' ചൈനയിൽ 'ജോർജുകുട്ടി' കീഴടങ്ങി.. അതൊക്കെ അപൂർവ്വം സംഭവിക്കുന്ന കാര്യം'; മോഹൻലാൽ
മലയാളത്തിൽ വൻ വിജയം നേടിയ സിനിമയാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. തമിഴ്, തെലുങ്ക്സ ഹിന്ദി, കന്നട, സിംഹള ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. ഇതിനിടയിൽ ദൃശ്യത്തിന്റെ ചൈനീസ് റീമേക്കും സംഭവിച്ചിരുന്നു. ആദ്യമായാണ് ഒരു മലയാള ചിത്രം ചൈനീസ് ഭാഷയിൽ റീമേക്ക് ചെയ്തത്. ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്നാണ് ചിത്രത്തിന്റെ പേര്.മലയാളത്തിൽ ദൃശ്യം 2 ഉം സംഭവിച്ചു. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
ദൃശ്യം സിനിമ ഇറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ സിനിമയ്ക്കെതിരെ ഉണ്ടായ വിമർശനം ദൃശ്യത്തിലെ കുറ്റകൃത്യത്തിന്റെ രീതി അനുകരിച്ചുള്ള സംഭവങ്ങൾ ഉണ്ടാകുന്നുവെന്നതായിരുന്നു. ഇതോടെ 'ദൃശ്യം മോഡൽ' എന്ന പേരിലാണ് പലപ്പോഴും അത്തരം കുറ്റകൃത്യങ്ങളെ കുറിച്ച് വാർത്തകൾ വന്നിരുന്നത്. എന്നാൽ അത്തരത്തിൽ ദൃശ്യം സ്വാധീനിക്കുന്നു എന്നൊക്കെ പറയുന്നത് വെറുതെയാണെന്ന് പറയുകയാണ് ഇപ്പോൾ മോഹൻലാൽ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

' സിനിമ കണ്ട് അനുകരിക്കുന്നുവെന്ന് പറയുന്നതൊന്നും ശരിയല്ല. ചൈനയിൽ ദൃശ്യത്തിലെ ജോർജുകുട്ടി പോലീസിന് മുന്നിൽ കീഴടങ്ങി. അവർ പോലീസിനെ പറ്റിക്കാൻ സമ്മതിക്കില്ല. ഭദ്രന്റെ സ്ഫടികം കണ്ടിട്ട് ആളുകൾ മുണ്ടഴിച്ച് പോലീസിനെ അടിച്ചെന്നൊക്കെ കേട്ടിട്ടുണ്ട്. അവരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകില്ലേ. സിനിമയിൽ സ്വാധീനം ഉൾക്കൊണ്ട് കുറ്റകൃത്യം ഉണ്ടാകില്ല, ചിലപ്പോൾ അത്യപൂർവ്വം അങ്ങനെ സംഭവിച്ചേക്കാം, ബാങ്ക് കൊളളയൊക്കെ. ചില ബാങ്ക് കൊള്ള പോലുള്ള സംഭവങ്ങളിൽ നിന്നും സിനിമ ഉണ്ടായിട്ടുണ്ട്', മോഹൻലാൽ പറഞ്ഞു.
ദൃശ്യത്തിന് മുന്‍പും ശേഷവും ആ സിനിമയിലേതു പോലുള്ള കൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നായിരുന്നു മുൻപ് സിനിമയുടെ സംവിധായകനായ ജീത്തു ജോസഫ് പറഞ്ഞത്. ഒരു കുറ്റം ചെയ്താൽ അത് മറയ്ക്കാനുള്ള ശ്രമങ്ങൾ കുറ്റവാളികൾ നടത്തും. അതൊക്കെ എല്ലാ കുറ്റവാളികളും ചെയ്യുന്നതാണ്. ചിലപ്പോൾ സിനിമയില്‍ കാണുന്ന ഒരു കാര്യം ചിലരെ സ്വാധീനിച്ചേക്കാം. നേരത്തേ ഒരു കേസിൽ പ്രതികൾ അവരുടെ മൊബൈൽ ഫോൺ മറ്റൊരു ദിശയിൽ പോകുന്ന ട്രെയിനിൽ എറിഞ്ഞു. സിനിമയിൽ കണ്ടിട്ടാണ് ചെയ്തതെന്ന് പറഞ്ഞു. പക്ഷെ യാതൊരു കാര്യവും ഉണ്ടായില്ല. അവർ പിടിക്കപ്പെട്ടു. ദൃശ്യം സിനിമയിൽ ജോർജു കുട്ടി ചെയ്തത് പോലെയൊക്കെ ജീവിതത്തിൽ ചെയ്യാൻ ശ്രമിച്ചാൽ വേഗത്തിൽ പിടിക്കപ്പെടും. ആളുകളെ വിസ്മയിപ്പിക്കാനാണ് ഇത്തരത്തിലുള്ള രംഗങ്ങളൊക്കെ ചെയ്തത് എന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു.
അതേസമയം അടുത്തിടെ ദൃശ്യം 3യെ കുറിച്ച് ജിത്തു ജോസഫ് സംസാരിച്ചിരുന്നു. ദൃശ്യം 3യുടെ ക്ലൈമാക്സ് എല്ലാം മനസിൽ ഉണ്ട്. എന്നാൽ സിനിമ എന്ന് സംഭവിക്കും എന്ന കാര്യം ഇപ്പോൾ പറയാൻ പറ്റില്ലെന്നും ജിത്തു ജോസഫ് പറഞ്ഞു. 'സിനിമയുടെ ക്ലൈമാക്സിനെ കുറിച്ച് ലാൽ സാറിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ സിനിമയുടെ പ്രധാന ഭാഗം കിട്ടേണ്ടതുണ്ട്. അത് കിട്ടിയാൽ മാത്രമേ സിനിമ നടക്കൂ. അത് എപ്പോഴായിരിക്കും നടക്കുകയെന്ന് അറിയില്ല', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications