'മലയാളത്തിൽ നിന്ന് എനിക്ക് ഒരിക്കലും ആ പരിഗണന ലഭിച്ചിട്ടില്ല, തമിഴിൽ അങ്ങനെ ആയിരുന്നില്ല'; സാജു നവോദയ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടൻമാരിൽ ഒരാളാണ് സാജു നവോദയ. ഈ പേര് കേട്ടാൽ ചിലപ്പോൾ മനസിലായില്ലെങ്കിലും പാഷാണം ഷാജി എന്ന് പറയുമ്പോൾ അറിയാത്തവർ ചുരുക്കമായിരിക്കും. മഴവിൽ മനോരമയിലെ കോമഡി പരിപാടിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സാജു ഇപ്പോൾ സിനിമയിൽ സജീവമാണ്. വെള്ളിത്തിരയിലേക്ക് എത്തിയപ്പോഴും സാജുവിന്റെ ജനപ്രീതിക്ക് ഒരു കോട്ടവും വന്നിട്ടില്ല.
അടുത്തകാലത്തായി സ്‌റ്റേജ് ഷോകളിലും അമ്മ സംഘടനയുടെ പരിപാടികളിലും ഉൾപ്പെടെ സജീവമായി പങ്കെടുക്കുന്നുണ്ട് സാജു നവോദയ. ഇതിനിടയിൽ ചെയ്‌ത തമിഴ് ചിത്രത്തിലെ വേഷം താരത്തിന്റെ കരിയർ തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ളതായിരുന്നു. ബ്ലൂ സ്‌റ്റാർ എന്ന സ്‌പോർട്‌സ് ഡ്രാമയിലൂടെയാണ് സാജു തമിഴിലേക്ക് അരങ്ങേറ്റം കുറിച്ചത്.

ചിത്രത്തിലെ പ്രധാന വേഷമായ ബുള്ളറ്റ് ബാബു എന്ന കഥാപാത്രം വലിയ പ്രേക്ഷക പ്രശംസയാണ് താരത്തിന് നേടി കൊടുത്തത്. ഇപ്പോഴിതാ ഇതിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സജു. തമിഴിൽ നിന്നും ലഭിച്ച പരിഗണന മലയാളത്തിൽ നിന്ന് കിട്ടിയില്ലെന്നാണ് സാജു പറയുന്നത്. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
സാജു നവോദയയുടെ വാക്കുകൾ
ബ്ലൂ സ്‌റ്റാറിലൂടെ ആദ്യമായിട്ടാണ് എന്റെ പടത്തിൽ ഇങ്ങനെയൊരു ഇൻട്രോ എനിക്ക് കിട്ടുന്നത്. ഭയങ്കര ബിൽഡ് അപ്പൊക്കെ ചെയ്‌തിട്ടാണ് എനിക്ക് ഇൻട്രോ തന്നത്. ഒരു ഗ്രൗണ്ടിൽ ആയിരുന്നു ഷൂട്ട് നടന്നു കൊണ്ടിരുന്നത്. അവിടെ ശന്തനു, അശോക് സെൽവൻ എന്നിങ്ങനെ മൂന്ന് നാല് പേരുണ്ടായിരുന്നു. എന്റെ ഷൂട്ട് കഴിഞ്ഞാൽ എന്നെ കാരവനിലേക്ക് കൊണ്ട് പോവുകയായിരുന്നു ചെയ്യാറുള്ളത്. പക്ഷേ ഇവർ ഷൂട്ട് കഴിഞ്ഞാൽ ആ വെയിലത്ത് ഗ്രൗണ്ടിൽ കസേരയിട്ട് ഇരിക്കും, അടുത്ത സീനിനെ കുറിച്ച് ഡിസ്‌കസ് ചെയ്യും.
അതാണ് അവരുടെ ഡെഡിക്കേഷൻ, മലയാളത്തിൽ നമ്മൾ ചെയ്യാറുള്ളത് അടുത്ത സീൻ ആവുമ്പോൾ അസിസ്‌റ്റന്റ് ഡയറക്‌ടർ പോയി വിളിക്കുന്നതാണ്. ഇത് അവർ അവിടെ തന്നെ ഇരിക്കുകയാണ് ഞാൻ നോക്കുമ്പോൾ. ആദ്യമായി അവിടെ അഭിനയിക്കുന്നതിൽ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ടെൻഷൻ ഒക്കെ അടിച്ചാൽ അഭിനയം കുളമാകും. സഹായത്തിന് സംവിധായകനും ക്രൂവും ഒക്കെ കൂടെ തന്നെയുണ്ടായിരുന്നു.
തമിഴ് ഡയലോഗ് കറക്റ്റ് വന്നില്ലെങ്കിലും കുഴപ്പമില്ലെന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ നമ്മൾ ഈ പലിശക്കാരോട് പണം കടമെടുത്ത് ശീലമുള്ളത് കൊണ്ട് അത്യാവശ്യം തമിഴ് ഒക്കെ അറിയാമായിരുന്നു. പക്ഷേ നമ്മൾ സംസാരിക്കുന്ന തമിഴ് അല്ലാലോ അതിൽ വരുന്നത്. ഞാൻ അവിടെ തിയറ്റർ പ്രമോഷന് ഒക്കെ പോയിട്ടുണ്ട്. എനിക്ക് ഭയങ്കര കൈയടിയും പിന്നെ ബഹളവും ഒക്കെയായിരുന്നു അവിടെ നിന്ന് ലഭിച്ചത്. അതൊക്കെ വലിയ സന്തോഷം.
അഭിനന്ദന വാക്കുകൾ ഒക്കെ മലയാളത്തിൽ നിന്നും കിട്ടാറുണ്ട്. പക്ഷേ, ഇതുപോലെ ഒരു എൻട്രി മ്യൂസിക്കും മറ്റുമുള്ള സീനൊന്നും ഇവിടെ കിട്ടിയിരുന്നില്ല. അത്തരം പരിഗണനകൾ കിട്ടിയിരുന്നില്ല. നമ്മുടെ പ്രകടനം കാണുമ്പോൾ മുതിർന്ന നടൻമാർ ഒക്കെ വിളിക്കാറുണ്ട്. ലാലേട്ടൻ ഒക്കെ സ്‌കിറ്റ് കണ്ടിട്ടൊക്കെ വിളിക്കുകയും ഒരുപാട് നേരം സംസാരിക്കുകയും ഒക്കെ ചെയ്‌തിരുന്നു.
പുള്ളി മേക്കപ്പ് റൂമിലൊക്കെ ഇരുന്ന് കൊണ്ട് ഇതൊക്കെ കാണാറുണ്ടെന്ന് കേട്ടിട്ടുണ്ട്. മമ്മൂക്കയും സ്‌കിറ്റിനെ കുറിച്ചൊക്കെയാണ് ചോദിക്കാറുള്ളത്. പൊതുവെ അവരൊക്കെ സ്‌കിറ്റ് തന്നെയാണ് ശ്രദ്ധിക്കാറുള്ളത്. ഇവരുടെ ഒക്കെ മുൻപിൽ അവാർഡ് നൈറ്റ് ഒക്കെ വരുമ്പോൾ സ്‌കിറ്റ് കളിക്കാറുണ്ടല്ലോ. ലാലേട്ടനും മമ്മൂക്കയ്ക്കും ഒക്കെ എല്ലാ ആർട്ടിസ്‌റ്റുകളെയും അറിയാം. കോമഡി പരിപാടിയാണ് ഏറ്റവും കൂടുതൽ കാണുന്നതെന്ന് തോനുന്നു.












Click it and Unblock the Notifications