ബാലയ്ക്കെതിരെ അമൃതക്കൊപ്പം ഗോപി സുന്ദറും; വീഡിയോ പങ്കുവെച്ചു, കുറിച്ചത് ഇങ്ങനെ
കൊച്ചി: ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലുള്ള ലിവ് ഇൻ റിലേഷനും ഇരുവരുടേയും അകൽച്ചയുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇരവരും തമ്മിൽ പിരിഞ്ഞെന്നാണ് അഭ്യൂഹങ്ങൾ. ഒന്നിച്ചുള്ള ഫോട്ടോകളോ പോസ്റ്റുകളോ ഒന്നും തന്നെ കുറച്ചുമാസങ്ങളായി ഇരുവരും പങ്കുവെയ്ക്കാത്തതാണ് ഇത്തരം ചർച്ചകൾക്ക് വഴിവെച്ചത്.
അതിനിടയിൽ ഇപ്പോഴിതാ അമൃത സുരേഷിന്റെ വീഡിയോ പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദർ. നടനും മുൻ ഭർത്താവുമായ ബാലയ്ക്കെതിരെ അമൃത സംസാരിക്കുന്നതാണ് വീഡിയോ.

ബാലയുടെ ആരോപണങ്ങൾക്കെതിരെ അഭിഭാഷകർക്കൊപ്പം എത്തി ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകുന്ന വീഡിയോ അമൃത പങ്കുവെച്ചിരുന്നു. വിവാഹ മോചനത്തിന് കാരണം കാണാൻ പാടില്ലാത്തത് കണ്ടതിനാലാണെന്നും മകളെ കാണാൻ അനുവദിക്കുന്നില്ല, തനിക്കെതിരെ പോക്സോ കേസ് ചുമത്തി തുടങ്ങിയ ആരോപണങ്ങൾക്കായിരുന്നു അമൃത മറുപടി നൽകിയത്.
ബാലയുടെ ആരോപണങ്ങൾ കള്ളമാണെന്നാണ് വീഡിയോയിൽ അഭിഭാഷകരും അമൃതയും വ്യക്തമാക്കിയത്. മകളെ കാണാനായി നിയമപരമായ ഉടമ്പടി പ്രകാരം ഒരിക്കൽ പോലും ബാല വന്നിട്ടില്ലെന്ന് വീഡിയോയിൽ അമൃത പറയുന്നുണ്ട്. മാത്രമല്ല ബാലയ്ക്കെതിരെ താൻ പോക്സോ കേസ് കൊടുത്തില്ലെന്നും തന്നെ തേജോവധം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ആരോപണം എന്നും അമൃത വീഡിയോയിൽ പറയുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ ഗോപി സുന്ദർ പങ്കിട്ടിരിക്കുന്നത്. 'അഭിമാന നിമിഷം ഹാപ്പി ട്രൂ ന്യൂയർ' എന്ന വരികളോടെയാണ് പോസ്റ്റ്.
സാധാരണഗതിയിൽ രൂക്ഷമായ കമന്റ്റ് ബോക്സ് ആക്രമണം നേരിടാറുള്ള ഗോപി സുന്ദർ ഇത്തവണ കമന്റ്റ് ബോക്സ് അടച്ച ശേഷമാണ് പോസ്റ്റ് ഇട്ടിട്ടുള്ളത്. ഇൻസ്റ്റഗ്രാമിൽ അമൃതയുടെ വീഡിയോ ഗോപി സുന്ദർ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നേരത്തേ ഗോപി സുന്ദറിനെതിരേയും ബാല ആരോപണം ഉന്നയിച്ചിരുന്നു. ഗോപി സുന്ദർ പക്കാ ഫ്രോഡാണെന്നും തന്നെ വഞ്ചിച്ചെന്നുമായിരുന്നു ബാല പറഞ്ഞത്. 'വളരെ മോശം ക്യാരക്ടറാണ് ഗോപി സുന്ദറിന്റേത്. അയാളൊരു ഫ്രോഡാണ്. അതിലെന്താണ് സംശയം? സത്യമായും വ്യക്തിപരമായ പ്രശ്നം ഉണ്ടായത് കൊണ്ടല്ല പറയുന്നത്. ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ ഒരു മലയാളിയും പിന്നെ അയാളെ അംഗീകരിക്കില്ല. നിന്റെ അമ്മ വരെ ചെരുപ്പെടുത്ത് അടിക്കും. ഗോപി സുന്ദറിനെ കുറിച്ച് പലരോടും പോയി ചോദിച്ച് നോക്കൂ, ഗ്രൂപ്പ് ആക്ടിവിറ്റി എന്ന് പറയും. ഇതിനപ്പുറം ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല', എന്നായിരുന്നു ബാല പറഞ്ഞത്.
എന്നാൽ ഒരിക്കൽ പോലും ഇത്തരം ആരോപണങ്ങളോട് ഗോപി സുന്ദർ പ്രതികരിച്ചിരുന്നില്ല. ഇതാദ്യമായാണ് പരോക്ഷമായെങ്കിലുമുള്ള പ്രതികരണം. 'സത്യമെന്തെന്ന് അറിഞ്ഞിട്ടും അവർ പറയുന്ന കള്ളം കേൾക്കുന്നു', എന്ന വരികൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും ഗോപി സുന്ദർ പങ്കിട്ടിട്ടുണ്ട്. എന്നാൽ ഇതിൽ പറയുന്നത് ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തമല്ല.












Click it and Unblock the Notifications