'ദിലീപിനോടുള്ള വ്യക്തി വിരോധമായിരുന്നു പിന്നിൽ, അക്കൂട്ടത്തിൽ യുടൂബേഴ്സും ഉണ്ടായിരുന്നു';തിരക്കഥാകൃത്ത്
ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് പവി കെയർ ടേക്കർ. വലിയ പ്രതീക്ഷയോടെയാണ് ചിത്രം എത്തിയതെങ്കിലും സിനിമ പരാജയമായിരുന്നു. ഇപ്പോഴിതാ സിനിമ എന്തുകൊണ്ടാണ് തിരിച്ചടി നേരിട്ടതെന്ന് പറയുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് രാകേഷ് രാഘവൻ. സിനിമയുടെ പോസ്റ്റർ റിലീസാകുന്നതിന് മുൻപ് തന്നെ സിനിമയ്ക്കെതിരെ നെഗറ്റീവ് കാമ്പെയ്ൻ ഉണ്ടായെന്ന് രാകേഷ് പറയുന്നു. മാസ്റ്റർ ബിൻ ചാനലിനോടായിരുന്നു പ്രതികരണം.
'അരവിന്ദന്റെ അതിഥിക്ക് ശേഷം പല പ്രൊജക്ടും എന്നെ തേടി വന്നു. അതിനിടയിലാണ് ഈ പ്രൊജക്ട് വിനീതുമായി ചർച്ച ചെയ്യുന്നത്. അത് അദ്ദേഹത്തിന് വർക്കായി. ലാൽ ജോസിനോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഇത് ദിലീപിനെ വെച്ച് ചെയ്താൽ നന്നാകുമെന്ന്. അങ്ങനെയാണ് ദിലീപിനോട് കഥ പറയുന്നത്.

ദിലീപ് കഥ കേട്ടപ്പോൾ അപ്പോ തന്നെ ഇഷ്ടമായി സിനിമ നിർമ്മിക്കാമെന്ന് പറഞ്ഞു, അഡ്വാൻസ് തന്നു. പിന്നെ കൊവിഡ് വന്നു, കേസൊക്കെയായി ചില സാങ്കേതിക തടസം വന്നു, അങ്ങനെയാണ് സിനിമ നീണ്ടു പോയത്. അല്ലെങ്കിൽ 2020 ഇറങ്ങേണ്ട സിനിമയായിരുന്നു പവി കെയർടെയ്ക്കർ.
നടനെന്ന നിലയിൽ ബെസ്റ്റ് പെർഫോമറാണ് ദിലീപ്. ദിലീപ് ചെയ്യാത്ത എന്ത് തമാശയാണ് ഇവിടെയുള്ളത്. ഒരു ആർട്ടിസ്റ്റിന് നർമം തോന്നിയാലേ അയാൾ അത് സ്ക്രീനിൽ അവതരിപ്പിക്കുകയുള്ളൂ. മിമിക്രി ആർട്ടിസ്റ്റ് ആയി തുടങ്ങി ഇത്രയും ഹ്യൂമർ സിനിമ ചെയ്ത ഒരാൾക്ക് ചിരിക്കാൻ വല്ലതും ഉണ്ടോ സ്ക്രിപ്റ്റിൽ എന്നതായിരുന്നു ചിന്ത. പവി കെയർ ടെയ്ക്കർ ഒരു തമാശ സിനിമയല്ല. ആത്മാവുള്ള പ്രണയ സിനിമയാണ്.
ഒരു എഴുത്തുകാരൻ എന്ന നിലയിൽ നമ്മളെ ബഹുമാനിക്കുന്നയാളാണ് ദിലീപ്. നിർദ്ദേശങ്ങൾ ശ്രദ്ധിക്കും. പുള്ളി പെർഫോം ചെയ്യുന്നൊരു പാറ്റേൺ ഉണ്ട്. അതേ രീതിയിലേ പുള്ളി ചെയ്യൂ. ഒരു നടൻ എന്ന നിലയിൽ പുള്ളിയുടെ ഏറ്റവും നല്ല പെർഫോമൻസ് വന്ന സിനിമയാണ് പവി കെയർ ടെയ്ക്കർ.
ഓരോ കാലത്തും ഓരോ തരം സിനിമകളാണ് ആളുകൾ കാണുന്നത്. പ്രേമലുവും ആവേശവുമാണ് ഇന്നത്തെ കാലത്ത് സിനിമകളെ നിർവചിക്കുന്നതെന്ന് ഞാൻ കരുതുന്നില്ല. ഈ സിനിമകൾ ഇഷ്ടപ്പെടാത്തവരും ഇല്ലേ. ദിലീപ് എന്ന നടനിൽ നിന്നും ആളുകൾ പ്രതീക്ഷിക്കുന്ന ചില മാനറിസങ്ങൾ ഉള്ള സിനിമയാണ് പവി കെയർ ടേക്കർ. അത് എങ്ങനെയാണ് ആളുകൾ സ്വീകരിക്കുകയെന്നത് എന്റെ ചിന്തയല്ല.
സിനിമ റിലീസ് ചെയ്തപ്പോൾ അദ്ദേഹം എന്നെ വിളിച്ചിരുന്നു. വളരെ സന്തോഷത്തോടെയാണ് സംസാരിച്ചത്. സിനിമയ്ക്കെതിരെ വളരെ വലിയ ഹേറ്റ് ക്യാമ്പെയ്ൻ നടന്നിരുന്നു. കേട്ടുകേൾവിയില്ലാത്ത യുട്യൂബേഴ്സും വ്യാജ പ്രൊഫൈലിൽ നിന്നുള്ള കമന്റുകളുമെല്ലാം വന്നു. 2000ത്തിൽ കൂടുതൽ ഫേക്ക് കമന്റുകൾ വന്നു. സിനിമയുടെ പോസ്റ്റർ ഇറങ്ങിയപ്പോൾ തന്നെ പൊട്ടും എന്ന കമന്റ്സ് വന്നു. സിനിമ റിലീസ് ആയി ഒരാഴ്ചക്ക് ശേഷമാണ് നല്ല കമന്റ്സ് വന്ന് തുടങ്ങിയത്. എന്നാൽ ആ ഹേറ്റിനെയെല്ലാം അതിജീവിച്ച് സിനിമ ഓടി. ആ വ്യക്തിയോടുള്ള വ്യക്തി വിരോധം തീർത്തതായിരിക്കാം ഇത്. ദിലീപെന്ന പെർഫോമറെ നിങ്ങൾക്ക് തകർക്കാൻ പറ്റില്ല. നല്ല സിനിമകൾ ചെയ്യുമ്പോൾ അദ്ദേഹത്തെ ആളുകൾ ഏറ്റെടുക്കും.












Click it and Unblock the Notifications