Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു പരിപ്പുവട കാരണം പാട്ടെഴുത്തുകാരനായ ഗിരീഷ് പുത്തഞ്ചേരി: എല്ലാത്തിനും കാരണം ആ മാഷ്

മലയാളികള്‍ക്ക് എന്നും ഓർത്തോർത്ത് പാടാന്‍ കഴിയുന്ന ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച അകാലത്തില്‍ പിരിഞ്ഞുപോയ ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. പദങ്ങളിലെ സ്വാധീനവും ഭാഷയുടെ വഴക്കവും ഗിരീഷ് പുത്തഞ്ചേരിയിലെ കവിയെ വേറിട്ടു നിർത്തി. 'തനിക്ക് മുമ്പുണ്ടായ മഹാസൂരികളുടെ മഹാപ്രതിഭാശാലികളുടെ പിന്തുടർച്ചക്കാരന്‍ തന്നെയാണ് ഞാന്‍, ആ കണ്ണിയിലെ എടുത്ത് മാറ്റാന്‍ കഴിയാത്ത ഒരു തുടർക്കണ്ണിയാണ് ഞാന്‍ എന്ന് നിശബ്ദമായി പ്രഖ്യാപിച്ച് വ്യക്തിയാണ് ഗിരീഷ് പുത്തഞ്ചേരി. കാലം ആ പ്രഖ്യാപനത്തിന് ശരിവെക്കുകയും ചെയ്തു' എന്നാണ് ജോണ്‍ പോള്‍ ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ച് പറഞ്ഞത്.

പഠനകാലത്ത് കോഴിക്കോട് ആകാശവാണി, എച്ച് എം വി, തരംഗിണി, മാഗ്ന സൗണ്ട്‌സ് എന്നീ റെക്കോഡിങ് കമ്പനികൾക്കുവേണ്ടി ലളിതഗാനങ്ങളെഴുതി കഴിവ് തെളിയിച്ച ഗിരീഷ് 1989 പുറത്തിറങ്ങിയ "എൻക്വയറി" എന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയാണ്‌ ചലച്ചിത്രഗാനരചനാരംഗത്തേക്ക് കടന്ന് വരുന്നത്. 1992ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ജയരാജ് സംവിധാനംചെയ്ത ജോണിവാക്കർ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയിൽ എന്ന ഗാനം അദ്ദേഹത്തിന്റെ എഴുത്ത് ജീവിതത്തില്‍ വഴിത്തിരിവായി.

gireesh-puthanchery

പരിപ്പുവട കാരണം പാട്ടെഴുത്തിലേക്ക്

യഥാർത്ഥത്തില്‍ ഒരു പരിപ്പ് വടയില്‍ നിന്നാണ് ഞാന്‍ പാട്ടുകാരന്‍ ആയതെന്നാണ് ഗിരീഷ് പുത്തഞ്ചേരി ഒരിക്കല്‍ പാതി തമാശയായും പാതി കാര്യമായും പറഞ്ഞത്. 'പരിപ്പുവട ചിലർക്ക് ഗ്യാസുണ്ടാക്കും. വായുസ്തംഭനവും വയറുവേദനയുമൊക്കെയുണ്ടാക്കും. പക്ഷെ എനിക്ക് പരിപ്പുവട ജീവിതത്തിന്റെ ഒരു വസന്താകലത്തേക്ക് തുറക്കുന്ന ഒരു ജാലകമാണ്. ഒരു പരിപ്പ് വടയില്‍ നിന്നാണ് ഞാന്‍ മലയാള സിനിമയിലെ പാട്ടെഴുത്തുകാരനായി മാറിയത്' ഗിരീഷ് പുത്തഞ്ചേരി പറഞ്ഞു.

സ്കൂളില്‍ പഠിക്കുന്ന കാലത്തേക്ക് എന്റെ ക്ലാസിലേക്ക് പ്യൂണായ അപ്പുക്കുട്ടന്‍ നായർ ഒരു മെമ്മോയുമായി വന്നു. ബുധനാഴ്ച നാട്ടിലെ തിയേറ്ററില്‍ ഒരു ബെനഫിറ്റ് ഷോ കളിക്കാന്‍ പോകുന്നുണ്ടെന്നാണ് മെമ്മോയില്‍ പറയുന്നത്. 40 പൈസ കൊടുക്കുന്നവർക്ക് സിനിമയില്‍ പോകാം. ആ സമയത്ത് 40 പൈസ കയ്യിലുണ്ടെങ്കില്‍ ഒരു നേരം വീട് പുലരും. എനിക്ക് 40 പൈസയെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല.

25 പൈസ ടിക്കറ്റിനും 15 പൈസ ടിക്കറ്റിനുമാണ്. ക്ലാസിലെ മറ്റെല്ലാവരും പൈസ കൊടുത്തു. അന്നൊക്കെ ഒരു സിനിമ കാണാന്‍ അവസരം കിട്ടുക എന്ന് പറഞ്ഞാല്‍ ഇന്നത്തേത് പോലെയല്ല. ഒന്നാമത് കുട്ടികളൊക്കെ സിനിമ കാണുക എന്ന് പറഞ്ഞാല്‍ സാമൂഹ്യ വിരുദ്ധ പ്രവർത്തനം പോലെയാണ്. ഏതെങ്കിലും ഒരു സിനിമയെങ്ങാനും കണ്ടാല്‍ നാട്ടില്‍ പറയുക അവനൊക്കെ നാഴികയ്ക്ക് നാല്‍പ്പത് വട്ടം സിനിമക്ക് പോകുന്നവനാണ് എന്നാണ്. അതായത് സിനിമ കാണുന്നത് ഒരു മഹാപാതകമാണ്.

വീട്ടിലെ സാഹചര്യം മോശം

എന്റെ വീട്ടിലെ സാഹചര്യം അതായിരുന്നില്ല. സിനിമയേയും കലയേയും സാഹിത്യത്തേയുമെല്ലാം സ്നേഹിക്കുന്ന ഒരു പശ്ചാത്തലം ഉണ്ടായിരുന്നു. അങ്ങനെ അമ്മയോട് ഞാന്‍ ചോദിച്ചു സിനിമക്ക് പോകാന്‍ ഒരു 40 പൈസ തരുമോയെന്ന്. അച്ഛന്‍ വീട്ടില്‍ തളർന്ന് കിടക്കുന്ന സമയാണ്. അമ്മ പറഞ്ഞത് നീ പോകണ്ട എന്നായിരുന്നു. പിന്നെ അതില്‍ ശാഠ്യമോ വാശിയോ ഇല്ല. കാരണം എനിക്ക് അറിയാം എന്റെ അമ്മ സങ്കടപ്പെടുന്നുണ്ടെന്നും ഗിരീഷ് പുത്തഞ്ചേരി പറയുന്നു.

ഞാന്‍ ആ സിനിമയെ അങ്ങനെ മനസ്സില്‍ നിന്നും പറച്ച് ഉപേക്ഷിച്ച് കളിഞ്ഞു. അയല്‍പ്പക്കത്തെ കുട്ടികളൊക്കെ സിനിമക്ക് വേണ്ടി ഒരുങ്ങുകയായിരുന്നു. അങ്ങനേയിരിക്കെ സിനിമ കാണാന്‍ പോകുന്ന ദിവസം 25 പൈസ തന്ന് സിനിമ കണ്ടോളൂ.. കാപ്പി കുടിക്കണ്ട എന്ന് പറഞ്ഞു. ആ പൈസ തന്നെ എവിടുന്നോ കടം വാങ്ങി തന്നതാണ്. എന്നെ സംബന്ധിച്ച് എനിക്ക് പെട്ടെന്ന് പ്രധാനമന്ത്രിപദം കിട്ടിയ ആളെപ്പോലെയായിപ്പോയി.

സിനിമ കാണാന്‍ തിയേറ്ററിലേക്ക്

പിറ്റേന്ന് നേരം വെളുക്കാന്‍ വേണ്ടി പ്രാർത്ഥിച്ചാണ് കിടപ്പ്. സ്കൂളില്‍ പോയി ടീച്ചറുടെ കയ്യില്‍ കാശ് കൊടുത്തപ്പോള്‍ 25 പൈസയുള്ളവരെ കൊണ്ടു പോകാനാകില്ലെന്ന് പറഞ്ഞു. കാപ്പി കുടിക്കണ്ടാന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ വ്യക്തമാക്കിയപ്പോള്‍ ടീച്ചർ അപ്പുറത്തെ ക്ലാസിലുണ്ടായിരുന്ന ഹെഡ് മാഷോട് ഇവനെ കൂട്ടാമോയെന്ന് ചോദിച്ചു. 'ആ അവനും പോന്നോട്ടെ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദൈവം അവിടെ ഹെഡ് മാഷുടെ തലയില്‍ കയറി ഇരുന്നതാണ്.

ഉയരക്രമത്തില്‍ കുട്ടികളെ നിർത്തി പാടത്തൂടേയും റോഡിലൂടെയുമൊക്കെ നാല് കിലോമീറ്റർ നടത്തിയാണ് കൊണ്ടുപോകുന്നത്. താറാവുകളെ കുട്ടനാടന്‍ പാടത്തൂടെ കൊണ്ടുപോകുന്നത് പോലെ ഞങ്ങളെ കൊണ്ടു പോകുകയാണ്. ഒരു വരി തെറ്റിയാല്‍ അപ്പോള്‍ ചന്തിക്ക് അടി കിട്ടും. ഓല മേഞ്ഞ തിയേറ്ററാണ്. ആദ്യം തന്നെ ഞാന്‍ കയറി ഇരുന്നത് മുമ്പിലെ സീറ്റിലാണ്. തൊട്ടടുത്താണ് ഫയർ എന്ന് എഴുതിയ ബക്കറ്റ്. അതിനും എനിക്കും ഇടയില്‍ ഒരു അടിയുടെ അകലമേയുള്ളു.

സത്യം പറഞ്ഞാല്‍ ഇന്നും എനിക്ക് സിനിമ കാണണമെങ്കില്‍ മുമ്പില്‍ ഇരിക്കണം. എങ്കിലെ സിനിമ ആസ്വദിച്ചു എന്ന ഒരു ബോധ്യം ഉണ്ടാകുകയുള്ളു. അങ്ങനെ സിനിമ തുടങ്ങി ഇടവേളയായി. ആ സമയത്ത് മാഷന്മാർ വന്ന് കാപ്പിക്ക് കാശുകൊടുത്തവരെല്ലാം പുറത്തേക്ക് വന്നോളൂ എന്ന് പറഞ്ഞു. എന്നെ പോലെ കാപ്പിക്ക് കാശുകൊടുക്കാത്ത മറ്റ് ചിലരും അതിന് അകത്തുണ്ടായിരുന്നു.

പരിപ്പുവടയുടെ മണം

ഞങ്ങളുടെ കൂടെയുള്ളവർ കാപ്പി കഴിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോള്‍ ഈ പരിപ്പിന്റേയും പച്ചമുളകിന്റേയും കറിവേപ്പിലയുടേയും ഇഞ്ചിയുടേയും ഒരു മണം ഈ തിയേറ്ററിന്റെ അകത്തേക്ക് വന്നു. ഒരു കഷ്ണം പരിപ്പുവട കിട്ടിയിരുന്നെങ്കിലെന്ന് അന്ന് ഞാന്‍ വല്ലാതെ മോഹിച്ചു. ഈ മാഷന്മാർ ആരെങ്കിലും വന്ന് പൈസ കൊടുക്കാത്ത കുട്ടികളും വന്ന് പരിപ്പുവട കഴിച്ചോളൂ എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇന്ന് സിനിമ പാട്ടെഴുത്തുകാരന്‍ ആയിട്ടുണ്ടാകില്ലെന്നും ഗിരീഷ് പുത്തഞ്ചേരി പറയുന്നു.

അങ്ങനെ പടത്തിന്റെ സെക്കന്‍ഡ് ഹാഫ് തുടങ്ങുന്നു, പഠം കഴിയുന്നു. അങ്ങോട്ട് പോയത് പോലെ തന്നെ താറാവുകളെപ്പോലെ തിരിച്ചു കൊണ്ടുവരുന്നു. ഈ നടന്ന് വരുന്ന രണ്ടായിരത്തിച്ചില്ലാനം കുട്ടികളില്‍ ഞാന്‍ മാത്രം ഒരു സൂത്രം ചെയ്തിരുന്നു. അതായത് ആ പടത്തിലെ അഞ്ച് പാട്ടുകളും പഠിച്ചിരുന്നു. ഒരു പരിപ്പുവട തിന്നാന്‍ നിവൃത്തിയില്ലാതിരുന്ന എനിക്ക് സിനിമയിലേക്ക് വരണം എന്ന് തോന്നിയത് അന്നാണ്.

നടനൊന്നും ആകാനുള്ള യോഗ്യതയില്ലെന്ന് എനിക്ക് അന്ന് തന്നെ മനസ്സിലായിരുന്നു. അന്നൊക്കെ നടന്മാരെ കാണാന്‍ ഭംഗി വേണം. ഇന്ന് ആർക്കും അഭിനയിക്കാം. അതോടെയാണ് എന്റെ പരിപാടി സ്ക്രീനിന് പുറകിലാക്കാം എന്ന് തീരുമാനിക്കുന്നത്. അവിടെയാകുമ്പോള്‍ ആരും കാണില്ലാലോ. ഈ അഞ്ച് പാട്ടും പഠിച്ചു എന്നുള്ള സ്ഥിതിക്ക് പാട്ടെഴുതാന്‍ ഞാന്‍ തീരുമാനിക്കുന്നത് ആ ദിവസമാണ്.

ആ സിനിമയിലെ പാട്ട് ഭാസ്കരന്‍ മാഷുടേതായിരുന്നു.

'കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ - എനിയ്ക്കു
കണ്ണുകളെന്തിനു വേറെ

കാണാനുള്ളത് കരളില്‍ പകരാന്‍
കാണാനുള്ളത് കരളില്‍ പകരാന്‍
ഞാനുണ്ടല്ലോ ചാരെ - കണ്ണായ്
ഞാനുണ്ടല്ലോ ചാരെ

കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ - എനിയ്ക്കു
കണ്ണുകളെന്തിനു വേറെ' ഖദീജ എന്ന ചിത്രത്തിലെ ആ മനോഹര ഗാനം പാടിക്കൊണ്ട് ഗിരീഷ് പുത്തഞ്ചേരി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+