'സംഘടനാ പ്രശ്നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും ഇന്നോർക്കുമ്പോൾ': വിനയൻ
പൃഥ്വിരാജിന് അഭിനന്ദനവുമായി സംവിധായകൻ വിനയൻ. ആടുജീവിതം തിയറ്റുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നതിനിടയിലാണ് വിനയന്റെ കുറിപ്പ്. 2005 ൽ വിനയൻ പൃഥ്വിരാജിനെ വെച്ച് സംവിധനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രം 19 വർഷത്തിൽ എത്തിനിൽക്കുന്ന അവസരത്തിലാണ് സിനിമയെക്കുറിച്ചും പൃഥ്വിയെക്കുറിച്ചും വിനയൻ കുറിച്ചത്. 2005 ൽ ഏപ്രിൽ 1 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
അത്ഭുത ദ്വീപും സത്യവുമൊക്കെ കഴിഞ്ഞ് പത്തൊമ്പതു വർഷത്തിനു ശേഷം ആടു ജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തർ ദേശീയ തലത്തിൽ ശ്രദ്ധ നേടുന്ന നടനായി മാറിയിരിക്കുന്നുവെന്നതിൽ ഒത്തിരി സന്തോഷമുണ്ട് എന്ന് വിനയൻ കുറിച്ചു.

അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുമ്പോളുള്ള സംഘടനാ പ്രശ്നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ ഇന്നോർക്കുമ്പോൾ രസകരമായി തോന്നുന്നുമെന്നും അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതൽ ഭംഗിയായി ഒരു വലിയ ചിത്രമായി പ്രേക്ഷകർക്കു മുന്നിൽ എത്തിക്കാൻ കഴിയുമെന്നു കരുതുന്നുവെന്നും വിനയൻ കുറിച്ചു.
വിനയൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്:
2005 ഏപ്രിൽ ഒന്നിനാണ് അത്ഭുതദ്വീപ് റിലീസ് ചെയ്തത്. പരിമിതമായ ബഡ്ജറ്റിൽ ആയിരുന്നെങ്കിലും ഗിന്നസ് പക്രു ഉൾപ്പടെ മുന്നൂറോളം കൊച്ചുമനുഷ്യരെ പങ്കെടുപ്പിച്ച് വലിയ ക്യാൻവാസിലായിരുന്നു ചിത്രം പൂർത്തിയാക്കിയത് . അത്ഭുത ദ്വീപും സത്യവുമൊക്കെ കഴിഞ്ഞ് പത്തൊമ്പത് വർഷത്തിന് ശേഷം ആടു ജീവിതത്തിലൂടെ പൃഥ്വിരാജ് ഇന്ന് അന്തർ ദേശീയ തലത്തിൽ ശ്രദ്ധ നേടുന്ന നടനായി മാറിയിരിക്കുന്നു... ഒത്തിരി സന്തോഷമുണ്ട്..
അത്ഭുതദ്വീപ് ഷൂട്ട് ചെയ്യുമ്പോഴുള്ള സംഘടനാ പ്രശ്നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ ഇന്നോർക്കുമ്പോൾ രസകരമായി തോന്നുന്നു. അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം കൂടുതൽ ഭംഗിയായി ഒരു വലിയ ചിത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ കഴിയുമെന്ന് കരുതുന്നു, വിനയൻ കുറിച്ചു.
അതേ സമയം, ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ അഭിനയത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയ്ക്ക വേണ്ടി ഭാരം കൂട്ടിയും ഭക്ഷണം കഴിക്കാതെ ഭാരം കുറച്ചുമൊക്കെയാണ് താരം ട്രാൻസ്ഫർമേഷൻ നടത്തിയത്. നജീബ് എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതമാണ് സിനിമ പറയുന്നത്. ആടുജീവിതമെന്ന നോവലാണ് ആടുജീവിതം എന്ന പേരിൽ സിനിമയാക്കിയതും. യഥാർത്ഥ നജീബ് തന്നെ പൃഥ്വിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.












Click it and Unblock the Notifications