിനെ അഭിനയിപ്പിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ വലിയ നെഗറ്റീവുകളാണ് നേരിട്ടതെന്ന് സിനിമയുടെ സംവിധായകൻ കൂടിയായ ബിന്റോ സ്റ്റീഫൻ. പാട്ട് ഇറക്കിയപ്പോഴും പ്രമോഷൻ സമയത്തുമെല്ലാം ഹേറ്റ് പ്രകടമായിരുന്നുവെന്നും ബിന്റോ സ്റ്റീഫൻ പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
സംവിധായകന്റെ വാക്കുകളിലേക്ക് 'സിനിമയുടെ ആദ്യ സ്ക്രിപ്റ്റ് സെറ്റായപ്പോൾ തന്നെ ദിലീപ് ആയിരുന്നു മനസിൽ. ദിലീപ് ചിത്രം എന്ന് പോസ്റ്റിട്ടപ്പോൾ തന്നെ നെഗറ്റീവ് വന്നിരുന്നു. സിനിമ ഒരു പ്രൊജക്ട് ആവുന്നത് വരെയായിരിക്കും കഷ്ടപ്പാട് എന്നായിരിക്കും ആളുകൾ കരുതുന്നത്. എന്നാൽ ഈ സിനിമ പ്രമോഷന്റെ സമയത്തായപ്പോഴാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത്. ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്. ഒരു ഘട്ടത്തുിലും സിനിമ ഉപേക്ഷിക്കണമെന്ന് കരുതിയില്ല. 12 വർഷമായി ഞാൻ സിനിമയിൽ അസിസ്റ്റന്റ് ആയിരുന്നു. എനിക്ക് സിനിമ മാത്രമേ അറിയൂ.

ദിലീപേട്ടനെ പോലൊരാൾ അല്ലായെങ്കിൽ ഇതൊന്നും അഭിമുഖീകരിക്കാൻ അവർക്ക് സാധിക്കില്ലായിരുന്നു. അവർ എപ്പോഴും കരിയറിൽ നല്ല സിനിമകൾ ചെയ്യാൻ കഷ്ടപ്പെടുന്നവരാണ്. അതിനിടയിലാണ് ഇത്തരം സംഭവങ്ങൾ വരുന്നത്. അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അദ്ദേഹം കലയെ ഒരുപാട് സ്നേഹിക്കുന്ന ആളായത് കൊണ്ട് ഈ കഷ്ടപ്പാടുകളെല്ലാം സഹിച്ച് പിടിച്ച് നിൽക്കുന്നു.
സിനിമ ആദ്യം പറയാൻ പോയപ്പോൾ തന്നെ അദ്ദേഹത്തിന് സിനിമ ഇഷ്ടമായി. ബാക്കി വരുന്നിടത്ത് കാണാം എന്ന മനസിലാണ് പോയത്. നല്ല സിനിമയായിട്ടും ഹേറ്റേഴ്സ് ഉള്ളത് കൊണ്ട് സിനിമയെ ബാധിക്കുമെന്നൊരു ചിന്തയില്ല. സിനിമ ആണല്ലോ സംസാരിക്കുന്നത്, നല്ല സിനിമ ആണെങ്കിൽ ആളുകൾ കാണും. രാമലീല ഇറങ്ങിയപ്പോൾ ഹിറ്റായത് അത് നല്ല സിനിമ ആയത് കൊണ്ടാണ്. ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. തുടരും എന്ന സിനിമ കാണുന്നില്ലേ, വലിയ പ്രമോഷനൊന്നും നടത്തിയില്ല, പക്ഷെ സിനിമ നല്ലതായിരുന്നു ആളുകൾക്ക് ഇഷ്ടപ്പെട്ടു അവർ കണ്ടു. അതുകൊണ്ട് സിനിമ പറയട്ടെ.
മൈ ബോസ് പോലെയോ ടു കൺട്രീസ് പോലെയോ ഒരു വലിയ കോമഡി ചിത്രമല്ല പ്രിൻസ് ആന്റ് ദി ഫാമിലി. സിനിമയിൽ ദിലീപേട്ടന്റെ കോമഡി അവതരിപ്പിക്കുക എന്നല്ല ആലോചിച്ചത്. പ്രിൻസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിക്കുന്ന മലയാള സിനിമയിലെ ഏറ്റവും നല്ല നടൻമാരിൽ ഒരാളായ ദിലീപേട്ടനെ സിനിമയിൽ പ്ലേസ് ചെയ്തു. ഒരിക്കലും ഒരു കോമഡി പ്രോമിസ് ചെയ്യുന്ന ചിത്രമല്ല , കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ള ചിത്രമാണ്. അമിത പ്രതീക്ഷ വേണ്ടതില്ല, സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോൾ തന്നെ ആളുകൾക്ക് സിനിമയെ മനസിലാകും. ഒരു ഇടത്തരം ക്രിസ്ത്യൻ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമയിൽ പറയുന്നത്. ആദ്യ സിനിമയിൽ സൂപ്പർ സ്റ്റാർ തന്നെ വേണമെന്നൊന്നും ചിന്തിച്ചിട്ടില്ല, സിനിമയ്ക്ക് ആരാണോ യോജിച്ചത് അയാളെ തിരഞ്ഞെടുത്തു. സിദ്ധിഖ് അടക്കമുള്ള താരങ്ങൾ സിനിമയിൽ എത്തിയത് യാദൃശ്ചികമായാണ്. ബിന്ദു ചേച്ചിക്ക് ചേരുന്ന കഥാപാത്രം ആയതുകൊണ്ടാണ് ദിലീപേട്ടന്റെ അമ്മ റോളിലേക്ക് അവരെ തിരഞ്ഞെടുത്തത്. എന്റെ ജീവിതം പുറത്ത് നിന്ന് കാണുമ്പോൾ കോമഡി തോന്നുമെന്ന് ദിലീപേട്ടന്റെ കഥാപാത്രം പറയുന്നത് സിനിമയുമായി ബന്ധപ്പെടുത്തി തന്നെയാണ്. അല്ലാതെ മറ്റൊന്നും ആലോചിച്ചിട്ടില്ല.
ദിലീപേട്ടൻ വേട്ടയാടപ്പെടുകയാണെന്നെന്ന് അദ്ദേഹത്തിന്റെ കൂടെ ഇത്രയും ദിവസമുള്ള യാത്രയിലൂടെ മനസിലായിട്ടുണ്ട്. ദിലീപേട്ടൻ നല്ല സിനിമ ചെയ്യുമ്പോൾ ആളുകൾ സ്വീകരിക്കുമെന്ന് തന്നെയാണ് മനസിലാക്കുന്നത്', ബിന്റോ സ്റ്റീഫൻ പറഞ്ഞു.












Click it and Unblock the Notifications