ഹാപ്പി ബർത്ത്ഡെ എസ്പിബി: ഓർമകളുടെ താരാപഥത്തില്‍ നമുക്കൊപ്പം 'ജീവിക്കുന്ന' അതുല്യ ഗായകന്‍
ഇന്നിപ്പോൾ അദ്ദേഹം ഏഴെന്നും ഒമ്പതെന്നും എഴുതിയ മെഴുകുതിരികൾക്ക് മുകളിൽ ചെറുതായി ആടിക്കൊണ്ടിരുന്ന തിരിനാളങ്ങൾ ഊതിക്കെടുത്തിയേനെ. ഒരു മൂലക്ക് പോയിരുന്ന് നല്ലൊരു കഷ്ണം കേക്ക് രുചിയറിഞ്ഞ് കഴിച്ചേനെ. തടി, ശബ്ദം എന്നൊക്കെ ആരെങ്കിലും ഓർമപ്പെടുത്തിയിരുന്നെങ്കിൽ ചെറിയ ചിരിയിൽ വികൃതി വിരിയിക്കുന്ന മുഖവുമായി , വാഴ്കൈ മുഖ്യം, ലൈഫ് എൻജോയ് പണ്ണ വിടപ്പാ...എന്ന് പറഞ്ഞേനെ...അതേയ്, നമ്മുടെ പ്രിയപ്പെട്ട എസ് പി ബാലസുബ്രഹ്മണ്യം ഇന്ന് എഴുപത്തിയൊമ്പതാം പിറന്നാൾ ആഘോഷിച്ചേനെ. കുടുംബത്തിനൊപ്പം ഈ ലോകമാകെയും ഹാപ്പി ബർത്ത്ഡെ ഡിയർ എസ്പിബി എന്ന് പാടിയേനെ
സംഗീതപ്രേമികൾ സപ്തസ്വരങ്ങൾക്കൊപ്പം ചേർത്തു വെച്ച മൂന്നക്ഷരം മാഞ്ഞു പോയിട്ട് ഈ സെപ്തംബറിൽ അഞ്ച് കൊല്ലമാകും. കൊവിഡെന്ന കെട്ടകാലം ബാക്കിവെച്ച ഓർമകളിലൊന്ന്. ആന്ധ്രയിൽ ജനിച്ച് 74 കൊല്ലത്തിനിപ്പുറം ചെന്നൈയിൽ വെച്ച് മരിച്ച ശ്രീപതി പണ്ഡിതരാധ്യൂല ബാലസുബ്രഹ്മണ്യം എന്ന എസ് പി ബി എങ്ങനെയാണ് എന്തു കൊണ്ടാണ് തെലുങ്കും തമിഴും ഉൾപെടെ പതിനാറ് ഭാഷകളിലും സംഗീതത്തിന്റെയും സൗഹൃദത്തിന്റെയും പര്യായമായത്?

ഹരികഥാ കലാകാരനായിരുന്ന അച്ഛന്റെ കയ്യിൽ നിന്ന് കിട്ടിയ കലാവാസന പഠനകാലത്തെ മത്സരവേദികളിൽ പാടിത്തെളിയാൻ മാത്രം പുറത്തെടുത്ത എസ് പിബി ആഗ്രഹിച്ചിരുന്നത് എഞ്ചിനീയറാകാനും ഗസറ്റഡ് റാങ്കിൽ സർക്കാർ ജോലിയിൽ കയറി കാറിന്റെ മുൻസീറ്റിലിരുന്ന് പോകാനും. കഴിവുള്ളവന്, അക്കാര്യത്തിൽ വിനയാന്വിതനായവന് കാലം അവസരം കാത്തു വെക്കും. കാരണം ഒരു മത്സരവേദിയിൽ വിധി നിർണയത്തിന് എത്തിയത് പിന്നീട് ചലച്ചിത്രഗാനരംഗത്ത് വഴികാട്ടിയും മാർഗദർശിയുമായ എസ് പി കോദണ്ഡപാണി.
1966 ഡിസംബറിൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിലൂടെ ചലച്ചിത്രഗായകനായി അരങ്ങേറ്റം. പിന്നെ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്ര. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം തുടങ്ങി ദക്ഷിണേന്ത്യൻ ഭാഷകളിൽ വെന്നിക്കൊടി പാറിച്ചു. ഹിന്ദി ഉൾപെടെ 16 ഭാഷ. എല്ലായിടത്തും എസ്പിബിയുടെ ഒപ്പം ചേർത്തുവെച്ച ഹിറ്റ് കോംബോ , തലമുറകൾ മാറി വന്നു. എസ് പിബി കെ വി മഹാദേവൻ, എസ്പിബി ഇളയരാജ, എസ്പിബി എ ആർ റഹ്മാൻ, എസ്പിബി എം എസ് വിശ്വനാഥൻ , എസ്പിബി ഹംസലേഖ അങ്ങനെ അങ്ങനെ. ശാസ്ത്രീയ സംഗീതം പഠിക്കാതെ ശങ്കരശാസ്ത്രികളുടെ ശബ്ദമായി മാനസ സഞ്ചരരേയും സാമജവരഗമനയും പാടി.
പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സന്താപത്തിലും കമലഹാസന്റേയും രജനീകാന്തിന്റേയും ചിരഞ്ജീവിയുടെയും സൽമാൻഖാന്റേയും ശബ്ദമായി. ലത മങ്കേഷ്കറും എസ് ജാനകിയും പി സുശീലയും ചിത്രയും സുജാതയുമെല്ലാം എസ്പിബിക്കൊപ്പം ചേർന്ന് സമ്മാനിച്ചത് വമ്പൻ ഹിറ്റുകൾ. കമലഹാസൻ തെലുങ്ക് പ്രേക്ഷകരോട് സംസാരിച്ചത് എസ്പിബിയുടെ ശബ്ദത്തിലായിരുന്നു. പിന്നെയും നടൻമാർക്ക് അദ്ദേഹം ശബ്ദം പകർന്നു. കാതലനിൽ മകന്റെ പ്രേമത്തെ പിന്തുണച്ച അച്ഛനെ പോലെ, തിരുട തിരുടായിലെ സിബിഐ ഓഫീസറെ പോലെ ചില കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നും പ്രേക്ഷകരെ രസിപ്പിച്ചു.
ജന്മസിദ്ധമായ കഴിവുകളുടെ ഈ അവിസ്മരണീയ പ്രകടനങ്ങളല്ല അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. രാജ്യം നൽകി ആദരിച്ച മൂന്ന് പദ്മ അവാർഡുകളോ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളോ എണ്ണമറ്റ സംസ്ഥാന അവാർഡുകളോ മറ്റ് അംഗീകാരങ്ങളോ അല്ല. പിന്നെ എന്താണ്?

വ്യക്തിജീവിതത്തിലും കലാജീവിതത്തിലും കാത്തു സൂക്ഷിച്ച സത്യസന്ധതയും എളിമയും എസ്പിബിയെ എന്നും എപ്പോഴും വേറെ ലെവലിൽ നിർത്തുന്നു. ശാസ്ത്രീയമായി സംഗീതം പഠിക്കാത്തതു കൊണ്ടാണ് , ആ വരികളുടെ ആരോഹണവും അവരോഹണവും ഒന്ന് പറഞ്ഞു തരൂ, ഇതേതാണ് രാഗം എന്നറിയില്ല എന്നൊക്കെ തന്റെ പിൻമുറക്കാരോട് ചോദിച്ചറിയാൻ ഒരു വൈഷമ്യവും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. പുതിയ പുതിയ ഗായകരും പുതിയ പുതിയ സാങ്കേതിക വിദ്യയും വരുന്ന മുറക്ക് എനിക്ക് വരുന്ന പാട്ടവസരങ്ങളും കുറയുന്നുണ്ട് എന്ന് തുറന്നു പറയാൻ ഒരു ഈഗോയും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
തനിക്ക് ശേഷം പ്രളയമാണെന്ന് അദ്ദേഹം കരുതിയതേയില്ല. താനാണ് സംഗീതലോകത്തെ പകരം വെക്കാനില്ലാത്ത ചക്രവർത്തിയെന്ന് ഒരു വാശിയും ഒരു കാലത്തും കാണിച്ചില്ല. വിനയം എക്കാലത്തും കൊണ്ടു നടന്നു. സിനിമയിലേക്ക് കൈ പിടിച്ചു കയറ്റിയ എസ് പി കോദണ്ഡപാണിയാണ് തന്റെ ഗുരു എന്ന് പറയുക മാത്രമല്ല അദ്ദേഹം ചെയ്തത്. സ്റ്റുഡിയോക്കും നിർമാണകമ്പനിക്കുമെല്ലാം ഗുരുവിന്റെ പേര് നൽകി അദ്ദേഹം ഗുരുദക്ഷിണയും നൽകി.
ഒരു ദിവസം പാടിയ പാട്ടുകളുടെ പേരിലും ഒരു സംഗീതസംവിധായകന് വേണ്ടി ഒരൊറ്റ ദിവസം കൂടുതൽ പാട്ടുകൾ പാടിയതിന്റെ പേരിലുമൊക്കെ റെക്കോഡ് ഇട്ട കാലത്ത് കുടുംബത്തെ നോക്കാനോ മക്കളുടെ സ്കൂളിൽ പോകാനോ ഒന്നും പറ്റാത്തതിൽ നല്ല കുറ്റബോധവും വിഷമവും ഉണ്ടെന്ന് തുറന്നു പറയാൻ മടിയില്ലാത്ത കുടുംബനാഥൻ. ( പൊതുവെ നമ്മൾ കാണാറ്, അതെല്ലാം ഭാര്യയാണ് നോക്കാറുള്ളതെന്ന ഒറ്റ വാചകത്തിൽ കടമ തീർക്കുന്നവരെയാണ്, ഇവിടെയോ സാവിത്രിയുടെ നല്ല മനസ്സിനോട് നന്ദി പറയുകയും ഒപ്പം നിൽക്കാൻ പറ്റാത്തതിൽ ക്ഷമ പറയുകയും ചെയ്യുന്നതും ).

പഥ്യം നോക്കാറില്ലെന്നും ജീവിതം ആസ്വദിക്കാൻ മറന്നു പോകാറില്ലെന്നും വർഷങ്ങളോളം സിഗരറ്റ് വലിച്ചതും തുറന്നു പറയാൻ ഒരു ബുദ്ധിമുട്ടും ഇല്ലാത്തയാൾ. മുഹമ്മദ് റാഫിയും റാഫിയോടുള്ള ആരാധന തുറന്നു പറയുന്ന, ഒപ്പം പാടുന്ന പാടിയ എല്ലാ കലാകാരൻമാരേയും കലാകാരികളേയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത കലാകാരൻ. ആ ബഹുമാനം കാട്ടിക്കൂട്ടലായിരുന്നില്ല. ആ എളിമ ഏച്ചുകൂട്ടലായിരുന്നില്ല.
ശാസ്ത്രീയമായി സംഗീതം പഠിക്കാതെ തന്നെയും സന്തോഷത്തിന്റെ മോഹനമായും മഴയുടെ തണുപ്പെത്തിക്കുന്ന അമൃതവർഷിണിയായും സങ്കടത്തിന്റെ ശുഭപന്തുവരാളിയായും ആനന്ദിപ്പിക്കുന്ന ശങ്കരാഭരണമായും താരാട്ടിന്റെ നീലാംബരിയായും അദ്ദേഹം നമുക്ക് ചുറ്റും പെയ്തിറങ്ങി.
മണ്ണിൽ ഇന്ത കാതൽ പാടാൻ ശ്വാസമടക്കിപ്പിടിച്ചപ്പോഴും ഇളയനിലാ പാടി നിലാവിന്റെ വെള്ളിവെളിച്ചം വീഴ്ത്തിയപ്പോഴും ഹം ആപ്കേ ഹേ കോൻ എന്ന് ചേദിച്ചപ്പോഴും ഒരുവൻ ഒരുവൻ മുതലാളി എന്ന് ആവേശമുയർത്തിയപ്പോഴും കാതലിക്കും പെണ്ണിനായി നൃത്തം വെച്ചപ്പോഴും താരാപഥത്തെ ചേതോഹരമാക്കിയപ്പോഴും ഹൃദയം കൊണ്ടാണ് എസ്പിബി പാടിയത്.
മത്സരിച്ച് ജയിക്കാനല്ല, സന്തോഷിക്കാനും സന്തോഷിപ്പിക്കാനുമാണ് അദ്ദേഹം പാടിയത്. ചെയ്ത ചെറിയ വേഷങ്ങളും അങ്ങനെ തന്നെ. തിരുടാ തിരുടായിൽ പ്ലാറ്റ് ഫോമിൽ കൂടി കുറച്ച് വേഗത്തിൽ നടക്കുമ്പോൾ എസ്പിബിയുടെ കഥാപാത്രം പറയുന്നുണ്ട്, ഇതിലും വേഗത്തിൽ ഞാൻ നടന്നാൽ ഈ പ്ലാറ്റ് ഫോം തന്നെ കുലുങ്ങുമെന്ന്. ആ നർമവും സമീപനവും അദ്ദേഹത്തിന്റെ ജീവിതത്തോടും ചേർന്ന് നിന്നു.
ഒരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, സാധിക്കുമെങ്കിൽ ഞാൻ മരിക്കില്ല. എനിക്ക് എന്റെ ജീവിതം ഇഷ്ടമാണെന്ന്. ശരിയാണത്. എസ്പിബിക്ക് മരണമില്ല. പാടിയ നൂറുകണക്കിന് പാട്ടുകളിലൂടെ ചെറുചിരിയോടെ നമ്മളോട് പങ്കുവെച്ച വർത്തമാനങ്ങളിലൂടെ ചില സിനിമാവേഷങ്ങളിലൂടെ കുറേ സിനിമകളിലെ നായകൻമാരുടെ ഡയലോഗുകളിലൂടെ ചില സിനിമകളുടെ നിർമാണ ക്രെഡിറ്റിലൂടെ എസ്പിബി നമുക്കൊപ്പം ജീവിക്കുന്നു. എന്നും എപ്പോഴും...
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications