ദിലീപ് ചിത്രം തങ്കമണി കോടതി കയറി: രഹസ്യവാദം, റിലീസ് മാറ്റിവെക്കേണ്ടി വരുമോ? പരാതി ഇങ്ങനെ
ദിലീപിന്റെ പുതിയ ചിത്രമായ തങ്കമണി നാളെ തിയേറ്ററുകളില്‍ എത്താന്‍ പോകുകയാണ്. ഉടൽ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തങ്കമണി. 38 വർഷങ്ങള്‍ക്ക് മുമ്പ് ഇടുക്കിയിലെ തങ്കമണിയില്‍ നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിനായി ആരാധകരും വലിയ കാത്തിരിപ്പിലാണ്.
ചിത്രത്തിന്റെ റിലീസിങ്ങിനായുള്ള എല്ലാ വിധതയ്യാറെടുപ്പുകളും നടന്നുകൊണ്ടിരിക്കെയാണ് ചില നിയമനടപടികളും ഇതിനിടയില്‍ കടന്നുവരുന്നത്. ചിത്രത്തിന്റെ റിലീസ് വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടുക്കി സ്വദേശിയായ ഒരു വ്യക്തി കോടതിയുടെ സമീപിക്കുകയായിരുന്നു. ഹർജിയില്‍ ഹൈക്കോടതി ഇന്നലെ രഹസ്യവാദം കേള്‍ക്കുകയും ചെയ്തു.

സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകിയ സാഹചര്യത്തിൽ തുറന്ന കോടതിയിൽ വാദം കേൾക്കുന്നത് സിനിമയുടെ സ്രഷ്ടാക്കളുടെ താത്‌പര്യങ്ങൾക്ക് എതിരാകും എന്ന് കേന്ദ്രസർക്കാർ അഭിഷാകന്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതേ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടച്ചിട്ട മുറിയിൽ വാദം കേട്ടത്. കേന്ദ്ര സർക്കാറിന് വേണ്ടി സുവിൻ ആർ മേനോൻ ഹാജരായി.
സെൻസർ ബോർഡിന്റെ മിനിറ്റ്സ് ഹാജരാക്കാൻ നിർദേശിച്ച കോടതി ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സിനിമയുടെ കഥ എന്താണെന്നു വിശദീകരിക്കേണ്ടി വരും എന്ന സാഹചര്യമുണ്ടായിരുന്നു. ഇതോടെയാണ് രഹസ്യവാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
സിനിമയെ ചോദ്യം ചെയ്തുകൊണ്ട് ഇടുക്കി സ്വദേശി നല്‍കിയ ഹർഡി നേരത്തെ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. യഥാർത്ഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങള്‍ ദിലീപ് ചിത്രത്തിലുണ്ടായിരുന്നുവെന്നാണ് ആ ഹർജിയില്‍ ചൂണ്ടിക്കാട്ടിയത്. പരാതിക്കിടയാക്കിയ വിഷയങ്ങൾ സ്ക്രീനിങ്ങിൽ പരിശോധിക്കുമെന്ന് സെൻസർ ബോർഡ് കോടതിയിൽ നൽകിയ ഉറപ്പിനെ തുടർന്നായിരുന്നു ഹർജി തീർപ്പാക്കിയത്.
എന്നാല്‍ കോടതിയുടെ ഒത്തുതീർപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കാതെ സെൻസർ ബോർഡ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്നാണ് സിനിമയുടെ റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹർജി ഫയൽ ചെയ്യുന്നത്. ഇതിലായിരുന്നു കഴിഞ്ഞ ദിവസം കോടതി രഹസ്യവാദം കേട്ടത്.
സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർമീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് തങ്കമണി നിർമ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ്, അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു.
ഇടുക്കി ജില്ലയിലെ തങ്കമണിയെന്ന മലയോര ഗ്രാമത്തിൽ ബസ് സര്‍വീസിനെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയ അക്രമങ്ങളിലേക്കും പൊലീസ് നടപടിയിലേക്കും വഴിവെച്ചത്. 1986 ഒക്ടോബർ 21നാണ് കേരളത്തെ നടുക്കിയ സംഭവമുണ്ടാകുന്നത്. വെടിവയ്‌പ്പിൽ കോഴിമല അവറാച്ചൻ എന്നയാൾ തൽക്ഷണം മരണമടഞ്ഞു. ഉടുമ്പയ്‌ക്കൽ മാത്യു എന്നയാൾക്ക് ഇരു കാലുകളും നഷ്ടപ്പെട്ടു. അന്ന് രാത്രിയിൽ പോലീസ് സംഘമായി ഗ്രാമത്തിലെത്തി വീടുകളില്‍ കയറി ആക്രമണം അഴിച്ചുവിടുകയും ചെയ്യുകയായിരുന്നു.












Click it and Unblock the Notifications