'ദൃശ്യം മൂന്നാം ഭാഗത്തിൽ സഹദേവൻ വന്നേക്കാം, അല്ലാതെ ആ കഥാപാത്രങ്ങൾ ഒന്നും വരില്ല'; ജീത്തു ജോസഫ്
മലയാള സിനിമയിലെ മെഗാഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചും തന്റെ സിനിമകളെ കോർത്തിണക്കിയുള്ള സിനിമാറ്റിക് യൂണിവേഴ്‌സിനെ പറ്റിയും മനസ് തുറന്ന് സംവിധായകൻ ജീത്തു ജോസഫ്. പുതിയ ചിത്രമായ നുണക്കുഴിയുടെ വിശേഷങ്ങളുമായി സില്ലി മോങ്ക്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജീത്തുവിന്റെ പ്രതികരണം.
ദൃശ്യം മൂന്നാം ഭാഗം ഉണ്ടെങ്കിൽ അതിൽ കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രം തിരികെ വന്നേക്കാമെന്നാണ് ജീത്തു പറയുന്നത്. എന്നാൽ ജീത്തു ജോസഫ് ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ വച്ചുകൊണ്ട് ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് ആരംഭിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

'ജീത്തുവിന് ഒരു യൂണിവേഴ്‌സേ ഉള്ളൂ, അതാണ് ഈ കാണുന്നത്. എന്റെ ഒരു രീതി ഞാൻ പറയട്ടെ. മൊത്തത്തിൽ എല്ലായിടത്തും ഈ യൂണിവേഴ്‌സ് പരിപാടി നടക്കുന്നുണ്ട്. എന്നാൽ ഞാനും ഒരു യൂണിവേഴ്‌സ് അടിച്ചേക്കാം എന്ന് വിചാരിക്കുന്ന ആളല്ല ഞാൻ, എനിക്കതിനെ കുറിച്ച് അറിയില്ല. ഞാൻ അങ്ങനെ ചിന്തിക്കുന്ന ഒരാളേ അല്ല, ദൃശ്യത്തിന് രണ്ടാം ഭാഗം വന്നപ്പോൾ മാത്രമാണ് ഞാൻ പഴയ കഥാപാത്രങ്ങളിലേക്ക് പോയത്' ജീത്തു ജോസഫ് പറഞ്ഞു.
'ചിലർ ചിന്തിക്കുമായിരിക്കും, അതിങ്ങനെ ചെയ്‌താൽ നന്നായേനെ എന്ന്. എന്റെ ചിന്തകളിൽ അത് വരുന്നില്ല. അതൊരു കുറ്റമാണോ നല്ലതാണോ ചീത്തയാണോ എന്നൊന്നും എനിക്കറിയില്ല. ഭാവിയിൽ അത് സംഭവിക്കുമോ എന്ന കാര്യം ഞാനിപ്പോൾ എങ്ങനെ പറയും. എന്റെ ഇപ്പോഴത്തെ ചിന്തകളിൽ അത് വരുന്നില്ല എന്നാണ് ഞാൻ പറഞ്ഞത്' സംവിധായകൻ പറയുന്നു.
'ദൃശ്യം എന്ന് പറയുന്ന സിനിമയ്ക്ക് നാളെയൊരു മൂന്നാം ഭാഗം ഉണ്ടെങ്കിൽ ഒരു കാരണവശാലും പുറത്ത് നിന്നൊരു പുതിയ കഥാപാത്രത്തെയും ഞാൻ അതിൽ കൊണ്ട് വരില്ല. അപ്പോൾ ദൃശ്യത്തിന്റെ ചാരുത തന്നെ പോവും. ദൃശ്യം ജോർജ് കുട്ടിയ്ക്ക് വേണ്ടിയാണ് നിൽക്കുന്നത്. ചിലപ്പോൾ സഹദേവൻ വന്നേക്കാം, കാരണം സഹദേവൻ മുൻപേ ഉണ്ടായിരുന്ന ആളാണ്' ജീത്തു ജോസഫ് പറഞ്ഞു.
അതേസമയം, മോഹൻലാൽ നായകനായി എത്തിയ ജീത്തു ജോസഫിന്റെ മെഗാഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. 2013ൽ പുറത്തിറങ്ങിയ സിനിമ ആദ്യമായി മലയാളത്തിൽ നിന്ന് 50 കോടി കളക്ഷൻ നേടിയ ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. അതുവരെയുള്ള സകല കളക്ഷൻ റെക്കോർഡുകളും തകർത്തുകൊണ്ടായിരുന്നു ചിത്രത്തിന്റെ വരവ്.
ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്‌ത ചിത്രമെന്ന നേട്ടവും ദൃശ്യത്തെ തേടിയെത്തിയിരുന്നു. കന്നഡ, തെലുഗ്, തമിഴ്, ഹിന്ദി എന്നിങ്ങനെയായിരുന്നു ഈ ഭാഷകൾ, തമിഴിൽ കമലഹാസനും തെലുഗുവിൽ വെങ്കിടേഷും ബോളിവുഡിൽ അജയ് ദേവ്ഗണും മോഹൻലാൽ ചെയ്‌ത വേഷം അവതരിപ്പിച്ചു.
സിംഹള ഭാഷയിൽ ധർമ്മയുദ്ധയ (2017) എന്ന പേരിലും ചൈനീസ് ഭാഷയിൽ ഷെപ് വിത്തൗട്ട് എ ഷെപ്പേർഡ് (2019) എന്ന പേരിലും ചിത്രം റീമേക്ക് ചെയ്‌തിരുന്നു. ഇന്തോനേഷ്യൻ, കൊറിയൻ ഭാഷകളിലും ചിത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗവും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.












Click it and Unblock the Notifications