'ഫ്രണ്ട്‌സി'ലെ 'ചാന്‍ഡ്‌ലര്‍ ബിംഗ്': പ്രമുഖ ഹോളിവുഡ് താരം മാത്യു പെറി അന്തരിച്ചു
ന്യൂയോർക്ക്: "ഫ്രണ്ട്സ്" സീരിസിലെ ചാന്‍ഡ്‌ലര്‍ ബിംഗ് എന്ന കഥാപാത്രത്തിലുടെ പ്രശസ്തനായ പ്രമുഖ ഹോളിവുഡ് നടന്‍ മാത്യൂ പെറി അന്തരിച്ചു. ലോസ് ആഞ്ജലീസിലെ വസതിയിലെ താരത്തെ ഹോട് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. മരണ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ലോസ് അഞ്ജലീസ് പൊലിസ് വ്യക്തമാക്കി. പെറിയെ വിളിച്ച് കിട്ടാതിരുന്ന സാഹചര്യത്തിൽ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കവര്‍ച്ച, കൊലപാതകം തുടങ്ങിയ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഇത്തരം സാധ്യതകള്‍ പൊലീസ് തള്ളിയിട്ടുണ്ടെന്നാണ് വിവരം. ഹൃദയാഘാതത്തെ തുടർന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയതായിരിക്കമെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. വിവിധ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 1994 മുതൽ 2004 വരെ 10 സീസണുകളിലായി പുറത്തിറങ്ങിയ "ഫ്രണ്ട്സില്‍" ചാൻഡലർ ബിംഗിനെ അവതരിപ്പിച്ചതിലൂടെയാണ് പെറി കൂടുതൽ അറിയപ്പെടാന്‍ തുടങ്ങിയത്.

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മദ്യത്തിനും ലഹരി മരുന്നുകള്‍ക്കും താരം അടിമയായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ലഹരിയുടെ പിടിയില്‍ നിന്നും മുക്തനാകാന്‍ മാത്യു പെറി പലതവണ ചികിത്സ തേടുകയും ചെയ്തിരുന്നു. 2018-ൽ മയക്കുമരുന്ന് ഉപയോഗം മൂലം വൻകുടൽ പൊട്ടിയതുൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളും അനുഭവപ്പെട്ടിരുന്നു. ഒന്നിലധികം ശസ്ത്രക്രിയകളും മാസങ്ങളോളം കൊളോസ്റ്റമി ബാഗിന്റെ ഉപയോഗത്തിലൂടെയാണ് ഇതില്‍ നിന്നും മുക്തനായത്.
ഫ്രണ്ട്സിന്റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്കണ്ഠ അനുഭവിച്ചിരുന്നതായി അടുത്തിടെ നടന്ന താരങ്ങളുടെ ഒത്തുച്ചേരലില്‍ പെറി തന്നെ വ്യക്തമാക്കിയിരുന്നു. വലിയ രീതിയില്‍ ലഹരിക്ക് അടിമപ്പെട്ടിരുന്നതിനാല്‍ ഫ്രണ്ട്‌സില്‍ മൂന്ന് മുതല്‍ ആറ് വരെയുള്ള സീസണില്‍ അഭിനയിച്ചതുപോലും ഓര്‍മയില്ലെന്നും താരം ഒരിക്കല്‍ പറഞ്ഞിരുന്നു.
1979 ല്‍ പുറത്തിറങ്ങിയ 240 റോബര്‍ട്ട് എന്ന സീരീസിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മാത്യൂ പെറി. എ നൈറ്റ് ഇന്‍ ദ ലൈഫ് ഓഫ് ജിമ്മി റിയർഡ്, ഷി ഈസ് ഔട്ട് ഓഫ് കണ്‍ട്രോള്‍, ബേർഡ്സ് ഓഫ് അമേരിക്ക, ദി കിഡ്, സെര്‍വിങ് സാറ, ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്സ്, 17 ഏഗൈന്‍, ആള്‍മോസ്റ്റ് ഹീറോസ്, ത്രീ ടു ടാങ്കോ തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications